ADVERTISEMENT

തിരുവനന്തപുരം∙ കോർപറേഷന്റെ വികസന സെമിനാറിൽ സ്മാർട്ട് സിറ്റി, അമൃത് പദ്ധതികളുടെ നടത്തിപ്പിലുള്ള പേരായ്മകളെ രൂക്ഷമായി വിമർശിച്ച് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. പദ്ധതികൾക്കായി റോഡുകൾ വർഷങ്ങളായി വെട്ടിപൊളിച്ചിട്ടിരിക്കുന്നതു തലസ്ഥാന നഗരത്തെ വല്ലാതെ ശ്വാസം മുട്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മേയർ ആര്യാ രാജേന്ദ്രനെ വേദിയിൽ ഇരുത്തിക്കൊണ്ടായിരുന്നു വിമർശനം. കൗൺസിലർമാർ ഫയലുകൾ ഒരു മേശയിൽ നിന്ന് അടുത്ത മേശയിൽ എത്തിക്കേണ്ട സ്ഥിതിയാണ്. ഇത് ഉദ്യോഗസ്ഥർ ചെയ്യേണ്ടതാണ്. ഉദ്യോഗസ്ഥർ വാങ്ങുന്ന ശമ്പളത്തിന് ജോലി ചെയ്യുന്നില്ലെന്നും ഓരോ ഫയലും ഒരോ ജീവിതമാണെന്ന കാര്യം അവർ മറക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

റോഡുകൾ പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. അത് നന്നാക്കി സഞ്ചാരയോഗ്യമാക്കണം. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ കുറച്ചു വർഷമായി നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ വേണ്ടത്ര വേഗതയോടെ നടപ്പിലാക്കാൻ കഴിയുന്നില്ലെന്നു പോരായ്മയുണ്ട്. നഗരസഭയുടെ പോരായ്മയാണെന്ന് ഞാൻ പറയുന്നില്ല. കൗൺസിലർമാരുടെയോ നഗരസഭയ്ക്കു നേതൃത്വം നൽകുന്നവരുടെയോ പോരായ്മയാണെന്നും ഞാൻ പറയുന്നില്ല.

പക്ഷേ പോരായ്മ ഉണ്ടെന്നത് വാസ്തവമാണ്. അമൃത് പദ്ധതിയുടെ കാര്യം എത്ര ഗുരുതരമാണെന്നു ഞാൻ പറയേണ്ട കാര്യമില്ല. രണ്ടും മൂന്നും നാലും വർഷങ്ങളായിട്ട് ജനങ്ങളെ തടവിലാക്കുന്ന സ്ഥിതിയാണ്. സഞ്ചരിക്കുന്നതു തടസ്സപ്പെടുന്നു. ചില പദ്ധതികൾ തുടങ്ങിയാൽ അത് എവിടെയും എത്താത്ത സാഹചര്യമാണ്. 

തിരുവനന്തപുരത്ത് ഒരു ശ്മശാനം കൂടി വേണമെന്ന് കണ്ടിട്ടാണ് കഴക്കൂട്ടം ശ്മശാനം നിർമിക്കാൻ കഴിഞ്ഞ നഗരസഭ തീരുമാനിച്ചത്. അത് ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. സെമിനാർ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വികസന പദ്ധതികളിൽ രാഷ്ട്രീയം കാണരുതെന്നും തന്റെ മണ്ഡലത്തിൽ വാർഡ് കൗൺസിലർമാരുടെ രാഷ്ട്രീയം നോക്കാതെയാണ് പദ്ധതികൾ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.കെ.പ്രശാന്ത് എംഎൽഎ, നവകേരളം കർമപദ്ധതി സ്റ്റേറ്റ് കോഓർഡിനേറ്റർ ടി.എൻ.സീമ, ഡപ്യൂട്ടി മേയർ പി.കെ.രാജു, ബിജെപി കൗൺസിൽ കക്ഷി നേതാവ് എം.ആർ.ഗോപൻ, കോൺഗ്രസ് കൗൺസിൽ കക്ഷി നേതാവ് ജോൺസൺ ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ പാളയം രാജൻ, ഗായത്രി ബാബു, ഷാജിത നാസർ, ക്ലൈനസ് റൊസാരിയോ, സി.എസ്.സുജാദേവി, മേടയിൽ വിക്രമൻ, എസ്.എസ് ശരണ്യ എന്നിവർ പ്രസംഗിച്ചു. 

