ADVERTISEMENT

തിരുവനന്തപുരം ∙ ഭാഗികമായി പ്രവർത്തനം നിലച്ച കോർപറേഷൻ ആസ്ഥാനത്തെ മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രത്തിനായി കോർപറേഷൻ ചെലവാക്കുന്നത് വരുമാനത്തിന്റെ ഇരട്ടിയിലധികം പണം. വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കേണ്ട തനത് ഫണ്ടിൽ നിന്ന് പണം എടുത്താണ് 'വെള്ളാനയെ' കോർപറേഷൻ പോറ്റുന്നത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് 2020 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നടത്തിയെങ്കിലും മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രം പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങിയത് 2022 മാർച്ച് 18 മുതലാണ്. ഈ സമയം മുതൽ കഴിഞ്ഞ നവംബർ വരെ 12.39 ലക്ഷം രൂപ വരുമാനം ലഭിച്ചെന്നാണ് കോർപറേഷന്റെ കണക്ക്.

ഇതേ കാലയളവിൽ ചെലവ് 26.70 ലക്ഷം രൂപ. പ്രവർത്തന ചെലവ് ഇനത്തിൽ 18.67 ലക്ഷവും അറ്റകുറ്റപ്പണികൾക്കായി 5.35 ലക്ഷവും വൈദ്യുത ചാർജ് ഇനത്തിൽ 2.67 ലക്ഷവും ചെലവായെന്നാണ് കണക്ക്. 4 ജീവനക്കാർക്കായി പ്രതിമാസം 21,175 രൂപയാണ് ശമ്പള ഇനത്തിൽ നൽകുന്നത്.

ഷോർട്ട് സർക്യൂട്ട് കാരണം പ്രവർത്തനം നിർത്തി വച്ചിരിക്കുന്ന ബി ബ്ലോക്കിന്റെ അറ്റകുറ്റപ്പണിക്കായി ഇനിയും ലക്ഷങ്ങൾ ചെലവാക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.. അമൃത് പദ്ധതിയിൽ നിന്ന് 5.24 കോടി മുടക്കി മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രം പ്രവർത്തിപ്പിക്കാനായിരുന്നു ആദ്യം രൂപരേഖ തയാറാക്കിയത്.

നിർമാണ പ്രവൃത്തികൾ നീണ്ടു പോയതും നിർമാണ സാമഗ്രികളുടെ വില വർധനയും കാരണം എസ്റ്റിമേറ്റ് 7 കോടിയോളം ഉയർത്തി കേന്ദ്രം പ്രവർത്തന സജ്ജമാക്കിയെങ്കിലും പ്രവർത്തനാനുമതി ലഭിച്ചില്ല. അഗ്നി സുരക്ഷാ, മിന്നൽ രക്ഷാ ചാലകങ്ങൾ സ്ഥാപിക്കാത്തതു കാരണം ഫയർഫോഴ്സ് നിരാക്ഷേപ പത്രം നൽകാത്തതായിരുന്നു കാരണം.

ഇതിനിടെ താത്കാലിക വൈദ്യുത കണക്‌ഷൻ എടുത്താണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്. 
  വീണ്ടും രണ്ടു കോടിയോളം മുടക്കി അഗ്നി സുരക്ഷ, മിന്നൽ രക്ഷാ സംവിധാനങ്ങൾ  സ്ഥാപിച്ച ശേഷമാണ് പ്രവർത്തനാനുമതി ലഭിച്ചത്. എന്നാൽ പാർക്കിങിന് ആവശ്യത്തിന് വാഹനങ്ങൾ എത്താതായപ്പോൾ നഗരത്തിന്റെ 12 ഭാഗങ്ങളിലായി ബോർഡുകൾ സ്ഥാപിച്ചു. കോർപറേഷൻ ആസ്ഥാനത്ത് പാർക്കിങ് സ്ഥലമുണ്ട് എന്ന് രേഖപ്പെടുത്തിയാണ് ബോർഡുകൾ സ്ഥാപിച്ചത്.

ഇതു വിശ്വസിച്ച് വൈകിട്ട് 5 ന് ശേഷം വാഹനവുമായി എത്തുമ്പോൾ അടഞ്ഞു കിടക്കുന്ന ഗേറ്റുകൾ കണ്ട് തിരിച്ചു പോകുകയാണ് വാഹന ഉടമകൾ. ബോർഡുകൾ സ്ഥാപിക്കാനായി മാത്രം 1.26 ലക്ഷം രൂപ മുടക്കി. 2010– 2015 കാലത്തെ ഭരണസമിതി ഈ സ്ഥലത്ത് ഒരു പാർക്കിങ് കം വാണിജ്യ സമുച്ചയം പണിയാനായിരുന്നു തീരുമാനിച്ചത്. പാർക്കിങ് ഭൂമിക്കടിയിലും മുകളിൽ കടമുറികളും നിർമിക്കാനുള്ള പദ്ധതി വെട്ടിയ ശേഷമാണ് മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രം പണിതത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com