ADVERTISEMENT

തിരുവനന്തപുരം ∙ നിഖിൽ വിനോദിനെയും അനിയൻ അപ്പുവിനെയും ചേർത്തുപിടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു, ‘ഒറ്റയ്ക്കല്ല, എല്ലാവരും ഒപ്പമുണ്ട്. എന്തു വിഷമമുണ്ടായാലും വിളിക്കണം’. ഓട്ടിസമുള്ള 16 കാരൻ അപ്പുവിനും പാർക്കിൻസൺസ് രോഗം ബാധിച്ച അമ്മ ഷീബയ്ക്കും ഒപ്പമാണ് നിഖിൽ രാജ്ഭവനിൽ എത്തിയത്. കാണാൻ ആഗ്രഹമുണ്ടെന്ന് ഗവർണർ അറിയിച്ചതിനെ തുടർന്നായിരുന്നു കൂടിക്കാഴ്ച. ഉച്ചനേരമായതിനാൽ ഗവർണർ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു.

അപ്പുവിനു ഭക്ഷണം വാരിക്കൊടുക്കുന്ന നിഖിലിനെ കണ്ടപ്പോൾ ഗവർണർ അടുത്തുവന്നു. പാത്രം കയ്യിൽ വാങ്ങി നിഖിലിനും അപ്പുവിനും ഒരു മുത്തച്ഛന്റെ വാത്സല്യത്തോടെ ഭക്ഷണം വാരിക്കൊടുത്തു. ഷീബ അതു കണ്ടു വിതുമ്പി. ‘‘ഇങ്ങനെയൊരു മകനെക്കുറിച്ച് അഭിമാനിക്കണം. അപൂർവമാണ് അമ്മയുടെ മകന്റെ കുടുംബത്തോടുള്ള ഈ കരുതൽ. പുതുതലമുറ നിഖിലിനെ മാതൃകയാക്കണം. നാടിന്റെ അഭിമാനമാണ് ഈ കുട്ടി.’’– ആരിഫ് മുഹമ്മദ് ഖാൻ ഷീബയോടു പറ‍ഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെയാണ് നിഖിലിന്റെ കഥ പുറംലോകമറിയുന്നത്. പരിമിതികളുള്ള അനുജനെയും രോഗിയായ അമ്മയെയും സംരക്ഷിക്കുന്നതിനായി ഈ 18കാരൻ  കുടുംബനാഥനെപ്പോലെ നടത്തുന്ന ശ്രമങ്ങളെ എല്ലാവരും ഹൃദയം കൊണ്ട് അഭിനന്ദിച്ചു. ആ പോരാട്ടകഥയറിഞ്ഞ് ഗവർണറും രാജ്ഭവനിലേക്കു ക്ഷണിക്കുകയായിരുന്നു. പേന, പുതുവർഷ ഡയറി, നിഖിലിനും അപ്പുവിനും ഷർട്ട്, അമ്മയ്ക്കു സാരി, പലഹാരങ്ങൾ എന്നിവ സമ്മാനിച്ചാണ് ഗവർണർ കുടുംബത്തെ യാത്രയാക്കിയത്.

അപ്പുവിന്റെയും അമ്മയുടെയും എല്ലാ കാര്യങ്ങളും നോക്കി വീട്ടുജോലികളും കൂടി തീർത്ത ശേഷമാണ് ഈ പ്ലസ്ടുക്കാരൻ  സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെത്തുന്നത്.  പാചകത്തോട് താൽപര്യമുള്ളതിനാൽ ഭാവിയിൽ ഷെഫ് ആകാനാണ് നിഖിലിന് ഇഷ്ടം. നിഖിലിന്റെ കഥയറിഞ്ഞ ഷെഫ് സുരേഷ് പിള്ള ബെംഗളൂരുവിൽ പഠനത്തിനുള്ള സൗകര്യങ്ങൾ ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്.  കേശവദാസപുരത്താണ് ഈ കുടുംബത്തിന്റെ താമസം.

6 വർഷം മുൻപാണ് വിദേശത്തു സെയിൽസ്മാൻ ജോലി  ചെയ്തിരുന്ന നിഖിലിന്റെ അച്ഛൻ‍ വിനോദ് ചന്ദ്ര മരിക്കുന്നത്. അതോടെ കുടുംബം സാമ്പത്തിക തകർച്ചയിലുമായി. തുടർന്ന് അന്നുണ്ടായിരുന്ന വീടു വിൽക്കേണ്ടിവന്നു. 2 വർഷം മുൻപാണ് ഷീബയ്ക്കു രോഗം പിടിപെട്ടത്. ചെറിയ സ്വകാര്യ സംരംഭത്തിൽ നിന്നു ലഭിക്കുന്ന കമ്മിഷൻ തുക മാത്രമാണ് ഇന്നത്തെ വരുമാനം. നിഖിലിന് ഫീസ് ഇളവ് നൽകുന്നത് ഉൾപ്പെടെ എല്ലാ സഹായവും നൽകാൻ സ്കൂൾ മാനേജ്മെന്റും തീരുമാനിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com