ADVERTISEMENT

ചിറയിൻകീഴ്∙ മാറുന്ന കാലഘട്ടത്തിൽ സമൂഹത്തിൽ മികച്ച രീതിയിൽ മുന്നേറുന്നതിനായി കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ മൂല്യം നൽകണമെന്ന് സബ് ജ‍‍ഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ എസ്.ഷംനാദ്. കുടുംബങ്ങളുടെ അടിത്തറ ശക്തമല്ലാത്ത സാഹചര്യത്തിലാണ് സമൂഹത്തിൽ ലഹരി ഉപയോഗം ഉൾപ്പെടെയുള്ളവ വർധിക്കുന്നത്. അതു തടയുന്നതിന് വേണ്ടി എല്ലാപേരും ഒരേ മനസ്സോടെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വലിയകട മുക്കാലുവട്ടം ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ കുംഭ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘മനുഷ്യർ തിരക്കേറിയതോടെ കുടുംബബന്ധത്തിന്റെ മൂല്യം മനഃപൂർവം മറക്കുന്ന സ്ഥിതിയിലേക്കായി. ഏറ്റവും ആദരിക്കപ്പെടേണ്ട അമ്മയെയും അച്ഛനെയും തള്ളിക്കളയുകയെന്നത് സാംസ്കാരിക മൂല്യച്യുതിയെയാണ് കാണിക്കുന്നത്. അതിനാൽ അവർക്ക് വേണ്ട ബഹുമാനവും പ്രധാന്യവും നൽകാൻ യുവ തലമുറ തയാറാകണം. കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്നയിടത്തെ കുട്ടികളുടെ ജീവിതവും താളം തെറ്റുന്ന അവസ്ഥയാണ്. ലീഗൽ സർവീസ് അതോറിറ്റിയുടെ ഭാഗമായി നേരത്തെ സ്കൂളുകളിൽ സർവേ നടത്തുമ്പോൾ 1% താഴെ വിദ്യാർഥികളാണ് ലഹരിക്ക് അടിമപ്പെട്ടിരുന്നുവെങ്കിൽ ഇപ്പോൾ അത് 20% മുകളിലായി. ഇത് ഞെട്ടിക്കുന്ന കണക്കുകളാണ്. ഇതിനു നിയന്ത്രണം കൊണ്ടുവരാൻ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാകുകയും അതുവഴി സമൂഹത്തിൽ മാറ്റം വരാൻ ഏവരും ഒന്നിച്ച് നിൽക്കുകയും ചെയ്യണം’’ – അദ്ദേഹം പറഞ്ഞു.

എസ്.സാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവിതാംകൂർ രാജ കുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വച്ച് ചിറയിൻകീഴ് രത്ന പുരസ്കാരം ഡോ. ബി.സീരപാണി (സ്വാമിജി ക്ലിനിക്), അധ്യാപക രത്ന പുരസ്കാനം സിനി തോമസ് (പ്രിൻസിപ്പൽ, സിഎസ്ഐ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആറ്റിങ്ങൾ), കർമ രത്ന പുരക്സാരം എം.ആർ ഉണ്ണിക്കൃഷ്ണൻ (സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്), ആരോഗ്യ രത്ന പുരസ്കാരം മഞ്ചു ബിജു (നഴ്സിങ് ഓഫിസർ), കലാപ്രതിഭാ പുരസ്കാരം സെന്തിൽ ചിറയിൻകീഴ്, മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം ഗവ. യുപിഎസ് പാലവിളക്ക് വേണ്ടി എച്ച്.എം.ഷാമിലാ ബീവി, യുവ കലാപ്രതിഭാ പുരസ്കാരം സംസ്ഥാന സ്കൂൾ കലോത്സവ വിജയി റിതു വർണ്ണൻ, മിമിക്രി കലാകാരൻ ഉണ്ണിക്കണ്ണൻ, ഗോപിക എസ്.നായർ തുടങ്ങിയവർ ഏറ്റുവാങ്ങി.

ക്ഷേത്ര രക്ഷാധികാരി പ്രേംകുമാർ, പ്രസിഡന്റ് മനോജ്, കമ്മിറ്റി അംഗം രാജീവ് അടുന്നിലശ്ശേരി, ആർ.എസ്.മനോജ് കുമാർ, രാജേഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും ട്രഷറർ അശ്വിൻദാസ് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com