ADVERTISEMENT

തിരുവനന്തപുരം∙ വ്രതം നോറ്റും മനമുരുകി പ്രാർഥിച്ചുമുള്ള ഈ കാത്തിരിപ്പ് ആത്മസാക്ഷാത്കാരത്തിനു വേണ്ടിയാണ്. നാളെ രാവിലെ വരെ ആ കാത്തിരിപ്പ് നീളും. തിന്മകളും കെടുതികളും ഒഴിഞ്ഞ് ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതത്തിലേക്കുള്ള കാൽവയ്പിന്റെ പ്രതീകമായി ആറ്റുകാൽ ഭഗവതിക്ക് നാളെ പൊങ്കാല. കണ്ണെത്താ ദൂരത്തോളം നിരന്ന് പൊങ്കാല അടുപ്പുകളും പ്രാർഥനാ നിർഭരമായ മനസ്സുമായി അവയ്ക്ക് കാവലിരിക്കുന്ന ഭക്തലക്ഷവുമാണ് ഇന്നത്തെ കാഴ്ച. ക്ഷേത്രത്തിനും കിലോമീറ്ററുകളോളം ചുറ്റിലും ഈ കാഴ്ച മാത്രമാണ് ഇന്ന്. ദിവസങ്ങൾക്കു മുൻപേ എത്തി ദേവീ സന്നിധിയിൽ അടുപ്പു കൂട്ടിയവർക്കിടയിലേക്ക് ഇന്നലെയും ഭക്തസഞ്ചയം ഒഴുകിയെത്തി. ഇതോടെ ക്ഷേത്ര പരിസരം നിറഞ്ഞു. 

നാളെ രാവിലെ പത്തരയ്ക്ക് സഹ മേൽശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലേക്കും അഗ്നി പകരുമ്പോൾ മുഴങ്ങുന്ന ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ഭക്തർ ഒരുക്കിയ അടുപ്പുകൾ ജ്വലിപ്പിക്കാനുള്ള വിളംബരമാകും. പണ്ടാര അടുപ്പിൽ നിന്ന് കത്തിക്കുന്ന ദീപമാണ് കിലോമീറ്ററുകളോളം നിരന്ന അടുപ്പുകളിലേക്ക് പകരുക. 2.30ന് ഉച്ച പൂജയ്ക്ക് ശേഷം നിവേദ്യം. 300 ശാന്തിക്കാരെയാണ് നിവേദ്യത്തിനായി നിയോഗിച്ചിട്ടുള്ളത്. പിന്നെ മടക്കയാത്രയ്ക്കുള്ള തിരക്കാണ്. രാത്രി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. 27 ന് പുലർച്ചെ 12.30 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. 

പൊങ്കാല: സുരക്ഷിതമായ അകലം പാലിക്കണമെന്ന് നിർദേശം
തിരുവനന്തപുരം ∙ ട്രാൻ‍സ്ഫോർ‍‍‍‍മറുകൾ, അനുബന്ധ ഉപകരണങ്ങൾ, പോസ്റ്റുകളിലെ ഫ്യൂസ് യൂണിറ്റുകൾ എന്നിവയിൽ നിന്നു  സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ എന്നു വൈദ്യുതി ബോർഡ്. ട്രാൻ‍സ്ഫോർ‍‍‍‍മർ‍ സ്റ്റേഷന്റെ ചുറ്റുവേലിക്കു സമീപം വിശ്രമിക്കുകയോ സാധന സാമഗ്രികൾ സൂക്ഷിക്കുകയോ ചെയ്യരുത്. വൈദ്യുതി പോസ്റ്റിന്റെ ചുവട്ടിൽ പൊങ്കാലയിടരുത്. ട്രാൻ‍സ്ഫോർ‍‍‍‍മറുകളുടെയും വൈദ്യുതി പോസ്റ്റുകളുടെയും ചുവട്ടിൽ‍ ചപ്പുചവർ കൂട്ടിയിടരുത്.  ഗുണനിലവാരമുള്ള വയറുകൾ‍, സ്വിച്ച് ബോർ‍ഡുകൾ‍ എന്നിവ ഉപയോഗിച്ചു മാത്രമേ വൈദ്യുതി കണക്‌ഷൻ എടുക്കാവൂ. ദീപാലങ്കാരം അംഗീകൃത കരാറുകാരെ മാത്രം ഉപയോഗിച്ച് നിർ‍വഹിക്കേണ്ടതാണ്. ലൈറ്റുകൾ, ദീപാലങ്കാരം തുടങ്ങിയവ പൊതുജനങ്ങൾ‍ക്ക് കയ്യെത്താത്ത ഉയരത്തിൽ സ്ഥാപിക്കണം.  ഗേറ്റുകൾ‍, ഇരുമ്പ് തൂണുകൾ‍, ഗ്രില്ലുകൾ‍, ലോഹ ബോർഡുകൾ‍ എന്നിവയിൽ വൈദ്യുതി ദീപാലങ്കാരം നടത്താൻ‍ പാടില്ല. പോസ്റ്റുകളിലോ അനുബന്ധ ഉപകരണങ്ങളിലോ ബാനർ, പരസ്യബോർഡുകൾ‍ തുടങ്ങിയവ സ്ഥാപിക്കരുത്. ഇൻ‍സുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴയതോ, കൂട്ടിയോജിപ്പിച്ചതോ ആയ വയറുകൾ‍ ഉപയോഗിക്കരുത്. പോസ്റ്റുകളിൽ‍ അലങ്കാര വസ്തുക്കൾ സ്ഥാപിക്കാൻ‍ പാടില്ലെന്നും ബോർഡ് അറിയിച്ചു.

∙ ആറ്റുകാലിൽ ഇന്ന്
പള്ളിയുണർത്തൽ പുലർച്ചെ 4.30
നിർമാല്യ ദർശനം 5.00
അഭിഷേകം 5.30
ദീപാരാധന 6.05
ഉഷഃപൂജ, ദീപാരാധന 6.40
ഉഷ ശ്രീബലി 6.50
കളഭാഭിഷേകം 7.15
പന്തീരടി പൂജ 8.30
ഉച്ച പൂജ 11.30
ദീപാരാധന 12.00, 6.45
ഭഗവതി സേവ 7.15
അത്താഴ പൂജ 9.00
ദീപാരാധന 9.15
അത്താഴ ശ്രീബലി 9.30
ദീപാരാധന 12.00
നട അടയ്ക്കൽ 1.00

∙ അംബയിൽ
ഭക്തിഗാനസുധ രാവിലെ 8.00
ദേവ ഗീതങ്ങളുടെ ആലാപനം 9.00
ലളിതാ സഹസ്ര നാമ പാരായണം 10.00
സംഗീത നൃത്തം 11.00
സംഗീതക്കച്ചേരി വൈകിട്ട് 5.00
കുച്ചിപ്പുഡി 6.00
ശാസ്ത്രീയ നൃത്തം 7.00
ഭരതനാട്യം 8.00
ഭക്തിഗാന സന്ധ്യ 9.00
ഭരതനാട്യം 10.00
നൃത്തസന്ധ്യ 11.00

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com