ADVERTISEMENT

തിരുവനന്തപുരം ∙ ഹെൽത്ത് ഓഫിസർ നിർവഹണ ഉദ്യോഗസ്ഥനായി ഈ സാമ്പത്തിക വർഷം നടപ്പാക്കാൻ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച കാൻസർ നിയന്ത്രണ പദ്ധതി കോർപറേഷൻ ഉപേക്ഷിച്ചു. ഈ സാമ്പത്തിക വർഷം നടപ്പാക്കാൻ കഴിയില്ലെന്ന ന്യായം പറഞ്ഞാണ് പദ്ധതി വേണ്ടെന്നു വച്ചത്. ഇതിനായി വകയിരുത്തിയ തുകയും വെട്ടി. അർഹരായ ഗുണഭോക്താക്കൾ ഇല്ലെന്ന കാരണത്താൽ പട്ടികജാതി വിഭാഗക്കാ‍ർക്ക് വീട് വാസ യോഗ്യമാക്കാൻ വകയിരുത്തിയ 2.50 കോടി വകമാറ്റി. കഴിഞ്ഞ ജനുവരി 12 ന് സർക്കാർ പുറത്തിറക്കിയ വാർഷിക പദ്ധതി ഭേദഗതി ഉത്തരവിന്റെ മറവിൽ 57 കോടി രൂപയുടെ പദ്ധതികളാണ് കോർപറേഷൻ ഉപേക്ഷിച്ചിരിക്കുന്നത്.

ഈ സാമ്പത്തിക വർഷം മൂന്നാം തവണയാണ് കോർപറേഷൻ പദ്ധതി ഭേദഗതി ചെയ്യുന്നത്. ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നിർധനരായ ഒരു കുട്ടിക്ക് പഠന സഹായം നൽകാനുള്ള പദ്ധതിയും ഉപേക്ഷിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിർവഹണ ഉദ്യോഗസ്ഥനായ പദ്ധതിക്കായി 20 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. തെരുവു വിളക്കുകളിൽ സ്ഥാപിച്ചിട്ടുള്ള സോഡിയം വേപ്പർ ലാംപുകളും ട്യൂബ് ലൈറ്റുകളും മാറ്റി എൽഇഡി സ്ഥാപിക്കാനായി തയാറാക്കിയ പദ്ധതിയും വേണ്ടെന്നു വച്ചു. വട്ടിയൂർക്കാവ് വാർഡിൽ ശുചിത്വ മിഷൻ ഓഫിസിലും പൊളി ടെക്നിക് കോംപൗണ്ടിലും എയ്റോബിക് ബിന്നുകൾ സ്ഥാപിക്കാൻ തയാറാക്കിയ പദ്ധതിയും ഉപേക്ഷിച്ചു.

സ്ഥലം സംബന്ധിച്ച പ്രശ്നമാണ് കാരണമായി പറയുന്നത്. വയോ ജനങ്ങൾക്ക് കട്ടിൽ നൽകുന്നതുൾപ്പെടെയുള്ള ക്ഷേമ പദ്ധതികളിലും കോർപറേഷൻ കത്തി വച്ചു. ഈ പദ്ധതിക്കായി വകയിരുത്തിയ തുക 3.07 കോടിയായി കുറച്ചു. 4.74 കോടിയാണ് ആദ്യം ഉൾക്കൊളളിച്ചത്. തെരുവു നായ്ക്കളുടെ വാക്സിനേഷൻ പദ്ധതി തുക 35 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി കുറച്ചു. തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തിനായി 60 ലക്ഷം വകയിരുത്തിയെങ്കിലും 40 ലക്ഷമാക്കി കുറച്ചു.  കഴിഞ്ഞ നവംബറിലാണ് അവസാനം പദ്ധതി ഭേദഗതി ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com