ADVERTISEMENT

തിരുവനന്തപുരം∙ ഉള്ളുരുകിയ പ്രാർഥനകളാൽ ആറ്റുകാൽ ദേവിക്ക് നിവേദ്യമൊരുക്കാനൊരുങ്ങി ഭക്തലക്ഷങ്ങൾ. രാവിലെ പത്തരയ്ക്ക് പൊങ്കാല അടുപ്പുകൾ ജ്വലിപ്പിക്കുന്നതു മുതൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് നിവേദ്യം വരെ മനസിൽ ആറ്റുകാൽ ദേവി മാത്രം. ആ പുണ്യ നിമിഷങ്ങൾക്കായി ദിവസങ്ങളും ആഴ്ചകളുമായി കാത്തിരിക്കുന്ന ഭക്തരാണ് ഇന്ന് നഗരത്തിലെമ്പാടുമുള്ള കാഴ്ച. 

രാവിലെ ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമർപ്പണ ചടങ്ങുകൾ ആരംഭിക്കും. പണ്ടാര അടുപ്പ് ഒരുക്കിയ സ്ഥലം വേലി കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും തീ പകരുന്ന പുണ്യനിമിഷം നേരിട്ട് ദർശിക്കാനുള്ള തിരക്ക് മുൻ വർഷങ്ങളേക്കാൾ കൂടുമെന്ന കണക്കുകൂട്ടലിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഇവിടെ നിയോഗിച്ചു.

ക്ഷേത്രത്തിന് മുന്നിലൊരുക്കുന്ന പണ്ടാര അടുപ്പിൽ നിന്ന് പകരുന്ന ദീപമാണ് കിലോമീറ്ററുകൾക്കകലെ വരെ നീളുന്ന അടുപ്പുകളെ ജ്വലിപ്പിക്കുക. വിവിധ നിവേദ്യങ്ങൾ തയാറാക്കുന്ന തിരക്കാണ് പിന്നെ. ശർക്കര പായസം, വെള്ളച്ചോറ്, തെരളി, മണ്ടപ്പുറ്റ്...... അങ്ങിനെ നീളും തയാറാക്കുന്ന നിവേദ്യങ്ങളുടെ നിര. കലങ്ങൾ തിളച്ചു തൂവുമ്പോൾ ആറ്റുകാൽ ദേവിയുടെ അനുഗ്രഹ വർഷം ലഭിച്ച സന്തോഷത്തിൽ ഭക്തർ വായ്ക്കുരവയിടും. ശേഷം നിവേദ്യത്തിനുളള കാത്തിരിപ്പ്. 

ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയവർ കിഴക്കേകോട്ടയിൽ മൺകലങ്ങൾ വാങ്ങാനുള്ള തിരക്കിൽ.
ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയവർ കിഴക്കേകോട്ടയിൽ മൺകലങ്ങൾ വാങ്ങാനുള്ള തിരക്കിൽ.

ഉച്ചയ്ക്ക് 2.30 ന് ഉച്ച പൂജയ്ക്കു ശേഷം പണ്ടാര അടുപ്പിലൊരുക്കുന്ന പൊങ്കാല നിവേദിക്കും. എല്ലായിടങ്ങളിലും എത്തി പൊങ്കാല ദേവിക്കു നിവേദിക്കാൻ ആവശ്യത്തിനു ശാന്തിക്കാരെ നിയോഗിച്ചിട്ടുണ്ട്. നിവേദ്യം കഴിഞ്ഞാലുടൻ തിടുക്കപ്പെട്ട് മടങ്ങുന്ന ഭക്ത നിരയാണ് അടുത്ത കാഴ്ച.

ദിവസങ്ങൾക്കു മുൻപ് എത്തി ക്ഷേത്ര സന്നിധിയിൽ അടുപ്പ് കൂട്ടിയവരുടെ തിരക്കിലേക്ക് ഇന്നലെയും ഇന്നു പുലർച്ചെയുമായി പതിനായിരങ്ങൾ ഒഴുകിയെത്തിയപ്പോൾ നഗരം ഒട്ടാകെ ആറ്റുകാൽ ക്ഷേത്ര മുറ്റമായ പ്രതീതിയാണ്. പൊങ്കാല സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

ഗതാഗത നിയന്ത്രണം  രാത്രി വരെ
തിരുവനന്തപുരം ∙ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു നഗരത്തിൽ ഇന്നു രാത്രി 8 വരെ‌ ഗതാഗത നിയന്ത്രണം തുടരുമെന്നു പൊലീസ് അറിയിച്ചു. ഹെവി വാഹനങ്ങൾ, കണ്ടൈയ്നറുകൾ, ചരക്കു വാഹനങ്ങൾ മുതലായവ നഗരത്തിൽ പ്രവേശിക്കുന്നതും റോഡുകളിൽ പാർക്കു ചെയ്യുന്നതും നിരോധിച്ചു.

