ADVERTISEMENT

കഴക്കൂട്ടം∙ തെറ്റിയാർ തോടിനെ മാലിന്യ മുക്തമാക്കാനും വെള്ളപ്പൊക്കം തടയാനും കയ്യേറ്റം തടയാനുമായി ന‌ടപ്പാക്കിയ തെറ്റിയാർ മിഷൻ പദ്ധതിക്ക് കോടികൾ ചെലവിട്ടെങ്കിലും  പദ്ധതി പാതി വഴിയിൽ തന്നെ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തെറ്റിയാറിലൂടെ തെളിനീർ ഒഴുക്കും എന്ന പ്രഖ്യാപനത്തോടെ നടന്ന തെറ്റിയാർ മിഷന്റെ വിവിധ ഘട്ടങ്ങളുടെ ഉദ്ഘാടനം ആഘോഷങ്ങളോടെ നടന്നെങ്കിലും തോട് പഴയപടി മാലിന്യവാഹിയായി തുടരുന്നു. തോട് ചെളി നിറഞ്ഞു കിടക്കുന്നതിനാൽ ചെറിയ മഴ പെയ്താൽ പോലും കഴക്കൂട്ടത്തിനും ആറ്റിപ്രക്കും ഇടയിൽ തോട് കര കവിഞ്ഞൊഴുകി വീടുകൾ വെള്ളത്തിലാകും. കഴക്കൂട്ടം വഴി ഒഴുകി വേളി കായലിൽ പതിക്കുന്ന പ്രധാന ജല സ്രോതസ്സുകളിൽ ഒന്നായ തെറ്റിയാർ തോട് മാലിന്യ മുക്തമാക്കാനും ചെളി നീക്കം ചെയ്ത് ആഴം കൂട്ടാനുമായി പല പദ്ധതികളും ആസൂത്രണം ചെയ്തു. 

പതിനൊന്നു കിലോമീറ്റർ വരുന്ന തോടിന് ആവശ്യമുള്ള ഭാഗത്തെല്ലാം സംരക്ഷണ ഭിത്തി കെട്ടുക,തോടിനോടുചേർന്നുള്ള വീടുകളിലും സ്ഥാപനങ്ങളിലും നിന്നുള്ള ശുചിമുറി മാലിന്യങ്ങൾ തോട്ടിൽ ഒഴുക്കുന്നത് തടയുക, വീടുകളിലും മറ്റു സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ തോട്ടിൽ ഒഴുക്കുന്നത് തടയാനായി കഴക്കൂട്ടത്ത് സുവിജ് സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ പദ്ധതികളാണ് പ്രധാനമായും ആസൂത്രണം ചെയ്തിരുന്നത്. പദ്ധതിക്കു അന്ന് 110 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും അറിയിച്ചിരുന്നു. തെറ്റിയാറിന്റെ സംരക്ഷണത്തിനും മേൽനോട്ടത്തിനും ആയി ജനപ്രതിനിധികളും നാട്ടുകാരും ടെക്നോപാർക്കിലെ വിവിധ കമ്പനി സിഒമാരും നാട്ടുകാരും കച്ചവടക്കാരും അടങ്ങുന്ന ഒരു സമിതിയെയും നിയമിച്ചിരുന്നു. 

കൂടാതെ തെറ്റിയാർ മിഷനു വേണ്ടി അന്നത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചെയർമാനായും,കലക്ടർ കൺവീനറായും ഒരു സമിതിയും ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിരവധി ഉപ സമിതികൾക്കും രൂപം നൽകി. കലക്ടറുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റി ഏതാനും തവണ കൂടിയതൊഴിച്ചാൽ പിന്നെ ആ കമ്മിറ്റിയെ കുറിച്ച് ആർക്കും അറിവ് ഇല്ല. പദ്ധതിയുടെ ഭാഗമായി തെറ്റിയാർ ഒഴുകുന്ന വെട്ടു റോഡ് ഭാഗത്ത് കുറച്ച് ചെളി കോരിമാറ്റി. പിന്നീട് കാര്യമായ ശുചീകരണമൊന്നും നടന്നിട്ടില്ല. തെറ്റിയാറിന്റെ കയ്യേറ്റം കണ്ടെത്താനായി നിയമിച്ച സർവേ ടീം വൻതോതിലുള്ള കയ്യേറ്റങ്ങൾ കണ്ടെത്തിയെങ്കിലും അതു തിരിച്ചു പിടിക്കാനുള്ള കാര്യമായ ശ്രമവും ഉണ്ടായില്ല.

25 മീറ്റർ വീതിയിലൊഴുകിയിരുന്ന തെറ്റിയാർ പല സ്ഥലത്തും എത്തുമ്പോൾ ഒൻപതോ പത്തോ മീറ്റർ വീതിയായി കുറയുന്നതായും ടീം കണ്ടെത്തിയിരുന്നു. വെട്ടുറോഡു മുതൽ കഴക്കൂട്ടം വരെ തോട്ടിൽ മാലിന്യം കെട്ടി കിടക്കുകയുമാണ്. ഇതിനൊന്നിനും ഇനിയും പരിഹാരം ഉണ്ടായിട്ടില്ല. വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ ടെക്നോ പാർക്കിനു സമീപമുള്ള തോട് മണ്ണുമാന്തി ഉപയോഗിച്ച് കുറെ മാലിന്യങ്ങൾ കോരി മാറ്റിയതൊഴിച്ചാൽ കാര്യമായ ഒന്നും സർക്കാരിന്റെയോ നഗരസഭയുടെയോ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പദ്ധതിക്കായി സർക്കാരും ടെക്നോപാർക്കിലെ കമ്പനികളും ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും അതിന്റെ ഫലം ഇനിയും ലഭിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com