ADVERTISEMENT

മലയിൻകീഴ് ∙ പഞ്ചായത്തിലെ മണിയറവിളയിൽ പ്രവർത്തിക്കുന്ന കാട്ടാക്കട താലൂക്ക് ആസ്ഥാന ആശുപത്രിയിൽ 23.3 കോടി രൂപ ചെലവഴിച്ചുള്ള 5 നില മന്ദിരത്തിന്റെ നിർമാണം പുരോഗമിക്കുന്നു. 70 % പൂർത്തിയായതായി . 4 മാസത്തിനുള്ളിൽ കെട്ടിടം ഉദ്ഘാടനത്തിനു സജ്ജമാകുമെന്ന് നിർമാണ ചുമതല വഹിക്കുന്ന കമ്പനി അധികൃതർ അറിയിച്ചു. 2021 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. 2 വർഷത്തിനുള്ളിൽ കെട്ടിടം പൂർത്തിയാകുമെന്നാണ് അറിയിച്ചത്.

എന്നാൽ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിലും പുതിയ കെട്ടിടത്തിന്റെ അടിസ്ഥാനം ഒരുക്കുന്നതിലും ഉണ്ടായ കാലതാമസം കാരണമാണ് ഒരു വർഷത്തോളം വൈകാൻ കാരണം. 
   കിഫ്ബിയിൽ നിന്നാണ് ഫണ്ട് അനുവദിച്ചത്. നിലവിൽ ഉണ്ടായിരുന്ന കാലപ്പഴക്കംചെന്ന ഓടിട്ട കെട്ടിടവും അതിനോടനുബന്ധിച്ചുള്ള ഒ.പി ബ്ലോക്കും പൊളിച്ചാണ് പുതിയത് പണിയുന്നത്. റിസപ്ഷൻ, അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയറ്റർ, ഫാർമസി, പുരുഷ വാർഡ്, വനിതാ വാർഡ്, പ്രസവ വാർഡ്, വിവിധ വകുപ്പുകളുടെ ഒ.പി ക്ലിനിക്കുകൾ, ലാബുകൾ എന്നിവ പുതിയ മന്ദിരത്തിൽ ഉണ്ടാകും.

അന്ന് സാമൂഹികാരോഗ്യ കേന്ദ്രം, ഇന്ന് താലൂക്ക് ആശുപത്രി
മലയിൻകീഴ് ∙ സാമൂഹികാരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രിയെ 2019ൽ ആണ് താലൂക്ക് ആസ്ഥാന ആശുപത്രിയായി ഉയർത്തിയത്. എന്നാൽ താലൂക്ക് ആശുപത്രി ആയിട്ടും അതിനനുസരിച്ചുള്ള സൗകര്യം ഏർപ്പെടുത്താത്തതും ജീവനക്കാരെ നിയമിക്കാത്തതും പരാതികൾക്കു ഇടയാക്കി. പിന്നാലെയാണ് പുതിയ മന്ദിരത്തിന് ഫണ്ട് അനുവദിച്ചത്. എന്നാൽ ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് ആശുപത്രി പ്രവർത്തനത്തെ ഇപ്പോഴും ബാധിക്കുന്നുണ്ട്. പഴയ കെട്ടിടം പൊളിച്ചു പുതിയത് നിർമിക്കാൻ തുടങ്ങിയതോടെ സ്ഥലപരിമിതിയും രൂക്ഷമായി. ഇതു കാരണം നിലവിൽ വനിതകൾക്കു മാത്രമാണ് കിടത്തി ചികിത്സ ഉള്ളത്. ഒപിയിൽ ദിവസവും ആയിരത്തോളം പേർ ചികിത്സയ്ക്ക് എത്തുന്നു. നേമം ബ്ലോക്ക് പഞ്ചായത്തിനാണ് ആശുപത്രിയുടെ ചുമതല.

ബജറ്റിൽ നാലര കോടി ; ഭൂമി കിട്ടുമോ ?
മലയിൻകീഴ് ∙ രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം ബജറ്റിൽ കാട്ടാക്കട താലൂക്ക് ആശുപത്രി വികസനത്തിനു സ്ഥലം ഏറ്റെടുക്കാൻ നാലര കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ ആശുപത്രി പരിസരത്തു തന്നെ ഭൂമി കണ്ടെത്തുക എന്നത് അധികൃതർക്ക് വെല്ലുവിളിയാണ്. ആശുപത്രിയുടെ എതിർ വശത്തായി സ്വകാര്യ വ്യക്തിയുടെ  വസ്തുവാണ് നിലവിൽ ഒഴിഞ്ഞു കിടക്കുന്നത്. ബാക്കി എല്ലാം വീടുകളും വ്യാപാര സ്ഥാപനങ്ങളും നിറഞ്ഞ പ്രദേശമാണ്. വർഷങ്ങൾക്കു മുൻപ് മണിയറവിള കുടുംബം സൗജന്യമായി വിട്ടുകൊടുത്ത ഭൂമിയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. പിന്നീട് ഈ കുടുംബം തന്നെ അര ഏക്കറോളം ഭൂമി വീണ്ടും ആശുപത്രിക്കു നൽകാൻ തയാറായെങ്കിലും സമയബന്ധിതമായി ഏറ്റെടുക്കാൻ സർക്കാരിനു കഴിഞ്ഞില്ല.

 ഭാവി മുൻകൂട്ടി കണ്ടാണ് ആശുപത്രിയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടുള്ളത്. അതിനായി ഭൂമി കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും പൂർണപിന്തുണ വേണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com