ADVERTISEMENT

തിരുവനന്തപുരം ∙ പൊങ്കാല നിവേദ്യത്തിനു ശേഷം ആരംഭിക്കുന്ന ശുചീകരണം രാത്രി പത്തിന് അവസാനിപ്പിക്കുമെന്ന് കോർപറേഷൻ. 1200 തൊഴിലാളികളെ ദിവസന വേതനത്തിന് നിയോഗിക്കുമെന്നും ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിൽ കോർപറേഷൻ അറിയിച്ചു. സ്വന്തം ആംബുലൻസുകൾക്കു പുറമേ സ്വകാര്യ ആശുപത്രികളുടെ ഉടമസ്ഥതയിലുള്ള പത്ത് ആംബുലൻസുകളും അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പൊള്ളലേറ്റ് ഗുരുതരമാകുന്നവരെ പ്രവേശിപ്പിക്കാൻ മെഡിക്കൽ കോളജിൽ 26–ാം വാർഡിന് സമീപത്തായി 30 കിടക്കകൾ സജ്ജീകരിക്കും. തീവ്ര പരിചരണ വിഭാഗത്തിൽ നൂറു കിടക്കകളും സജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 

23 വരെയും 24 മുതൽ 26 വരെ തീയതികളിലും രണ്ട് ഘട്ടങ്ങളിലായി സുരക്ഷയൊരുക്കുമെന്ന് പൊലീസ് അറിയിച്ചു. പൊങ്കാലയ്ക്ക് മുൻപ് നിർമാണം പൂർത്തിയാക്കാൻ കഴിയാത്ത റോഡുകളിൽ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അറിയിച്ചു. ഭക്തരുടെ തിരക്ക് അനുസരിച്ച് കിഴക്കേകോട്ട, തമ്പാനൂർ എന്നിവിടങ്ങളിൽ നിന്ന് 20 ഇലക്ട്രിക് ബസുകൾ ആറ്റുകാലിലേക്ക് സർവീസ് നടത്തുമെന്നും പൊങ്കാല ദിവസം 300 സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു. പൊങ്കാലയ്ക്ക് മുൻപും ശേഷവും നഗരത്തിലെ 3 സ്ഥലങ്ങളിൽ അന്തരീക്ഷ മലിനീകരണ തോത് അളക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ അനിൽ, ആന്റണി രാജു എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ, കലക്ടർ ജെറോമിക് ജോർജ്, സബ് കലക്ടർ അശ്വതി ശ്രീനിവാസ്, സിറ്റി പൊലീസ് കമ്മിഷണർ എച്ച്. നാഗരാജു, വാർഡ് കൗൺസിലർമാർ, ആറ്റുകാൽ ട്രസ്റ്റ് ഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com