യുവതിയുടെയും ശിശുവിന്റെയും മരണം: ആദ്യ ഭാര്യയും പ്രതി; ഒളിവിൽ കഴിയുന്ന ഇവർക്കായി അന്വേഷണം
Mail This Article
നേമം ∙ വിദഗ്ധ ചികിത്സ തേടാതെ വീട്ടിൽ പ്രസവത്തിന് ശ്രമിക്കുന്നതിനിടെ രക്തം വാർന്ന് യുവതിയും കുഞ്ഞും മരിക്കാനിടയായ സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ ആദ്യ ഭാര്യ റജീനയെ (43) നേമം പൊലീസ് പ്രതിചേർത്തു. മണക്കാട് കരിമഠം കോളനിയിൽ നിന്നു വന്നു പൂന്തുറ പള്ളിത്തെരുവിൽ താമസിക്കുന്ന റജീന കേസിൽ രണ്ടാം പ്രതി ആയേക്കും. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുന്ന ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ ഇതുവരെ 2 പേർ അറസ്റ്റിലായിട്ടുണ്ട്. ഷമീറയുടെ ഭർത്താവ് പൂന്തുറ പള്ളിത്തെരുവിൽ നയാസും അക്യുപംക്ചർ വഴി പ്രസവ ശുശ്രൂഷ നൽകിയ വെഞ്ഞാറമൂട് പുല്ലമ്പാറ കീഴേക്കോണം റാഹത്ത് മൻസിലിൽ ശിഹാബുദ്ദീനുമാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച അറസ്റ്റിലായ ശിഹാബുദ്ദീനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നയാസ് പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
സംഭവത്തിൽ വേറെ ആർക്കൊക്കെ നേരിട്ട് പങ്കുണ്ടെന്ന കാര്യം പൊലീസ് പരിശോധിക്കുന്നു. പാലക്കാട് തിരുമിറ്റക്കോട് അറങ്ങോട്ട് എഴുമങ്ങാട് പുത്തൻ പീടികയിൽ ഷമീറ ബീവി(36)യും നവജാതശിശുവും അമിതരക്തസ്രാവത്തെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്.