ADVERTISEMENT

പോത്തൻകോട് ∙ തൃപ്പൂണിത്തുറ സ്ഫോടനത്തെ തുടർന്ന് കരാറുകാരനായ പോത്തൻകോട് ശാസ്തവട്ടം പ്ലാവില വീട്ടിൽ അനൂപ് എന്ന ആദർശ്, സഹോദരൻ അപ്പൂസ് എന്ന അഖിൽ എന്നിവർ വാടകയ്ക്കെടുത്ത കെട്ടിടങ്ങളിൽ പോത്തൻകോട് പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്നും വൻതോതിൽ സ്ഫോടക വസ്തുക്കളും ഒപ്പം കഞ്ചാവും കണ്ടെടുത്തു. പോത്തൻകോട് എസ്എച്ചഒ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഇന്നലെ ഉച്ചയോടെയാണ് വ്യാപക പരിശോധന നടത്തിയത്. ഇരിഞ്ചയം സ്വദേശി അശോകന്റെയും പോത്തൻകോട് സ്വദേശി വൃന്ദാ നായരുടെയും ഉടമസ്ഥതയിലുള്ള വീടുകളാണ് പടക്കം നിർമിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി ഇവർ വാടകയ്ക്ക് എടുത്തിരുന്നതെന്നും പൊലീസ് പറഞ്ഞു. 

തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിനു സമീപം ചൂരക്കാട് പടക്കം ശേഖരിച്ചു വച്ച കെട്ടിടത്തിൽ ഉഗ്ര സ്ഫോടനം നടന്നെന്ന് അറിഞ്ഞതോടെ തന്നെ ബന്ധപ്പെട്ടവർ ശാസ്തവട്ടത്തെ വാടക വീടുകളിൽ വൻതോതിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ വാഹനങ്ങളിൽ മാറ്റിക്കഴിഞ്ഞിരുന്നു. ജോലിക്കാരും വീട് അടച്ച് സ്ഥലം വിട്ടിരുന്നു. ഇവർ എങ്ങോട്ടാണ് സാധനങ്ങൾ മാറ്റിയതെന്നറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിന്റെ വാതിൽ പൊളിച്ചാണ് പൊലീസ് അകത്തുകയറിയത്. പടക്കം നിർമിക്കാനുപയോഗിക്കുന്ന കരിമരുന്നും അമോണിയം നൈട്രേറ്റുമടക്കം സാധനങ്ങൾ പൊലീസ് കണ്ടെടുത്തു. 3 പൊതികളിലായി കഞ്ചാവും മുറിയിൽ നിന്നും കിട്ടി.

സമീപ പറമ്പുകളിലും ചീനിവിള പാറക്കുളത്തിലും പടക്കുകളും പടക്ക് (ഗുണ്ട്) നിർമിക്കാനുപയോഗിക്കുന്ന വസ്തുക്കളും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. സ്ഥലത്ത് ഒരു കാറും 2 ബൈക്കും സ്കൂട്ടറും ഉണ്ടായിരുന്നു. താക്കോലുകളും വാഹനങ്ങളിൽ തന്നെയുണ്ടായിരുന്നു. അതേസമയം ഇവർക്ക് പടക്കം നിർമിക്കാനോ വിൽപന നടത്താനോ ലൈസൻസ് ഉള്ളതായി സ്റ്റേഷനിൽ രേഖകളില്ലെന്ന് എസ്എച്ച്ഒ പറഞ്ഞു. നിയമ പ്രകാരമല്ലാതെ സ്ഫോടക വസ്തു കൈകാര്യം ചെയ്തതിനും കഞ്ചാവ് സൂക്ഷിച്ചതിന് മറ്റൊരു കേസും എടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ ആദർശിന് ഗുരുതര പൊള്ളലേറ്റതായാണ് വിവരം. അതേ സമയം അഖിലിനെ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

 പടക്ക നിർ‌മാണം നടന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന കരിമരുന്ന് പൊലീസ് കണ്ടെടുത്തത്.
പടക്ക നിർ‌മാണം നടന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന കരിമരുന്ന് പൊലീസ് കണ്ടെടുത്തത്.

