ADVERTISEMENT

തിരുവനന്തപുരം ∙ വ്രതശുദ്ധിയോടെ ഭക്തർ കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല ഉത്സവാരംഭത്തിന് ഇനി 9 നാൾ. ഉത്സവ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിൽ. 17 ന് രാവിലെ 8ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കുന്ന ഉത്സവം 27 ന് സമാപിക്കും. 23 ന് ഒഴികെയുളള ദിവസങ്ങളിൽ രാവിലെ 5.30 ന് അഭിഷേകം, 6.05 ന് ദീപാരാധന, 6.40 ന് ഉഷഃപൂജ, 6.50 ന് ഉഷ ശ്രീബലി, 7.15 ന് കളഭാഭിഷേകം, 8.30 ന് പന്തീരടി പൂജ, 11.30 ന് ഉച്ച പൂജ, ഉച്ചയ്ക്ക് 12 ന് ദീപാരാധന, 12.30 ന് ഉച്ച ശ്രീബലി, വൈകിട്ട് 6.45 ന് ദീപാരാധന, 7.15 ന് ഭഗവതി സേവ, രാത്രി 9 ന് അത്താഴപൂജ, 9.15 ന് ദീപാരാധന, 9.30 ന് അത്താഴ ശ്രീബലി, 12 ന് ദീപാരാധന. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റംപാട്ട് അവതരണത്തിനും 17 ന് തുടക്കമാകും. 

17 ന് വൈകിട്ട് ആറിന് കലാപരിപാടികളുടെ ഉദ്ഘാടനം നടി അനുശ്രീ നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്കാരം സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് സമ്മാനിക്കും. 19 ന് രാവിലെ 9.30 ന് കുത്തിയോട്ട ബാലന്മാർക്കുള്ള വ്രതം ആരംഭിക്കും. 25 ന് രാവിലെ പത്തരയ്ക്ക് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം. രാത്രി ഏഴരയ്ക്ക് കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽ കുത്ത്, രാത്രി 11 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നളളത്ത്. എഴുന്നള്ളത്ത് തിരികെ എത്തുന്ന 26 ന് രാവിലെ എട്ടിന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.45 ന് കാപ്പഴിക്കും. 12.30 ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. 

ഒരുക്കം പൂർണതോതിൽ തുടങ്ങാതെ കോർപറേഷൻ
തിരുവനന്തപുരം ∙ ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് മുന്നോടിയായി കോർപറേഷൻ നടത്തേണ്ട അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ മിക്ക വാർഡുകളിലും ആരംഭിച്ചില്ല. ആറ്റുകാൽ, കളിപ്പാൻകുളം, കമലേശ്വരം, അമ്പലത്തറ എന്നീ വാർഡുകളിൽ നടത്തേണ്ട പ്രവൃത്തികളുടെ ടെൻഡർ മാത്രമാണ് ഇതുവരെ പ്രസിദ്ധീകരിച്ചത്. മറ്റു വാർഡുകളിൽ കരാർ ഏറ്റെടുത്താലും ഉത്സവം ആരംഭിക്കുന്നതിനു മുൻപ് പണി പൂർത്തിയാക്കാൻ കഴിയുമോയെന്നും ആശങ്ക. അതേസമയം, ഭക്തർ പൊങ്കാല സമർപ്പണം നടത്തുന്ന കിള്ളിപ്പാലം– അട്ടക്കുളങ്ങര റോഡ് നവീകരണം പൊങ്കാലയ്ക്ക് മുൻപ് തീരില്ലെന്ന് ഉറപ്പായി.

ഉത്സവ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള 32 വാർഡുകളിലെയും കൗൺസിലർമാരുടെ യോഗം കൂടി ഉത്സവത്തിന് മുൻപ് നടത്തേണ്ട മരാമത്ത് പണികളുടെ പട്ടിക തയാറാക്കുകയാണ് മുൻപ് കോർപറേഷൻ ചെയ്തിരുന്നത്. ഇക്കുറി ഇത്തരത്തിൽ ഒരു യോഗം കൂടിയില്ല. ആറ്റുകാൽ ഉൾപ്പെടെ മൂന്നോ നാലോ വാർഡുകളിൽ നിന്ന് മാത്രം നിർദേശങ്ങൾ വാങ്ങി ടെൻഡർ ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. റോഡ് ടാറിങ്, ഇന്റർലോക്ക് പാകൽ. ഓട നവീകരണം തുടങ്ങി ഇതുവരെ ടെൻ‍ഡർ ചെയ്ത 12 പദ്ധതികൾ ക്ഷേത്രത്തിന് ചുറ്റുമുള്ള 4 വാർഡുകളിൽ മാത്രമാക്കിയെന്നാണ് ആരോപണം. ഇതിനോടു ചേർന്ന് കിടക്കുന്ന മണക്കാട്, ചാല, പാൽക്കുളങ്ങര, കരമന, നെടുങ്കാട് തുടങ്ങിയ വാർഡുകളിൽ നടത്തേണ്ട പണികളൊന്നും ഇതുവരെ ടെൻഡർ ചെയ്തിട്ടില്ല. തെളിയാത്ത തെരുവു വിളക്കുകൾ മാറ്റി സ്ഥാപിക്കാനുള്ള സാമഗ്രികളും ലഭ്യമാക്കിയിട്ടില്ലെന്ന് കൗൺസിലർമാർ പറയുന്നു.ജില്ലാ ഭരണകൂടം ഭരണാനുമതി നൽകുന്ന മുറയ്ക്ക് കോർപറേഷനാണ് പണം അനുവദിക്കുന്നത്. 12 മരാമത്ത് പണികൾക്ക് മാത്രമാണ് കലക്ടർ ഇതുവരെ ഭരണാനുമതി നൽകിയിട്ടുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com