മുന്നിൽ വലിയ ചൂരമത്സ്യക്കൂട്ടം, പക്ഷേ ജീവൻ രക്ഷാ ദൗത്യമായിരുന്നു അവർക്ക് പ്രധാനം...
Mail This Article
വിഴിഞ്ഞം∙ കപ്പലിടിച്ചു മുങ്ങിയ ബോട്ടിലെ 5 അംഗ മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായത് ഓഖി ദുരന്തത്തിൽ മരണത്തെ മുഖാമുഖം കണ്ടവരുൾപ്പെട്ട നാലംഗ സംഘം. ശനിയാഴ്ച അജ്ഞാത കപ്പൽ ഇടിച്ചാണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. കടലിൽ വീണ പൂന്തുറ സ്വദേശികളായ 5 പേരെ തിരികെ ജീവിത തീരത്തെത്തിച്ചത് വിഴിഞ്ഞം കരിമ്പള്ളിക്കര സ്വദേശികളായ ജോൺസൺ, ജയിംസ്, ഡേവിഡ്, ആന്റണി എന്നിവരാണ്.
ഇവരിൽ ജോൺസൺ, ഡേവിഡ് എന്നിവരാണ് ഓഖി ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടത്. മത്സ്യബന്ധനത്തിനു ശേഷം മടങ്ങുമ്പോഴാണ് കൈകളും തോർത്തും ഉയർത്തി സഹായം തേടുന്നവരെ കണ്ടത്ത്. മിന്നൽ വേഗത്തിലായിരുന്നു രക്ഷാ ദൗത്യം.
യാത്രയ്ക്കിടെ മുന്നിൽ വലിയ ചൂരമത്സ്യക്കൂട്ടത്തെ കണ്ടുവെങ്കിലും ജീവൻ രക്ഷാ ദൗത്യമായിരുന്നു പ്രധാനം. ആഹാരം പോലും ഉപേക്ഷിച്ചായിരുന്നു അപകടത്തിൽപെട്ടവരെ കരയിലെത്തിച്ചത്. പിന്നീട് പൊലീസിൽ വിവരം നൽകി ചികിത്സാ സൗകര്യവും ലഭ്യമാക്കി.
ദൈവ ദൂതരെ പോലെ അവരെത്തിയില്ലായിരുന്നെങ്കിൽ തങ്ങൾ അഞ്ചുപേരും കടലാഴങ്ങളിലേക്ക് മുങ്ങിപോകുമായിരുന്നു എന്ന് രക്ഷപ്പെട്ടെത്തിയ പൂന്തുറ സ്വദേശികളായ മത്സ്യത്തൊഴിലാളികൾ. പൂന്തുറ സ്വദേശികളായ ക്ലീറ്റസ്, ആൻഡ്രൂസ്, സെൽവൻ, മരിയദാസൻ, ജോൺ എന്നിവരെയാണ് രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്.
ബോട്ടിനായുള്ള അന്വേഷണം വിഫലം
വിഴിഞ്ഞം∙കപ്പൽ ഇടിച്ചു മുങ്ങിയ മത്സ്യബന്ധന ബോട്ട് കണ്ടെത്താൻ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ മറൈൻ ആംബുലൻസിൽ കടലിൽ നടത്തിയ പരിശോധന വിഫലം. ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ ടി.ടി.ജയന്തി, മറൈൻ എൻഫോഴ്സ്മെന്റ് സിപിഒ വിനിൽ, ലൈഫ് ഗാർഡുമാരായ കൃഷ്ണൻ, ജോണി, ശശി, ആന്റണി, ക്യാപ്റ്റൻ വാൽത്തൂസ്, എൻജിനീയർ അരവിന്ദൻ എന്നിവരും കോസ്റ്റൽ പൊലീസ് സംഘവുമാണ് മത്സ്യത്തൊഴിലാളികൾക്കൊപ്പം ഇന്നലെ സംഭവം നടന്ന 28 നോട്ടിക്കൽ മൈൽ ഉള്ളിൽ പോയി പരിശോധിച്ചത്. ബോട്ട് കണ്ടെത്താനായില്ലെന്നും ഇടിച്ച കപ്പലിനെ കണ്ടെത്തുന്നതിന് കോസ്റ്റുഗാർഡിനു വിവരം നൽകിയിട്ടുണ്ടെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു.