കെ–സ്മാർട്ട് സോഫ്റ്റ്‌വെയർ വിപ്ലവകരമായ മാറ്റമുണ്ടാക്കും: മന്ത്രി എം.ബി.രാജേഷ്
Mail This Article
കാട്ടാക്കട ∙ തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന കെ–സ്മാർട്ട് സോഫ്റ്റ്‌വെയർ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. മാറനല്ലൂർ പഞ്ചായത്തിലെ വാതക ശ്മശാനവും ജില്ലാ ആസൂത്രണ സമിതിയുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജില്ലാ ഗെയിംസ് ഫെസ്റ്റിവലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ലൈഫ് പദ്ധതിയിൽ ഇതുവരെ 17,084 കോടി രൂപയാണ് ചെലവിട്ടത്. ഈ മാർച്ചിൽ 5 ലക്ഷം വീടുകൾ ലൈഫ് പദ്ധതി വഴി പൂർത്തിയാകും.
നിലവിൽ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും മാത്രം പ്രവർത്തിക്കുന്ന കെ–സ്മാർട്ട് സംവിധാനം ഏപ്രിൽ മാസത്തോടെ പഞ്ചായത്തുകളിലും യാഥാർഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 1.30 കോടി രൂപയും പഞ്ചായത്തിന്റെ 45 ലക്ഷം രൂപയും വിനിയോഗിച്ചാണ് ശ്മശാനം നിർമിച്ചത്. മാറനല്ലൂർ മലവിള കുക്കിരിപ്പാറയ്ക്കു സമീപത്താണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജ ബീഗം, പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ, നേമം ബ്ലോക്ക് പ്രസിഡന്റ് എസ്.കെ.പ്രീജ എന്നിവർ പ്രസംഗിച്ചു.