ADVERTISEMENT

തിരുവനന്തപുരം ∙ പ്രഭ ചൊരിയുന്ന മഞ്ഞ ഷർട്ട് ധരിച്ചു കൊണ്ടാണ് ബജറ്റ് അവതരണത്തിന് മന്ത്രി എത്തിയത്. ഷർട്ട് നിർദേശിച്ചത് ഭാര്യയും കോളജ് അധ്യാപികയുമായ ആശാ പ്രഭാകരൻ. ഡിഎ ഉൾപ്പെടെ, ഏഴാം ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾക്കായി സെക്രട്ടേറിയറ്റിനു മുന്നിൽ സർക്കാരിനെതിരെ സമരം നടത്തിയ ആളാണ് ആശ. പക്ഷേ ഭാര്യയുടെ സംഘടനയായ എകെപിസിടിഎയുടെ ആവശ്യങ്ങളൊന്നും ബജറ്റിൽ നിറവേറപ്പെട്ടില്ല.  ബജറ്റ് അവതരണം കാണാൻ ആശാ പ്രഭാകരനും മകനും അടുത്ത ബന്ധുക്കളും നിയമസഭാ ഗാലറിയിൽ ഇടം പിടിച്ചിരുന്നു. 

ബജറ്റിനുശേഷം പ്രതികരണം ആരാഞ്ഞെങ്കിലും ബജറ്റിനെപ്പറ്റി ഒന്നും പറയാനില്ല എന്ന നിലപാടിലായിരുന്നു ആശ.‘സൂര്യോദയ സമ്പദ്ഘടന’യിൽ തുടക്കം. ഒടുക്കമാകട്ടെ, ‘കേരളമെന്നു കേട്ടാലോ, തിളയ്ക്കണം ചോര ഞരമ്പുകളിൽ’ എന്ന വള്ളത്തോൾ കവിതയിലെ ആഹ്വാനത്തോടെയും! കെ.എൻ.ബാലഗോപാലിന്റെ ബജറ്റ് പ്രസംഗത്തിന്റെ തുടക്കവും ഒടുക്കവും ഇങ്ങനെ. ആളോഹരി വരുമാനത്തിലടക്കം കേരളം മുന്നേറുമ്പോൾ സൂര്യോദയം തന്നെയല്ലേ വേണ്ടതെന്ന് ഭരണപക്ഷ എംഎൽഎമാർ ചോദിക്കുന്നു. അതല്ല സൂര്യനെപ്പോലെയുള്ള മുഖ്യമന്ത്രിയാണ് നാടു ഭരിക്കുന്നതെന്ന പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയെ ഉറപ്പിക്കാനാണ് ബജറ്റിലും ‘സൂര്യശോഭ’ വന്നതെന്ന് പ്രതിപക്ഷ എംഎൽഎമാരും സമർഥിക്കുന്നു. 

ഇന്നലെ രാവിലെ വസതിയിൽ ബജറ്റിന്റെ അച്ചടിച്ച കോപ്പിഎത്തിയതോടെ അവസാനവട്ടം ഒന്നോടിച്ചു നോക്കിയ ശേഷം പ്രാതലിലേക്കു കടന്നു. സന്ദർശകർക്കും ഭക്ഷണം ഒരുക്കിയിരുന്നു. തുടർന്ന് നിയമസഭയിലേക്കു യാത്രയായി. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ ഓഫിസിൽ ചെന്നു കണ്ടു. ബജറ്റ് അവതരണത്തിന് മുൻപായി ആദ്യം സഭയിലെത്തിയത് മുഖ്യമന്ത്രി. പിന്നാലെയെത്തിയ ബാലഗോപാൽ ആദ്യം മുഖ്യമന്ത്രിക്കും പിന്നീട് കാബിനറ്റിലെ തന്റെ സഹപ്രവർത്തകർക്കും കൈകൊടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എത്തിയതോടെ പ്രതിപക്ഷനിരയിലേക്കു നീങ്ങി അവർക്കും ഹസ്തദാനം നൽകി. പതിവുപോലെ ടാബിലായിരുന്നു ബജറ്റ് വായന. 

രണ്ടര മണിക്കൂർ നേരം ഒറ്റനിൽപിൽ അവതരണം. ബാലഗോപാൽ ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവുമധികം ദൈർഘ്യമേറിയ ബജറ്റും ഇതായിരുന്നു. റബറിന്റെ താങ്ങുവിലയിലെത്തിയപ്പോൾ പ്രതിപക്ഷത്തു നിന്ന് ശബ്ദമുയർന്നു. താങ്ങുവില 10 രൂപ കൂട്ടിയതുകൊണ്ടു കാര്യമില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ വിളിച്ചുപറഞ്ഞു. താങ്ങുവില ഇനത്തിൽ കൊടുത്തു തീർക്കാനുള്ള പണം കർഷകർക്കു നൽകണമെന്ന് കോൺഗ്രസ്, കേരള കോൺഗ്രസ് എംഎൽഎമാർ ശബ്ദമുയർത്തി.  

ബജറ്റ് പുസ്തകത്തിന്റെ പുറംചട്ട ഭരണഘടനയുടെ ആമുഖമാണ്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നിലപാടുകളോട് മതേതരത്വവും ഭരണഘടനയും ഉയർത്തിപ്പിടിച്ച്  പോരാടുന്ന ഘട്ടത്തിൽ ഇതിലും മികച്ചൊരു കവർ വേറെയില്ലെന്നു നിർദേശിച്ചതും മന്ത്രി. അപ്പോഴേക്കും പ്രതിപക്ഷ നേതാവ് ക്രമപ്രശ്നവുമായി എഴുന്നേറ്റു. ബജറ്റിനൊപ്പം മേശപ്പുറത്തു വയ്ക്കേണ്ട ഫിസ്കൽ പോളിസി ടേബിൾ ചെയ്തിട്ടില്ല എന്നായിരുന്നു ആക്ഷേപം. മേശപ്പുറത്ത് വച്ചിട്ടുണ്ടെന്ന് മന്ത്രി. കോപ്പി കിട്ടിയില്ലെന്ന് പ്രതിപക്ഷനേതാവ്. സ്പീക്കർ മന്ത്രിയുടെ വാക്കുകൾ ശരിവച്ചതോടെ ബജറ്റ് അവതരണത്തിന് പരിസമാപ്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com