ADVERTISEMENT

പാറശാല∙തീരശോഷണം കനത്ത പരുത്തിയൂരിൽ നെയ്യാറും കടലും തമ്മിലുളള വേർതിരിവ് ഇനി ഇരുപത് മീറ്റർ മാത്രം. സ്ഥിതി തുടർന്നാൽ നെയ്യാറും എവിഎം കനാലും സംഗമിക്കുന്ന പരുത്തിയൂരിൽ പെ‍ാഴി മുറിക്കാതെ തന്നെ നെയ്യാർ കടലിലേക്ക് നേരിട്ടെ‍ാഴുകുന്ന കാലം വിദൂരമല്ല. നാലു വർഷം മുൻപ് അതിർത്തി മുതൽ‍ തമിഴ്നാട് പുലിമുട്ട് സ്ഥാപിച്ചതോടെ ആണ് കെ‍ാല്ലങ്കോട് മുതൽ പരുത്തിയൂർ വരെ തിരയടി ശക്തമായത്. തിരകളുടെ പ്രഹര ശേഷിയിൽ പല ഘട്ടങ്ങളിലായി ഒന്നരക്കോടി വരെ മുടക്കി തീരത്ത് സ്ഥാപിച്ച കരിങ്കൽ ഭിത്തിയും മണൽ നിറച്ച ജിയോ ബാഗും ഭൂരിഭാഗവും കടൽ വിഴുങ്ങി കഴിഞ്ഞു. വർഷങ്ങൾക്ക് മുൻപ് ജില്ലയിലെ സുന്ദര തീരങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള പെ‍ാഴിക്കരയിൽ ഇന്ന് സഞ്ചാരികൾക്ക് കാൽ നനയ്ക്കുന്നതിനു ഇറങ്ങാൻ പോലും സാധ്യമല്ല.

2024–25 ബജറ്റിൽ‍ പെ‍ാഴിയൂരിൽ മത്സ്യബന്ധന ഹാർബർ നിർമാണത്തിന്റെ ആദ്യ ഘട്ടമായി അഞ്ചു കോടി രൂപ വകയിരുത്തിയത് പ്രദേശത്തെ മത്സ്യതെ‍ാഴിലാളികൾക്ക് ആശ്വാസം പകരുമ്പോഴും അനുദിനം നഷ്ടമാകുന്ന തീരത്തിന്റെ ഭാവി ഇവരുടെ ഉറക്കം കെടുത്തുന്നു. ആയിരത്തോളം യന്ത്രവൽകൃത വള്ളങ്ങളും ചെറിയ ബോട്ടുകളും മത്സ്യബന്ധനത്തിനു പോയിരുന്ന തെക്കേകെ‍ാല്ലങ്കോട് തീരത്ത് വള്ളം ഇറക്കാൻ പോലും പെടാപ്പാടു തന്നെ വേണ്ടി വരും. തീരശോഷണം സംബന്ധിച്ച് ദിവസങ്ങൾക്കു മുൻപ് മനോരമയിൽ വാർത്ത പ്രസിദ്ധീകരിച്ചതോടെ ഡപ്യൂട്ടി കലക്ടർ സ്ഥലത്തെത്തി പെ‍ാളിഞ്ഞ സ്ഥലങ്ങളിൽ കടൽഭിത്തി നിർമാണത്തിനു സാധ്യതകൾ തേടിയിരുന്നു.

കഴിഞ്ഞ കാലവർഷത്തിൽ തെക്കേകെ‍ാല്ലങ്കോട് ഭാഗത്ത് ഇരുപത് മീറ്ററോളം തീരം കടന്ന് പെ‍ാഴിയൂർ–നീരോടി റോഡിന്റെ പകുതിയോളം ഭാഗം കടൽ എടുത്തിട്ടുണ്ട്. രണ്ട് തവണയായി മാത്രം ഇരുപത് ലക്ഷത്തോളം രൂപ ചെലവിട്ടാണ് ഇൗ ഭാഗത്തെ റോഡിന്റെ തകരാർ പരിഹരിച്ചത്. കരിങ്കൽ ഭിത്തി കെ‍ാണ്ട് മാത്രം തിരയടി ശക്തമായ മേഖലയിലെ വർധിക്കുന്ന തീരശോഷണം തടയാൻ കഴിയില്ലെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ‍. പുലിമുട്ട് നിർമാണം ആണ് ഏക പോംവഴി. കാലവർഷം എത്താൻ മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ തീര സംരക്ഷണത്തിനു ഉടൻ നടപടി ആരംഭിക്കണമെന്ന ആവശ്യത്തിൽ ആണ് ഇടവക ഭാരവാഹികളും മത്സ്യതെ‍ാഴിലാളി സംഘടനകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com