സർവ സജ്ജം
പോത്തൻകോട്∙ വൃന്ദയുടെ വീടിനു പുറകു വശത്തായാണ് ചീനിവിള പാറക്കുളം. ഈ കുളത്തിലും സമീപ പറമ്പിലുമാണ് പടക്കം ഉപേക്ഷിച്ച നിലയിൽ കണ്ടത്. വീടിനുള്ളിലും പിൻവശത്ത് പടക്കം നിർമിക്കാനുള്ള സജ്ജീകരണങ്ങളും ഉണ്ടായിരുന്നു. ചാക്കുകളിൽ വൻതോതിൽ കരിമരുന്നു പൊടിയും രുപഭേദം വരുത്തിയ കരിമരുന്നും ഉണ്ടായിരുന്നു.

അനുമതി തേടിയിട്ടില്ല: കലക്ടർ
തൃപ്പൂണിത്തുറ∙ വെടിക്കെട്ടിനു ജില്ലാ ഭരണകൂടത്തിൽ നിന്ന് അനുമതി തേടിയിട്ടില്ലെന്നും കർശന നടപടികളുണ്ടാകുമെന്നും സ്ഥലം സന്ദർശിച്ച കലക്ടർ എൻ.എസ്.കെ.ഉമേഷ് അറിയിച്ചു. തകർന്ന വീടുകളിൽ നിന്നു താമസക്കാരെ തൃപ്പൂണിത്തുറ നഗരസഭ പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ തുറന്ന ദുരിതാശ്വാസക്യാംപിലേക്കു മാറ്റി. ക്ഷേത്രത്തിലെ താലപ്പൊലിയുടെ ഭാഗമായി വടക്കുപുറം നായർ കരയോഗത്തിന്റെ സ്ഥലത്തുള്ള ഷെഡിലാണു പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. 

 6 സ്ഫോടനങ്ങൾ
തൃപ്പൂണിത്തുറ∙തുടരെ 6 സ്ഫോടന ശബ്ദങ്ങൾ കേട്ടുവെന്നു സമീപവാസികൾ പറഞ്ഞു. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനം നടത്തി. വെടിക്കെട്ട് നടത്തരുതെന്നു ക്ഷേത്ര കമ്മിറ്റിക്കും പടക്ക കരാറുകാർക്കും നിർദേശം നൽകിയിരുന്നതായി പൊലീസ്  പറഞ്ഞു. പുതിയകാവ് ക്ഷേത്രത്തിൽ തെക്കുംപുറം വിഭാഗം വെടിക്കെട്ട് നടത്തിയതും അതുമതി ഇല്ലാതെയായിരുന്നു. ഇതിന്റെ പേരിൽ ഭാരവാഹികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇന്നലെ വടക്കുംപുറം നടത്താനിരുന്ന വെടിക്കെട്ടിന്റെ ഒരുക്കങ്ങൾക്കിടെയാണു സ്ഫോടനം.സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

ലൈസൻസ് ലഭിക്കും മുൻപേ പടക്ക നിർമാണം
പോത്തൻകോട് ∙ ആദർശിന്റെയും അഖിലിന്റെയും അച്ഛൻ മധുവിൽ നിന്നാണ് ഇവർ പാരമ്പര്യമായി പടക്ക കച്ചവടത്തിലേക്ക് എത്തുന്നത്. മധു 2 വർഷം മുൻപാണ് അസുഖ ബാധിതനായി മരിക്കുന്നത്. ഈ സമയം മധുവിന്റെ ഭാര്യ ആനന്ദവല്ലിയുടെ പേരിൽ പടക്ക വിൽപനയ്ക്കായി മാത്രം ലൈസൻസ് ഉണ്ടായിരുന്നതായാണ് വിവരം. ആനന്ദവല്ലിയും 6 മാസം മുൻപ് മരിച്ചു. ലൈസൻസ് തന്റെ പേരിലാക്കാനായാണ് അഖിൽ വീട് വാടകയ്ക്കെടുക്കുന്നത്. വാടക വീട്ടിലെ പരിശോധനയിൽ അഖിലിന്റെ പേരിൽ എഴുതി വാങ്ങിയിട്ടുള്ള വാടക കരാർ പൊലീസിനു കിട്ടിയിട്ടുണ്ട്. ഇതിൽ പടക്ക വിൽപനയ്ക്കും നിർമാണത്തിനുമായി ലൈസൻസ് എടുക്കുന്നതിനു വേണ്ടിയെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതുവരെ ലൈസൻസ് കിട്ടാതെയാണ് ഇവർ വ്യാവസായിക അടിസ്ഥാനത്തിൽ ഇവിടെ പടക്കം നിർമിച്ചതെന്നും പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com