ADVERTISEMENT

തിരുവനന്തപുരം ∙ അപസ്മാര ചികിത്സാ മേഖലയിൽ രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ പ്രശസ്ത ന്യൂറോളജിസ്റ്റ് തിരുവനന്തപുരം പോങ്ങുംമൂട് ബാപ്പുജി നഗർ ബിഎൻ 329 ആറ്റുമാലിൽ ഡോ.സഞ്ജീവ് വി.തോമസ് (67) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ന്യൂറോളജി വിഭാഗം മുൻ മേധാവിയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസസ് (ഐക്കോൺസ്) ഡയറക്ടറുമായിരുന്നു. ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോളജി, ഇന്ത്യൻ എപ്പിലപ്സി സൊസൈറ്റി എന്നിവയുടെ മുൻ പ്രസിഡന്റാണ്.

സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30 ന് വീട്ടിലെയും 2.30 ന് മെഡിക്കൽ കോളജ് ട്രിനിറ്റി മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷയ്ക്കും ശേഷം മലമുകൾ സെമിത്തേരിയിൽ. ഭാര്യ: ഡോ.സൂസൻ തോമസ് (കോലത്ത് കുടുംബാംഗം). മക്കൾ: ഡോ.തോമസ് വർഗീസ് ആറ്റുമാലിൽ (സിഎംസി, വെല്ലൂർ), അലക്സാണ്ടർ വർഗീസ് ആറ്റുമാലിൽ (ഇൻഫോസിസ്). മരുമക്കൾ: ഡോ.ട്രീസ ജോസഫ് (സിഎംസി, വെല്ലൂർ), അനു ചാക്കോ (ഏൺസ്റ്റ് ആൻഡ് യങ്).

ആലപ്പുഴ ടിഡി മെഡിക്കൽ കോളജിൽ നിന്ന് ഒന്നാം ക്ലാസോടെ സ്വർണ മെഡൽ നേടി എംബിബിഎസ് പൂർത്തിയാക്കിയ ഡോ.സഞ്ജീവ് ന്യൂറോളജിയിൽ ഡോക്ടറൽ ബിരുദം നേടി. 1990 മുതൽ മുപ്പതു വർഷത്തോളം ശ്രീചിത്രയിൽ സേവനമനുഷ്ഠിച്ചു. വിരമിച്ച ശേഷമാണ് ഐക്കോൺസ് ഡയറക്ടറായത്. സ്വീഡനിലെയും യുഎസിലെയും സർവകലാശാലകളിൽ നിന്ന് അപസ്മാര ചികിത്സയുമായി ബന്ധപ്പെട്ട് വിദഗ്ധ പരിശീലനം നേടി.

അപ്സമാരത്തിനെതിരായ രാജ്യാന്തര ലീഗ് (ഐഎൽഎഇ) കമ്മിഷനിൽ പ്രധാന ചുമതലകൾ വഹിച്ചു. അമേരിക്കൻ ന്യൂറോളജിക്കൽ അസോസിയേഷൻ, അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജി, ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോളജി, നാഷനൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് തുടങ്ങിയവയിൽ അംഗമായിരുന്നു. ഐഎൽഎഇയും ഇന്റർനാഷനൽ ബ്യൂറോ ഓഫ് എപ്പിലപ്സിയും (ഐബിഇ) ഏർപ്പെടുത്തിയ അംബാസഡർ ഫോർ എപ്പിലപ്സി പുരസ്കാരം, നാഷനൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസിന്റെ ഡോ. വിമല വിർമാണി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

മാനുഷികത, ഡോ.സഞ്ജീവിന്റെ മരുന്ന്
തിരുവനന്തപുരം ∙ മാനുഷികതയായിരുന്നു ഡോ.സഞ്ജീവ് വി.തോമസിന്റെ ഹൃദയമുദ്ര. അതിന്റെ ജീവൻ തുടിക്കുന്ന തെളിവാണ് പാറശാല സ്വദേശി ലിജോ. മികച്ച ടേബിൾ ടെന്നിസ് കളിക്കാരനായ ലിജോ 2007ൽ ആണ് അക്യൂട്ട് എൻസഫലോ മൈലാറ്റിസ് ന്യൂറോപ്പതി എന്ന അപൂർവ രോഗം ബാധിച്ച് കഴുത്തിനു താഴെ തളർന്ന നിലയിൽ ശ്രീചിത്രയിൽ എത്തിയത്. ബിടെക്കിനു ചേരാനുള്ള അഡ്മിഷൻ ശരിയായ സമയത്താണു രോഗം പിടികൂടിയത്. പിന്നീടു കിടക്കവിട്ട് എഴുന്നേൽക്കാൻ കഴിഞ്ഞില്ല.

