ADVERTISEMENT

തിരുവനന്തപുരം∙ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന  2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ  സിസിടിവി ദൃശ്യമോ മൊബൈൽ ടവർ ലൊക്കേഷനോ ഫോൺ വിളികളിൽ നിന്നുള്ള തെളിവുകളോ കിട്ടാതെ വന്നതോടെ പൊലീസിന്  മുന്നോട്ടുപോകാനായില്ല. കുട്ടിയെ കാണാതായ രാത്രി ആദ്യം പൊലീസ് അന്വേഷണം ഫലപ്രദമായിരുന്നോ എന്നും സംശയമുയരുന്നു.  പുലർച്ചെ സംഭവ സ്ഥലത്തു വന്ന പൊലീസ് സംഘം വാഹന പരിശോധന നടത്തി മടങ്ങി. ഈഞ്ചയ്ക്കൽ ഭാഗത്തു വച്ചു രാത്രി കുഞ്ഞിനെ സ്കൂട്ടറിൽ കൊണ്ടുപോകുന്നതു കണ്ടതായി ഒരാൾ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. 

ആശുപത്രിയിൽ പ്രതിഷേധം; നാടകീയ സംഭവങ്ങൾ
കുട്ടിയെ  വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് എസ്എടി ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധവും നാടകീയ സംഭവങ്ങളും അരങ്ങേറി.  4 മണിക്കൂറോളം നേരം ബന്ധുക്കൾ ആശുപത്രി വളപ്പിൽ പ്രതിഷേധവുമായി നിലയുറപ്പിച്ചതോടെ പൊലീസ് ഇടപെട്ടു കുട്ടിയെ ഡിസ്ചാർജ് ചെയ്ത് ശിശുക്ഷേമ സമിതിയുടെ അത്താണിയിലെ അഭയ കേന്ദ്രത്തിലേക്കു മാറ്റി. കുട്ടിയുടെ അമ്മയെയും അവിടെ താമസിക്കാൻ അനുവദിച്ചു. മറ്റു മൂന്നു കുട്ടികളെയും അഭയകേന്ദ്രത്തിലാക്കി. എന്നാൽ നാട്ടിലേക്കു പോകാൻ ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ബന്ധുക്കൾ വീണ്ടും രംഗത്തുവന്നു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു പ്രതിഷേധം. സ്ത്രീകളും കുട്ടികളും അടങ്ങുന്ന എട്ടംഗ സംഘം ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിലെത്തി ബഹളം വച്ചു. തുടർന്നു സുരക്ഷാ ജീവനക്കാർ ഇവരെ പുറത്തേക്കു നീക്കി. 

പിന്നീട് ആശുപത്രി വളപ്പിലിരുന്ന് ഇവർ വീണ്ടും പ്രതിഷേധിച്ചതോടെ ആശുപത്രിയിലെ കൂട്ടിരിപ്പുകാർ തടിച്ചുകൂടി. സംഘർഷാവസ്ഥയെ തുടർന്നു പൊലീസെത്തി തിരിച്ചുപോകാൻ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കൾ തയാറായില്ല. ബന്ധുക്കൾ പറഞ്ഞത്: കുഞ്ഞിനെ ആവശ്യമില്ലാതെ തടഞ്ഞു വച്ചിരിക്കുകയാണ്. മറ്റു 3 കുട്ടികളെയും തിരിച്ചു കിട്ടണം. കുട്ടികളെ കിട്ടിയാൽ നാട്ടിലേക്കു പോകും. കൂടെയുള്ള 3 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്ന് പ്രചാരണമുണ്ടായെങ്കിലും പൊലീസ് ഇത് നിഷേധിക്കുകയാണ്. ചില വിവരങ്ങളിൽ വ്യക്തത വരുത്താൻ വിളിപ്പിച്ചുവെന്നും വിട്ടയച്ചുവെന്നുമാണ് പൊലീസ് പറയുന്നത്.  

പൊലീസ് ആവശ്യം തള്ളി
കുട്ടിയെ ഒരാഴ്ച കൂടി ആശുപത്രിയിൽ പാർപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർക്ക് കത്തു നൽകിയിരുന്നു. ചൊവ്വ രാത്രി പേട്ട എസ്എച്ച്ഒ നേരിട്ടെത്തിയാണ് കത്തു കൈമാറിയത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമായതിനാൽ ഇന്നലെ ഡിസ്ചാർജ് ചെയ്യാമെന്നു ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ കുഞ്ഞിനെ കൗൺസലിങിനു വിധേയമാക്കുന്നതു വരെ ആശുപത്രിയിൽ നിർത്തണമെന്നു പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഒടുവിൽ ബന്ധുക്കൾ പ്രതിഷേധവുമായി എത്തിയതോടെയാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്തത്. 

ഡിഎൻഎ പരിശോധന
കുഞ്ഞിന്റെ ഡിഎൻഎ പരിശോധിക്കാനായി സാംപിൾ എടുത്തു പൊലീസിന്റെ ഫൊറൻസിക് ലാബിലേക്ക് അയച്ചു. രക്തത്തിൽ മദ്യത്തിന്റെ അംശം അടങ്ങിയിട്ടുണ്ടോ എന്നു പരിശോധിക്കാൻ രക്തസാംപിളും ശേഖരിച്ചിട്ടുണ്ട്. 

