ADVERTISEMENT

തിരുവനന്തപുരം ∙ പേട്ടയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ദുരിതത്തിലായി നാട്ടുകാർ. രാവിലെയും വൈകിട്ടുമാണ് ഗതാഗതക്കുരുക്ക് രൂക്ഷം. പേട്ട പള്ളിമുക്ക് ജംക്‌ഷൻ മുതൽ തുടങ്ങുന്ന കുരുക്ക് പേട്ട റെയിൽവേ പാലവും കടന്ന് ചാക്ക വരെ നീളും. രാവിലെ ഓഫിസ് സമയത്തും വൈകിട്ട് അഞ്ചിന് ശേഷവുമാണ് കുരുക്ക് മുറുകുന്നത്. ആനയറയിലേക്ക് ഉള്ള പാലം വന്നാൽ പ്രശ്നപരിഹാരമാകുമെന്നു കരുതിയെങ്കിലും ഇപ്പോഴും കുരുക്കിന് ശാശ്വത പരിഹാരമായിട്ടില്ല. അനധികൃത പാർക്കിങും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. തിരക്ക് കൂടുന്ന സമയത്ത് മുൻപ് പള്ളിമുക്ക് ജംക്‌ഷൻ മുതൽ പേട്ട ചാക്ക വരെ പൊലീസുകാരെ ഗതാഗതം നിയന്ത്രിക്കാൻ നിയോഗിച്ചിരുന്നു.

ഇപ്പോൾ ആരെയും ഇതിനായി കാണുന്നില്ല. വിമാനത്താവളത്തിലേക്കും കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്കുമുള്ള പ്രധാന റോഡാണിത്. ആനയറ, വെൺപാലവട്ടം ഭാഗത്തേക്കും കൈതമുക്കിലേക്കും പേട്ട ജംക്‌ഷനിൽ നിന്നാണ് തിരിഞ്ഞു പോകേണ്ടത്. കുരുക്ക് രൂക്ഷമാകുന്ന സന്ദർഭങ്ങളിൽ മണിക്കൂറുകളാണ് വാഹനങ്ങൾ കാത്ത് കിടക്കേണ്ടി വരുന്നത്. കാൽനടയാത്രക്കാർക്ക്  നടന്നാൽ പോകാൻ സാധിക്കാത്ത സ്ഥിതിയിലാണ് പലപ്പോഴും കുരുക്ക് രൂക്ഷമാകുന്നത്. സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടും കുരുക്കിന് പരിഹാരമായിട്ടില്ല. ഒട്ടേറെ തവണ അധികൃതർക്ക് മുൻപിൽ പ്രശ്നം അറിയിച്ചിട്ടും നടപടികൾ ഉണ്ടായില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.

ഗതാഗതക്കുരുക്കിന് പോലെ തന്നെ നാട്ടുകാർക്ക് തലവേദനയായി മാറിയിരിക്കുകയാണ് തെരുവ് നായ ശല്യം. പേട്ട റെയിൽവേ സ്റ്റേഷൻ , ആനയറയിലേക്ക് തിരിയുന്ന പാലത്തിന് അടിയിലും ഒക്കെ തെരുവ് നായകൾ രാത്രിയിൽ കൂട്ടമായി തമ്പടിക്കുന്നുണ്ട്. രാത്രി പത്തിനു ശേഷം സഞ്ചരിക്കുന്നവരിൽ പലരും ഇവയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. കോർപറേഷനെ പലവട്ടം അറിയിച്ചിട്ടും നടപടികൾ ഉണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു. രാത്രിയായാൽ റേഡ് കീഴടക്കുന്ന തെരുവ് നായ്ക്കളെ കാരണം വാഹന യാത്രയും ദുരിതത്തിലാണ്.

പലപ്പോഴും ആക്രമിക്കാൻ വരുന്ന നായ്ക്കളിൽ നിന്ന് വാഹനം വെട്ടിച്ച് മാറ്റുമ്പോൾ വാഹന യാത്രക്കാർക്ക് പരുക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പേട്ട മാർക്കറ്റിൽ നിന്നുള്ള മാലിന്യവും മറ്റിടങ്ങളിൽ നിന്നുള്ളവർ വലിച്ചെറിയുന്ന മാലിന്യങ്ങളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. മറ്റു സ്ഥലങ്ങളിൽ നിന്ന് രാത്രിയിൽ എത്തി പേട്ട , ആനയറ ഭാഗങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനും നടപടി വേണമെന്നു ആവശ്യം ഉയർന്നിട്ടുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com