ADVERTISEMENT

പോത്തൻകോട് ∙ തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിൽ ചുമതലയുള്ള വനിതാ വൊളന്റിയർമാരോട് ഡ്യൂട്ടിയിലിരിക്കെ ഫോണിൽ മോശമായി സംസാരിച്ച എഎസ്ഐയെ ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റി.  കഠിനംകുളം സ്റ്റേഷനിലെ എഎസ്ഐ കെ.പി നസീമിനെ ( 55) കാഞ്ഞിരംകുളത്തേക്ക് സ്ഥലംമാറ്റിക്കൊണ്ട് റൂറൽ എസ്പി കിരൺ നാരായൺ ഉത്തരവിറക്കി. മാസങ്ങൾക്കുള്ളിൽ വിരമിക്കാനിരിക്കുന്നതിനാലാണ് ശിക്ഷാനടപടിയിൽ അയവു വരുത്തിയതെന്നാണ് വിവരം. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ദിവസങ്ങളായി ഫെസ്റ്റ് നടക്കുന്ന സ്ഥലത്ത് ഡ്യൂട്ടിയിലായിരുന്ന നസീം വിവരങ്ങൾ കൈമാറാനെന്നു പറഞ്ഞ് വനിതാ വൊളന്റിയർമാരുടെ ഫോൺ നമ്പരുകൾ വാങ്ങിയിരുന്നു. കോളജ് വിദ്യാർഥിനികളാണ് സയൻസ് ഫെസ്റ്റിന്റെ വൊളന്റിയർമാരായി നിൽക്കുന്നത്.

രാത്രി ഫോണിൽ നിരന്തരം വിദ്യാർഥിനികളെ വിളിച്ചു ശല്യപ്പെടുത്തുകയും ഒരു പെൺകുട്ടിയോട് വിഡിയോകോളിലൂടെ അശ്ലീലം പറഞ്ഞതുമാണ് കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിവച്ചത്. സംഘമായെത്തിയ വിദ്യാർഥിനികൾ നസീമിനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടു. ക്ഷുഭിതനായ നസീം പെൺകുട്ടികളുമായി വാക്കേറ്റമായി. ബഹളം കേട്ട് സംഘാടകരും എത്തിയതോടെ നസീം ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ് ആറ്റിങ്ങൽ ഡിവൈഎസ്പി പ്രദീപ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് എസ്പിക്കു നൽകിയ റിപ്പോർട്ടിലാണ് നടപടി.  സംഭവ ദിവസത്തെ നസീമിന്റെ ഡ്യൂട്ടിയും റദ്ദാക്കിയിരുന്നു. 

ശിക്ഷണ നടപടി: കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക്  എന്നിട്ടും ..
പോത്തൻകോട് ∙ കുളത്തൂർപ്പുഴ സ്വദേശി ഇപ്പോൾ ചുള്ളിമാനൂരിൽ താമസിക്കുന്ന കഠിനംകുളം സ്റ്റേഷനിലെ എഎസ്ഐ കെ.പി നസീം കൊല്ലം ജില്ലയിൽ ജോലി നോക്കവെ ശിക്ഷണ നടപടികളുടെ ഭാഗമായാണ് തിരുവനന്തപുരം ജില്ലയിലേക്ക് സ്ഥലം മാറ്റം ഉണ്ടായത്.   പാറശാലയിലേക്ക് സ്ഥലംമാറ്റിയെങ്കിലും സ്വാധീനം ഉപയോഗിച്ച് ഉത്തരവ് റദ്ദ്ചെയ്ത് കഠിനംകുളം സ്റ്റേഷനിൽ എത്തിയെന്നാണ് സൂചന. മുൻപ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഡ്രൈവറായിരുന്നപ്പോൾ ഉണ്ടാക്കിയെടുത്ത  ബന്ധങ്ങളിലൂടെ ശിക്ഷണ നടപടികളിൽ നിന്നും രക്ഷപ്പെട്ടിരുന്നതെന്നും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com