ADVERTISEMENT

തിരുവനന്തപുരം ∙ 90.53 ലക്ഷം രൂപ വകയിരുത്തുകയും കരാറുകാരെ മറയാക്കി പുതുക്കിയ എസ്റ്റിമേറ്റിലൂടെ രണ്ടു കോടിയോളം രൂപ വെട്ടിക്കുകയും ചെയ്ത കോർപറേഷന്റെ വിവാദ പദ്ധതി 3 വർഷം പിന്നിട്ടപ്പോൾ പൊളിച്ചു മാറ്റി. വഴുതക്കാട് വിമൻസ് കോളജിനു മുന്നിൽ നിർമിച്ച വനിതാ സൗഹൃദ ഇടനാഴിയാണ് പൊളിച്ചു മാറ്റുന്നത്. സ്മാർട് സിറ്റി റോഡ് വികസനത്തിന്റെ ഭാഗമായാണ് പൊളിച്ചു മാറ്റുന്നതെന്നു വിശദീകരണം.  വിമൻസ് കോളജിലെയും കോട്ടൺഹിൽ സ്കൂളിലെയും വിദ്യാർഥിനികൾക്കു സുരക്ഷിത യാത്രയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്. 

ബേക്കറി ജംക്‌ഷൻ മുതൽ വിമൻസ് കോളജ് വരെയും കോട്ടൺഹിൽ സ്കൂളിനു മുന്നിലും ക്യാമറ സ്ഥാപിക്കൽ, നടപ്പാത നിർമാണം, സോളർ പാനൽ സ്ഥാപിക്കൽ, ബസ് ഷെൽറ്റർ നിർമാണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്. 90,53,324 രൂപ വകയിരുത്തി നിർമാണം തുടങ്ങി. ഹാൻഡ് റെയിൽ സ്ഥാപിക്കാൻ ഗാൽവനൈസ്ഡ് അയൺ (ജിഐ) പൈപ്പ് ഉപയോഗിക്കാനായിരുന്നു എസ്റ്റിമേറ്റ്.

എന്നാൽ, തുക കൂട്ടിക്കാണിക്കാൻ ജിഐ പൈപ്പിനു പകരം സ്റ്റെയിൻലെസ് സ്റ്റീലും മേൽക്കൂര നിർമിക്കാൻ പോളി കാർബൺ ഷീറ്റുകളുമാക്കി റിവൈസ്ഡ് എസ്റ്റിമേറ്റ് തയാറാക്കി. ഇതോടെ തുക ഇരട്ടിയായി. വനിതാ നേതാക്കളുടെ ചിത്രങ്ങൾ ചുവരിൽ പതിപ്പിക്കാൻ 20 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് ഇട്ടത്.  വിമൻസ് കോളജിന്റെ പ്രധാന ഗേറ്റ് മുതൽ ചലച്ചിത്ര വികസന കോർപറേഷന്റെ ആസ്ഥാനത്തിനു എതിർവശത്തെ ഗേറ്റ് വരെ ഏകദേശം 500 മീറ്റർ നീളത്തിൽ മാത്രമാണ് മേൽക്കൂര സ്ഥാപിച്ചത്.

4 യൂണിറ്റ് സോളർ പാനലുകൾ മാത്രമേ സ്ഥാപിച്ചുള്ളൂ. പൊതുമരാമത്ത് വകുപ്പ് മുൻപ് സ്ഥാപിച്ച ഫുട്പാത്ത് ടൈലുകളും ഹാൻഡ് റെയിലുകളും അതേപടി നിലനിർത്തി. ഇതിനും കോർപറേഷനിലെ കരാറുകാരൻ ബിൽ തയാറാക്കി. ക്യാമറയോ ബസ് ഷെൽറ്ററോ സ്ഥാപിച്ചില്ല. കരാർ പ്രകാരമുള്ള ഒരു ജോലിയും ചെയ്യാതെ, വകയിരുത്തിയ തുകയുടെ ഇരട്ടി പണം കരാറുകാരനെ മുന്നിൽ നിർത്തി കൊള്ളയടിച്ച പദ്ധതി 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് ഉദ്ഘാടനം ചെയ്തത്. അന്നു സ്ഥാപിച്ച നാലു സോളർ പാനലുകൾ ഉൾപ്പെടെ ഇപ്പോൾ പൊളിച്ചു മാറ്റിയവയിൽ ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com