ADVERTISEMENT

തിരുവനന്തപുരം ∙ തലസ്ഥാനത്തെ റോഡ് പണിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കരാറുകാരെ പിരിച്ചു വിട്ടപ്പോൾ ചിലർക്ക് പൊള്ളി എന്ന് താൻ ഉദ്ദേശിച്ചത് കടകംപള്ളി സുരേന്ദ്രൻ എംഎൽഎയെ അല്ലെന്ന് മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്. ‘‘പൊള്ളിയ ആളുകൾ ബേജാറായാൽ മതി. എന്ത് തോന്ന്യാസവും ആകാമെന്നു കരുതുന്ന ഒരു കമ്പനിയെ ടെർമിനേറ്റ് ചെയ്തത് സർക്കാരിന്റെ ശക്തമായ നടപടിയാണ്. കരാരുകാരൻ ഉഴപ്പിയപ്പോൾ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചു. ഒരു കൊമ്പൻ കമ്പനിയെ ഒഴിവാക്കുമ്പോൾ അതിന്റെ ബുദ്ധിമുട്ടുകളുണ്ടാകും. അതിനെ എല്ലാ നിലയിലും ഇന്ന് ആക്ഷേപിക്കുന്നവർ നാളെ ഇതിന്റെ ഗുണഭോക്താക്കളാകും’’– മന്ത്രി പറഞ്ഞു. 

മന്ത്രി മുഹമ്മദ് റിയാസുമായി പ്രശ്നങ്ങളില്ലെന്നു പറഞ്ഞും മാധ്യമങ്ങളെ പഴിചാരിയും കടകംപള്ളി സുരേന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിപ്പിട്ടു. ഒരു വിഭാഗം ഉദ്യോഗസ്ഥർ കരാറുകാർക്കൊപ്പം ചേർന്ന് നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന സ്ഥിതിയുണ്ടെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്.  ‘‘ഞാനും മന്ത്രി മുഹമ്മദ് റിയാസുമായി യാതൊരു പ്രശ്നവുമില്ല. നിയമസഭ നടക്കുന്ന സമയമായതിനാൽ എന്നും കാണാറുണ്ട്. സംസാരിക്കാറുണ്ട്. അതിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുമെന്നറിയാം. തൽക്കാലം ആ അരി ഇവിടെ വേവില്ല. ആ വെള്ളമങ്ങ് മാറ്റിവച്ചേക്കുക’’–  കടകംപള്ളിയുടെ കുറിപ്പിൽ പറയുന്നു. 

അതേസമയം, കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന കാട്ടായിക്കോണം വാർഡിലെ അങ്കണവാടിയുടെ നിർമാണോദ്ഘാടന ചടങ്ങിൽ നിന്ന് കടകംപള്ളി വിട്ടുനിന്നു. മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടകയായിരുന്ന പരിപാടിയിൽ കടകംപള്ളിയെയായിരുന്നു അധ്യക്ഷ സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്നത്. ചില യോഗങ്ങൾ ഉള്ളതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സംഘാടകരെ അറിയിച്ച ശേഷമാണ് കടകംപള്ളി വിട്ടുനിന്നത്. കോർപറേഷൻ ഭരണത്തിനെതിരെ കടകംപള്ളി ഉന്നയിച്ച വിമർശനങ്ങളോട് മേയർ ചടങ്ങിൽ മറുപടിയൊന്നും പറഞ്ഞില്ല. കഴിഞ്ഞ 28 നു നടന്ന കോർപറേഷന്റെ വികസന സെമിനാറിലാണ് കോർപറേഷൻ ഭരണത്തിനെതിരെ കടകംപള്ളി ആഞ്ഞടിച്ചത്.

അമൃത്, സ്മാർട് സിറ്റി പദ്ധതികളുടെ നടത്തിപ്പിൽ പോരായ്മയുണ്ടെന്നായിരുന്നു മേയറെ വേദിയിലിരുത്തി കടകംപള്ളിയുടെ വിമർശനം. തൊട്ടടുത്ത ദിവസം നേമം മണ്ഡലത്തിലെ മുടവൻമുകൾ പാലം നിർമാണോദ്ഘാടന ചടങ്ങിൽ സ്മാർട് റോഡുകളുടെ നിർമാണ കരാർ ആദ്യം ഏറ്റെടുത്ത കമ്പനിയെ മാറ്റിയത് ചിലർക്ക് പൊള്ളിയിട്ടുണ്ടെന്നും ആ പൊള്ളൽ ഇതുവരെ മാറിയില്ലെന്നും മന്ത്രി റിയാസ്  പറഞ്ഞു.

‘ചില ഉദ്യോഗസ്ഥർ കരാറുകാർക്കൊപ്പം ചേർന്ന് വികസനം മുടക്കുന്നു’
തിരുവനന്തപുരം∙  നഗരസഭയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ കരാറുകാർക്കൊപ്പം ചേർന്ന് നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കു തുരങ്കം വയ്ക്കുന്ന സ്ഥിതിയുണ്ടെന്നത് വാസ്തവമാണെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ ഫെയ്സ്ബുക് പോസ്റ്റ്.   ‘‘ഒരു മേശപ്പുറത്ത് നിന്നു മറ്റൊരു മേശപ്പുറത്തേക്കു ഫയൽ നീങ്ങണമെങ്കിൽ കൗൺസിലർമാർ നേരിട്ടുവന്ന് എടുത്തുകൊണ്ടു പോകേണ്ട സ്ഥിതിയാണ്. ഇത്തരത്തിൽ ജീവനക്കാരുടെയും കരാറുകാരുടെയും മോശം സമീപനത്തെയും, അവരുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്ത് ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട ഞാനുൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ഉത്തരവാദിത്തത്തെ കുറിച്ചും നടത്തിയതാണ് പ്രസംഗത്തിലെ ആ ഭാഗം.

2021 ഒക്ടോബർ 27 നു നിയമസഭയിൽ അമൃത് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച സബ്മിഷനിൽ ഉന്നയിച്ച അതേ കാര്യം തന്നെയാണ് വികസന സെമിനാറിൽ ഉന്നയിച്ചതും. എന്നാൽ നമ്മുടെ മാധ്യമങ്ങൾ അവരുടെ സംസ്ഥാന സർക്കാർ വിരുദ്ധ മനോഭാവത്തിന്റെ ഭാഗമായി അവർക്കു വേണ്ട ഭാഗങ്ങൾ മാത്രം കട്ട് ചെയ്ത് പ്രചരിപ്പിക്കുകയാണുണ്ടായത്. വിവാദങ്ങൾ സൃഷ്ടിച്ച് വികസന പ്രവർത്തനങ്ങളെ താറടിക്കാനുള്ള ഇത്തരം മാധ്യമ പ്രവർത്തനത്തിനെതിരെയാണ് ‍‌പൊതുമരാമത്ത് മന്ത്രി പ്രതികരിക്കുന്നത്.  എന്റെ പൊന്നു മാധ്യമ ചങ്ങായിമാരെ, മന്ത്രി പറയുന്ന പ്രസംഗത്തിലുള്ള കൊമ്പത്തെ കരാറുകാരനെയും എനിക്കറിയില്ല, ഇപ്പോഴുള്ള കരാറുകാരെയും എനിക്കറിയില്ല. അത് എനിക്കുള്ള മറുപടിയുമല്ല. അത് അനാവശ്യ വിവാദം ഉണ്ടാക്കി തെറ്റിദ്ധാരണ പരത്തുന്ന നിങ്ങൾക്കുള്ള മറുപടിയാണ്’’– ഫെയ്സ് ബുക് പോസ്റ്റിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com