വീട്ടിൽ സ്ഥാപിക്കാവുന്ന വെന്റിലേറ്റർ ഇല്ലെങ്കിൽ ലിജോയുടെ ജീവൻ അപകടത്തിലാണെന്നു മനസ്സിലാക്കിയ ഡോക്ടർ സഞ്ജീവ് ആദ്യം വിളിച്ചത് ‘മനോരമ’ ഓഫിസിലേക്കാണ്. അന്നു മനോരമ ലിജോയുടെ അവസ്ഥ വാർത്തയാക്കിയപ്പോൾ വായനക്കാരുടെ സഹായത്തോടെ നാലു ലക്ഷത്തോളം രൂപയാണ് ലഭിച്ചത്. വീട്ടിൽ വെന്റിലേറ്റർ സ്ഥാപിക്കാനും അത്യാവശ്യം ചികിത്സയ്ക്കും ആ തുക പ്രയോജനപ്പെട്ടു. ആ വെന്റിലേറ്റർ ഉപയോഗിച്ച് 13 വർഷം ജീവിച്ച ലിജോയ്ക്ക് പുതിയ വെന്റിലേറ്റർ വേണമെന്നു മനസ്സിലാക്കിയപ്പോഴും ഡോ.സഞ്ജീവ് ആദ്യം ബന്ധപ്പെട്ടത് മനോരമയെയാണ്.

ലിജോയുടെയും കുടുംബത്തിന്റെയും സാമ്പത്തികാവസ്ഥ മോശമായിരുന്നു. 13 വർഷം ഹോം വെന്റിലേറ്ററിന്റെ സഹായത്തോടെ ലിജോ നടത്തിയ അതിജീവനത്തിന്റെ കഥ മനോരമയിലൂടെ ലോകമറിഞ്ഞപ്പോൾ വീണ്ടും വായനക്കാർ ഒന്നിച്ചു. ലിജോയ്ക്ക് ഐബിഎസ് ചെയർമാൻ വി.കെ.മാത്യൂസ് വീടു നിർമിച്ചു നൽകി. പുതിയ ഹോം വെന്റിലേറ്ററും തുടർചികിത്സയ്ക്കുള്ള പണവും ഉൾപ്പെടെ ആ വാർത്തയെത്തുടർന്നു ലഭിച്ചു. 

തിരുവല്ല നെടുമ്പ്രം സ്വദേശിയായ ഡോ.സഞ്ജീവ് തോമസ് തിരുവല്ല മാർത്തോമ്മാ കോളജിൽ നിന്നു പ്രീഡിഗ്രി പൂർത്തിയാക്കിയ ശേഷമാണ് ആലപ്പുഴ മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നത്. തുടർന്ന് തലസ്ഥാനത്തെത്തിയ അദ്ദേഹം തിരുവനന്തപുരത്തുകാരനായി മാറി. 2018 ൽ സംസ്ഥാന സർക്കാർ പത്മശ്രീ പുരസ്കാരത്തിനായി ശുപാർശ ചെയ്തിരുന്നു. എന്നാൽ, അക്കൊല്ലം സംസ്ഥാനത്തിന്റെ നിർദേശം കേന്ദ്രം പരിഗണിച്ചില്ല.

ആരോഗ്യമേഖലയിൽ അദ്ദേഹത്തിന് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അപസ്മാരത്തിന്റെ ജനിതക ഘടകങ്ങൾ, ഗർഭകാലത്തെ അപസ്മാരം, മറ്റ് ജെൻഡർ അടിസ്ഥാനത്തിലുള്ള അപസ്മാരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രധാനപ്പെട്ട പഠനങ്ങളും ഗവേഷണങ്ങളും നടത്തിയ അദ്ദേഹം ആ മേഖലകളിലെ ചികിത്സാ രീതികളിൽ വലിയ മാറ്റത്തിനും വഴിതെളിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com