ഗവർണറുടെ സുരക്ഷ: സംഘത്തിൽ എസ്പിജി കമാൻഡോകളായി പ്രവർത്തിച്ചവരും; തല്ലില്ല, തോക്കുണ്ടാകും
Mail This Article
തിരുവനന്തപുരം ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കേരള പൊലീസും കേന്ദ്ര സേനയായ സിആർപിഎഫും സംയുക്ത സുരക്ഷ ഒരുക്കും. സിആർപിഎഫിന്റെ 40 അംഗ സംഘം ഗവർണറുടെ സുരക്ഷ കഴിഞ്ഞ ദിവസം ഏറ്റെടുത്തു. സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്പിജി) കമാൻഡോകളായി 5 വർഷം പ്രവർത്തിച്ച ഡൽഹിയിലെയും ബെംഗളൂരുവിലെയും അംഗങ്ങളെയാണ് ഈ സംഘത്തിൽ നിയോഗിച്ചത്. ഇവർ 3 ഷിഫ്റ്റുകളായി പ്രവർത്തിക്കും. രാജ്ഭവനുള്ളിൽ ഗവർണറുടെ മുറിയുടെ സുരക്ഷ ഇവർക്കായിരിക്കും. ഗവർണർ രാജ്ഭവനു പുറത്ത് യാത്ര ചെയ്യുമ്പോൾ തൊട്ടു മുൻപിലും പിന്നിലുമുള്ള പൈലറ്റ്, എസ്കോർട്ട് വാഹനങ്ങളിൽ ഇവരാകും ഉണ്ടാകുക.
അതോടൊപ്പം കേരള പൊലീസിന്റെ നിലവിലെ എസ്കോർട്ടും പൈലറ്റും തുടരും. വഴിയിലും ഗവർണർ പങ്കെടുക്കുന്ന സ്ഥലങ്ങളിലും പതിവുപോലെ കേരള പൊലീസ് സുരക്ഷ ഒരുക്കും. ഗവർണറുടെ വാഹനത്തിനുള്ളിൽ പഴ്സനൽ സെക്യൂരിറ്റി ഓഫിസറായി ഇനി സിആർപിഎഫ് കമാൻഡോ യാത്ര ചെയ്യും. എന്നാൽ ഗവർണർക്കൊപ്പം യാത്ര ചെയ്യുന്ന സിആർപിഎഫുകാരുടെ കൈവശം ലാത്തിയോ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ യൂത്ത് കോൺഗ്രസുകാരെ തല്ലാൻ കൊണ്ടുപോയതു പോലുള്ള ദണ്ഡോ ഉണ്ടാകില്ല. സിആർപിഎഫുകാരുടെ കയ്യിൽ പിസ്റ്റലും യന്ത്രത്തോക്കും ഉണ്ടാകും. ഗവർണറെ ആരെങ്കിലും ആക്രമിക്കാനോ ജീവഹാനി വരുത്താനോ ശ്രമിച്ചാൽ ഇവർക്ക് തോക്ക് ഉപയോഗിക്കാം.
അല്ലാതെ വഴിയിൽ കരിങ്കൊടി കാണിക്കുന്നവരെ തടയാനോ പ്രതിഷേധക്കാരെ തല്ലാനോ ഇവർക്ക് അധികാരമില്ല. ആരെങ്കിലും ഗവർണറുടെ അടുത്ത് അതിക്രമിച്ചെത്തിയാൽ പിടികൂടി കേരള പൊലീസിനെ ഏൽപിക്കാം. കേസ് എടുക്കേണ്ടതും തുടർ നടപടി സ്വീകരിക്കേണ്ടതും കേരള പൊലീസാണ്. നിലവിൽ രാജ്ഭവനിലടക്കം 72 പേരെയാണു കേരള പൊലീസ് ഗവർണറുടെ സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. രാജ്ഭവന്റെ 3 ഗേറ്റിലും മറ്റു സ്ഥലങ്ങളിലും കേരള പൊലീസ് സുരക്ഷ തുടരും.
സിആർപിഎഫിനെ നിയോഗിച്ചതു ഗവർണറുടെ സുരക്ഷയ്ക്കു മാത്രമാണെന്നു കേന്ദ്ര സർക്കാർ അറിയിച്ചതിനാൽ രാജ്ഭവന്റെ സുരക്ഷ കേന്ദ്രം ഏറ്റെടുത്തതായ പ്രത്യേക വിജ്ഞാപനം ഇനി ആവശ്യമില്ലെന്നു പൊലീസ് ഉന്നതർ വ്യക്തമാക്കി. പൈലറ്റ്, എസ്കോർട്ട് എന്നിവയിലെ 6 പൊലീസുകാരെ മാത്രം പിൻവലിക്കും. ബാക്കി 66 പേരും സുരക്ഷാ വ്യൂഹത്തിൽ തുടരും. രാജ്ഭവനിലെ ഉദ്യോഗസ്ഥർ, കേരള പൊലീസ് ഉന്നതർ, സിആർപിഎഫ്, ഐബി ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗത്തിലാണു തീരുമാനം.