അച്ഛന്റെ വാക്കുകൾ
കുട്ടിയുടെ അച്ഛൻ പറഞ്ഞത്: മകൾ പൊന്തക്കാട്ടിലേക്കു സ്വയം നടന്നു പോകില്ല. ഭാര്യയ്ക്കും എനിക്കും ഒപ്പമാണ് മകൾ കിടന്നത്. ഉറങ്ങാൻ കിടത്തിയ സ്ഥലത്തു നിന്ന് രാത്രി മകൾ ഒരിക്കലും നടന്നു പോകില്ല. ആരോ എടുത്തു കൊണ്ടു പോയിട്ട് അവിടെ ഉപേക്ഷിച്ചതാകും.

സംശയങ്ങൾക്ക് പിന്നാലെ പൊലീസ്
കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിനടുത്തായി 15–16 വയസ്സു തോന്നിക്കുന്ന 3 ആൺകുട്ടികൾ സിഗററ്റ് വലിക്കുന്നതു കണ്ടതായാണു ചാക്ക സ്വദേശിയായ വീട്ടമ്മയുടെ വെളിപ്പെടുത്തൽ. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. സ്ഥലവാസികളല്ലാത്ത കുട്ടികൾ പാലത്തിനടുത്ത് ഇരിക്കുകയായിരുന്നു. പഴയ പാന്റ്സും ഷർട്ടുമായിരുന്നു വേഷം. പേട്ടയിലേക്കു പോകുകയായിരുന്നു വീട്ടമ്മ. ഇതര സംസ്ഥാനക്കാരാണെന്നും മുടി വളർത്തിയവരാണെന്നും വീട്ടമ്മ മാധ്യമങ്ങളോടു പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയവർ കുട്ടിയെ ഉപേക്ഷിക്കുന്നതിനു മുൻപു പരിസരം നിരീക്ഷിക്കാനായി അയച്ചവരാകാമെന്ന സംശയവും വീട്ടമ്മ പങ്കുവച്ചു.

ഇരുട്ടിൽ തപ്പി പൊലീസ്
തിരുവനന്തപുരം∙ ചാക്ക വിമാനത്താവളത്തിനു സമീപം മാതാപിതാക്കൾക്കൊപ്പം രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെ കാണാതായ രണ്ടു വയസ്സുകാരിയെ തിരികെ കിട്ടി മൂന്നു ദിവസം കഴിഞ്ഞിട്ടും പൊലീസിന് ദുരൂഹതയുടെ ചുരളഴിക്കാനായില്ല. കുട്ടിയെ തട്ടിക്കൊണ്ടു പോയവരിലേക്കെത്താൻ പൊലീസിന് തെളിവുകളോ സൂചനകളോ ഇതുവരെ ലഭിച്ചിട്ടില്ല. അതേ സമയം ചില സംശയങ്ങൾക്ക് വ്യക്തത വരുത്താനായി കുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരെ പൊലീസ് നിരീക്ഷണത്തിലാക്കുകയും അവരിൽ നിന്നു വിവരങ്ങൾ എടുത്തുകൊണ്ടിരിക്കുകയുമാണ്. 

കുട്ടിയുടെയും മാതാപിതാക്കളുടെയും ഡിഎൻഎ പരിശോധനയ്ക്ക് സാംപിളുകൾ ലാബിലേക്കു നൽകി. ബ്രഹ്മോസിന്റെ പിറകുവശത്ത് കാടുപിടിച്ചു കിടക്കുന്ന ട്രാക്കിനരികിലെ ആറടിയിലേറെ താഴ്ചയുളള ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതിലെ ദുരൂഹത തുടരുകയാണ്. പൊലീസിന് അജ്ഞാത സന്ദേശം ലഭിച്ചതു പ്രകാരമാണ് അവിടെയെത്തി കുട്ടിയെ രക്ഷിച്ചതെന്ന പ്രചാരണം പൊലീസ് തള്ളി. 6.28 മുതൽ ഇൗ സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് സംഘത്തിന് 7.28നാണ് കുട്ടിയെ കണ്ടുകിട്ടുന്നത്. 

ഇന്നലെ പ്രതിഷേധത്തെ തുടരർന്നു  പൊലീസ് ഇടപെട്ട് കുട്ടിയെ ഡിസ്ചാർജ് ചെയ്ത് ശിശുക്ഷേമ സമിതിയുടെ അഭയ കേന്ദ്രത്തിലേക്കു മാറ്റി. കുട്ടിയും അമ്മയുമാണ് ഇവിടെ താമസം. എന്നാൽ നാട്ടിലേക്ക് കുട്ടിയുമായി പോകണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ വീണ്ടും ആശുപത്രി സൂപ്രണ്ട് ഓഫിസിലെത്തി ബഹളം വച്ചു. ഇവരെ സുരക്ഷാ ജീവനക്കാർ അവിടെ നിന്നു നീക്കം ചെയ്തു. അന്വേഷണം പൂർത്തിയാകും വരെ ആരെയും തിരിച്ചുപോകാൻ അനുവദിക്കില്ലെന്ന് പൊലീസ് നിലപാടെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com