വികസന സെമിനാർ: മുപ്പതോളം കൗൺസിലർമാർ പങ്കെടുത്തില്ല
നഗര വികസനത്തെ കുറിച്ച് ചർച്ച ചെയ്യാൻ കോർപറേഷൻ സംഘടിപ്പിച്ച വികസന സെമിനാറിൽ മുപ്പതോളം കൗൺസിലർമാർ പങ്കെടുത്തില്ല. പങ്കെടുത്തവരിൽ പകുതിയോളം പേരും കൂടുതൽ സമയം ചെലവഴിച്ചത് ഹാളിനു പുറത്തും.

ഉദ്ഘാടകനായ മന്ത്രി വി.ശിവൻകുട്ടി വേദി വിട്ടതിനു പിന്നാലെ കൊഴിഞ്ഞു പോക്ക് തുടങ്ങി. ഇടതു മുന്നണിയിലെ ഘടകക്ഷി നേതാവായ സ്ഥിരം സമിതി ചെയർമാനാണ് ആദ്യം പോയത്. അതിനു പിന്നാലെ ബിജെപി കൗൺസിൽ കക്ഷി നേതാവും കൂടെ വന്ന 4 ബിജെപി കൗൺസിലർമാരും സ്ഥലംവിട്ടു.

മരാമത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷർ ഉൾപ്പെടെ 3 ഇടത് കൗൺസലർമാർ പുറത്തേക്കു പോയെങ്കിലും ഉച്ചയോടെ മടങ്ങി എത്തി. ഉദ്ഘാടന ചടങ്ങിന് ശേഷം ഒന്നര മണിക്കൂറിനുള്ളിൽ അവതരണവും ചർച്ചയും എല്ലാം തീർത്ത് സെമിനാർ അവസാനിപ്പിക്കുയും ചെയ്തു. എഴുന്നൂറോളം പേർ പങ്കെടുക്കേണ്ട സെമിനാറിൽ പങ്കാളിത്തവും പകുതിയിൽ താഴെ ആയിരുന്നു.

കഴക്കൂട്ടത്തെ വികസന പദ്ധതികൾ ഇഴയുന്നു
കടകംപള്ളിയെ ചൊടിപ്പിച്ചത് കഴക്കൂട്ടം മണ്ഡലത്തിലെ കോർപറേഷൻ റോഡുകളുടെ ശോചനീയവസ്ഥയും പദ്ധതികളുടെ മെല്ലെപോക്കും. 
"കഴക്കൂട്ടം, ആറ്റിപ്ര, കുളത്തൂർ തുടങ്ങി പന്ത്രണ്ടോളം  വാർഡുകളിലെ ഭൂരിഭാഗം കോർപറേഷൻ റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. കഴക്കൂട്ടം വാർഡിലെ ശ്മശാനം, ഷീ ലോഡ്ജ് പദ്ധതികൾ പാതിവഴിയിൽ ആയിട്ട് വർഷങ്ങളായി

 2 കോടി രൂപ ചെലവഴിച്ച് ശ്മശാനം നിർമിച്ചെങ്കിലും പ്രവർത്തനം തുടങ്ങാനായിട്ടില്ല. പദ്ധതികൾ വേഗത്തിൽ പൂർത്തികരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കോർപറേഷൻ ഇതു നടപ്പിലാക്കുന്നില്ല. ഇതാണു കടകംപള്ളിയുടെ നീരസത്തിനു കാരണമെന്നാണു വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com