ADVERTISEMENT

തിരുവനന്തപുരം ∙ കെ സ്മാർട് നിലവിൽ വന്നതോടെ മൂന്നാഴ്ചയായി കോർപറേഷനിലെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത് ഒഴികെയുള്ള സേവനങ്ങളാണ് മുടങ്ങിയത്. കോർപറേഷന്റെ ഉടമസ്ഥയിലുള്ള കെട്ടിടങ്ങളുടെ വാടകയും ഇതുവരെ ലഭിച്ചിട്ടില്ല. എല്ലാ മാസവും പത്താം തീയതിക്കു മുൻപാണ് വാടക ഈടാക്കുന്നത്. പണം ഓൺലൈൻ വഴി അടയ്ക്കാൻ കഴിയാത്തതിനാൽ വാടക പിരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതേത്തുടർന്ന് വാടക ഒടുക്കാനുള്ള അവസാന തീയതി 20 വരെ നീട്ടി.നികുതി വിവരങ്ങൾ ലഭ്യമല്ലാതിരുന്നതിനെത്തുടർന്ന് റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ അത്യാവശ്യ സർട്ടിഫിക്കറ്റുകളുടെ വിതരണവും മുടങ്ങി.

കെ സ്മാർട് വഴി അപേക്ഷിക്കാൻ കഴിയാത്തതിനെത്തുടർന്ന് കെട്ടിട നിർമാണ പെർമിറ്റ് അപേക്ഷകൾ പഴയ രീതിയിൽ ഇന്റലിജന്റ് ബിൽഡിങ് പ്ലാൻ മാനേജ്മെന്റ് സിസ്റ്റം (ഐബിപിഎംഎസ്) വഴിയാണ് സ്വീകരിച്ചത്. ഓൺലൈ‍ൻ പേമെന്റ് നടത്താൻ കഴിയാത്തതിനാൽ വിവരാവകാശ നിയമ പ്രകാരമുള്ള മറുപടികൾക്ക് നിസ്സാരം പത്തു രൂപ പോലും അ‍ടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്.എന്നാൽ കഴിഞ്ഞ ദിവസം മുതൽ വസ്തു നികുതി അടയ്ക്കാനുള്ള സംവിധാനം പുനഃസ്ഥാപിച്ചെന്നും ഇന്നു മുതൽ കെ സ്മാർട് വഴി കെട്ടിട നിർമാണ പെർമിറ്റിന് അപേക്ഷിക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു. 4.86 ലക്ഷം വസ്തു നികുതിദായകരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് കെ സ്മാർട് സോഫ്റ്റ്‌വെയറിലേക്ക് മാറ്റിയത്.

കോർപറേഷൻ നേരിടുന്  വെല്ലുവിളികൾ
മുൻപ് ഡേറ്റാ എൻട്രി നടത്തിയപ്പോൾ സംഭവിച്ച പിഴവുകൾ കാരണം അപേക്ഷകന് കൃത്യമായ സേവനങ്ങൾ ലഭിക്കുന്നില്ല. ടിസി നമ്പരോ വാർഡ് നമ്പരോ മാറി ഡേറ്റ എൻട്രി നടത്തിയിരിക്കുന്ന അപേക്ഷകർക്ക് സേവനങ്ങൾ ലഭിക്കാൻ കാലതാമസം എടുക്കും.
ജീവനക്കാരുടെ സാങ്കേതിക പരിജ്ഞാനക്കുറവും കെ സ്മാർട് കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നൽകാത്തതും പോരായ്മ. തദ്ദേശ പൊതു സർവീസ് രൂപീകരിച്ചതിനു പിന്നാലെ നടത്തിയ സ്ഥലം മാറ്റത്തിൽ, പഞ്ചായത്തുകളിൽ ജോലി നോക്കിയിരുന്ന ജീവനക്കാരാണ് കോർപറേഷനിലെത്തിയത്. ഇവർക്ക് മുനിസിപ്പാലിറ്റി ചട്ടങ്ങളെക്കുറിച്ച് കാര്യമായ ധാരണയില്ലാത്തതാണ് വെല്ലുവിളി.
ശാന്തികവാടം പോലെ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ഫീസ് ഈടാക്കുന്നതിന് താത്കാലിക ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. പെൻ നമ്പർ ഉള്ള ജീവനക്കാർക്ക് മാത്രമേ കെ സ്മാർട് ലോഗിൻ ചെയ്യാൻ കഴിയൂ എന്നതിനാൽ ഇവിടെ സ്ഥിരം ജീവനക്കാരെ നിയോഗിക്കേണ്ടി വരും.
 ആധാർ നമ്പരും ഇതുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പരും ഉണ്ടെങ്കിൽ മാത്രമേ കെ സ്മാർട് ലോഗിൻ ചെയ്യാൻ കഴിയൂ. കോർപറേഷനിലെത്തുന്ന സാദാ ജനങ്ങളി‍ൽ ഭൂരിഭാഗത്തിനും ആധാർ ഉണ്ടെങ്കിലും അത് മൊബൈൽ നമ്പരുമായി ബന്ധിപ്പിച്ചിക്കാത്തതും വെല്ലുവിളി.
ആസ്തി സംബന്ധിച്ച വിവരങ്ങൾ ഇതുവരെ കെ സ്മാർട്ടിൽ പോർട്ട് ചെയ്തിട്ടില്ല. ഇതു കാരണം കെട്ടിടങ്ങളുടെ വാടക, ഫലവൃക്ഷങ്ങളിൽ നിന്നുള്ള ആദായം തുടങ്ങിയ വരുമാനങ്ങൾ രേഖപ്പെടുത്താനാകുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com