ഉത്സവ മേഖലയിലെ റോഡുകളുടെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന വിധത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ മുന്നറിയിപ്പില്ലാതെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കും. പൊങ്കാല അർപ്പിച്ച മടങ്ങുന്ന ഭക്തരുടെ വാഹനങ്ങൾ ഒരു സ്ഥലത്തു തന്നെ തടഞ്ഞു നിർത്തി ലഘു പാനീയങ്ങൾ വിതരണം ചെയ്യാൻ അനുവദിക്കില്ല.

ചൂട് 3 ഡിഗ്രി വരെ ഉയരും; ജാഗ്രതാ നിർദേശം 
തിരുവനന്തപുരം ∙ ആറ്റുകാൽ പൊങ്കാലയ്ക്കു നഗരം ഒരുങ്ങിയിരിക്കേ, തലസ്ഥാനത്ത് കടുത്ത ചൂടിനെ തുടർന്നു ജാഗ്രതാ നിർദേശം നൽകി. സാധാരണയിലും 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. ഇന്ന് 36 ഡിഗ്രി സെൽഷ്യസ് താപനില ജില്ലയിൽ രേഖപ്പെടുത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മഴയ്ക്കു സാധ്യത ഇല്ല. ഉച്ചയ്ക്കും ഉച്ചയ്ക്കു ശേഷവും താപനില ഉയരും. 

നിർജലീകരണം ഉണ്ടാകാതിരിക്കാൻ ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ അനുഭവപ്പെട്ടാൽ തണലിലേക്കു മാറണം. വിവിധ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ പ്രധാന നിർദേശങ്ങൾ:

∙ നേരിട്ട് സൂര്യപ്രകാശം എൽക്കരുത്. തൊപ്പി, തുണി എന്നിവ ഉപയോഗിച്ച് തല മറയ്ക്കാം.
∙ കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. 
∙ ഇടയ്ക്കിടെ കൈകാലുകളും മുഖവും കഴുകുക. ശുദ്ധജലമോ തിളപ്പിച്ചാറിയ വെള്ളമോ കുടിക്കുക. 
∙ കുട്ടികളെ തീയുടെ അടുത്ത് നിർത്തരുത്. കുട്ടികൾക്ക് ഇടയ്ക്കിടെ കുടിക്കാൻ വെള്ളം നൽകുക.
∙ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ മുടങ്ങാതെ കഴിക്കുക. മരുന്നുകളുടെ വിവരങ്ങൾ കയ്യിൽ കരുതണം. 
∙ തണ്ണിമത്തൻ പോലെ ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ കഴിക്കുക. ശുദ്ധജലത്തിൽ തയാറാക്കിയെന്ന്             ഉറപ്പുള്ള ഐസ് മാത്രം പാനീയങ്ങളിൽ ഉപയോഗിക്കുക. 

∙ തീ പടരാതിരിക്കാൻ ശ്രദ്ധിക്കണം. ഒരു ബക്കറ്റ് വെള്ളം അടുത്തു കരുതി വയ്ക്കണം. പൊങ്കാലയ്ക്കു ശേഷം     വെള്ളം ഉപയോഗിച്ച് തീ അണയ്ക്കണം. 
∙ പെട്ടെന്നു തീപിടിക്കുന്ന വസ്തുക്കൾ അടുപ്പിന് അടുത്ത് വയ്ക്കരുത്. വസ്ത്രങ്ങളിൽ തീപിടിച്ചാൽ ഓടരുത്. ∙ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുക.
∙ ആവശ്യമെങ്കിൽ വൊളന്റിയർമാരെ സമീപിക്കുക.

ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം
തിരുവനന്തപുരം ∙ പൊങ്കാല സമർപ്പണത്തിനു തലേദിവസം ആറ്റുകാൽ ദേവീ ദർശത്തിനു വൻ തിരക്ക്. ഒരു സമയം 5000 പേർക്ക് വരി നിൽക്കാനുള്ള ബാരിക്കേഡ് ഉണ്ടെങ്കിലും ഭക്തരുടെ നിര അതിനു പുറത്തേക്കും നീണ്ടു. രാവിലെ എത്തിയവർക്ക് വൈകിട്ടോടെയാണ് ദേവീ ദർശന ഭാഗ്യം ലഭിച്ചത്. ഉത്സത്തോടനുബന്ധിച്ച് വഞ്ചിയൂരിൽ നിന്ന് കതിർകാളയെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു.

നെൽക്കതിരുകൾ കെട്ടിയുണ്ടാക്കുന്ന കാളയുടെ രൂപമാണിത്. വിളവെടുപ്പിനോടനുബന്ധിച്ച് നടത്തിയിരുന്നതാണ് ആചാരം. വഞ്ചിയൂർ പുത്തൻറോഡ് പൗര സമിതിയുടെ നേതൃത്വത്തിലാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കതിർകാളയെ എഴുന്നള്ളിക്കുന്നത്. മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്ത് ഇന്നു രാത്രി 11 ന് ആരംഭിക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കൊമ്പൻ തൃക്കടവൂർ ശിവരാജു ആണ് ദേവിയുടെ തിടമ്പേറ്റുന്നത്. ചൂരൽ കുത്തിയ കുത്തിയോട്ട ബാലന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിലാണ് എഴുന്നള്ളത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com