നെടുമങ്ങാടിന്റെ പരിസരങ്ങളിൽ തീ പിടിത്തം തുടർക്കഥയായി
Mail This Article
നെടുമങ്ങാട്∙ ചൂട് കടുത്തതോടെ നെടുമങ്ങാടിന്റെ പരിസര പ്രദേശങ്ങളിൽ തീ പിടിത്തം തുടർ കഥയായി മാറുന്നു. ഇന്നലെ വട്ടപ്പാറ ഷാലോം സ്കൂളിന് പിന്നിലെ റബർ തോട്ടത്തിലും, വേട്ടംപള്ളി ആനമലയ്ക്ക് ചുറ്റുമുള്ള കാടും ചേർന്നുള്ള റബർ പുരയിടത്തിലുമാണ് തീ പടർന്നത്. രാവിലെ 11ന് ഷാലോം സ്കൂളിന് പിന്നിലെ 12 ഏക്കറോളം വരുന്ന റബർ പുരയിടത്തിലും വൈകിട്ട് 3ന് വേട്ടംപള്ളി ആനമലയ്ക്ക് ചുറ്റുമുള്ള കാടും ചേർന്നുള്ള 65 ഏക്കറോളം വരുന്ന റബർ തോട്ടത്തിലുമാണ് തീ പടർന്നത്. രണ്ട് സ്ഥലങ്ങളിലും നെടുമങ്ങാട്ട് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷ സേന എത്തി തീ കെടുത്തിയതിനാൽ തോട്ടങ്ങൾ പൂർണമായും കത്തി പോകുന്നത് ഒഴിവാക്കാനായി.
ഇക്കഴിഞ്ഞ ഞായറാഴ്ചയും മൂന്ന് ഇടങ്ങളിൽ തീ പിടിച്ചിരുന്നു. അന്ന് വേട്ടംപള്ളി ആനമലയ്ക്ക് ചുറ്റുമുള്ള കാട്ടിലും സമീപത്തെ റബർ തോട്ടത്തിലും, വേങ്കവിള പ്ലാവറ ഒരു വീടിന് പിന്നിൽ അൽപം മാറിയുള്ള വിറക് പുരയിലും ചേർന്നുള്ള റബർ പുരയിടത്തിലും, മുണ്ടേല കാണിക്കപ്പെട്ടിക്ക് സമീപം കുന്നാത്തടി മില്ലിന് പിന്നിലെ റബർ തോട്ടത്തിലുമാണ് തീ പടർന്നിരുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് വെള്ളനാടിന് സമീപത്തെ ഒരു പുരയിടത്തിലും തീ പിടിച്ചിരുന്നത്. എല്ലാ സ്ഥലങ്ങളിലും നെടുമങ്ങാട്ട് നിന്നും അഗ്നി രക്ഷ സേന എത്തി ആയിരുന്നു കൂടുതൽ ഭാഗത്തേക്ക് തീ പടരാതെ കെടുത്തിയത്.