ADVERTISEMENT

മലയിൻകീഴ് ∙ കുരങ്ങുകളുടെ ശല്യത്താൽ പൊറുതി മുട്ടി മലയിൻകീഴ് പഞ്ചായത്തിലെ മച്ചേൽ പ്രദേശം. മുൻപ് വല്ലപ്പോഴും മാത്രം എത്തിയിരുന്ന വാനരസംഘം ഇപ്പോൾ ദിവസവും ഗ്രാമങ്ങൾ കയ്യടക്കുകയാണ്. വേനൽ കടുത്തതോടെ ആണ് സമീപത്തെ മൂക്കുന്നിമലയിൽ നിന്നുള്ള വാനരന്മാർ കൂട്ടത്തോടെ അതിർത്തി പ്രദേശത്തെ ജനവാസമേഖലയായ കുരുവിൻമുകൾ, മച്ചേൽ, മലവിള, മണപ്പുറം ഭാഗങ്ങളിലേക്ക് എത്തുന്നത്.  രാവിലെ വരുന്ന വാനരന്മാർ രാത്രിയോടെയാണ് മടങ്ങുന്നത്. ഇതിനിടെ വാഴ, തെങ്ങ്, മരച്ചീനി അടക്കമുള്ള കൃഷി നശിപ്പിക്കും. വീടുകളിൽ കടന്ന് ആഹാരസാധനങ്ങളും വസ്ത്രങ്ങളും കൈക്കലാക്കും. 

വാട്ടർ ടാങ്കുകളിലും അലങ്കാര മത്സ്യങ്ങൾ വളർത്തുന്ന കുളങ്ങളിലും ഇറങ്ങി കുളിക്കും. വീടുകളുടെ ചുമരുകളിലും പരിസരത്തും മലമൂത്ര വിസർജനം നടത്തി വൃത്തികേടാക്കും. ഇതിൽ നിന്ന് രോഗങ്ങൾ പടരുമെന്ന ആശങ്കയും നാട്ടുകാർക്ക് ഉണ്ട്.  കുട്ടികളെയും വയോധികരെയും ആക്രമിക്കാനും ചില വാനരന്മാർ ശ്രമിക്കാറുണ്ട്.  ആക്രമണകാരിയായ കുരങ്ങുകളെ കണ്ട് ഓടുമ്പോൾ തെന്നി വീണ് കുട്ടികൾക്കും വയോധികർക്കും പരുക്കേൽക്കുന്ന സംഭവവും ഉണ്ട്. കുരങ്ങ് ശല്യം കാരണം പല കർഷകരും കൃഷിയിൽ നിന്നും പിൻവാങ്ങി. നാട്ടിലിറങ്ങുന്ന കുരങ്ങുകളെ പിടികൂടാൻ വനംവകുപ്പിന്റെ സഹകരണത്തോടെ പഞ്ചായത്ത് ശ്രമിക്കണമെന്നു ആവശ്യം ഉയർന്നിട്ടും നടപടിയില്ല.

പാറഖനനം വരുത്തിയ വിന
മലയിൻകീഴ് ∙ പാറഖനനം വ്യാപകമായതോടെ ആണ് മുൻപ് മൂക്കുന്നിമലയിൽ നിന്ന് കുരങ്ങുകൾ നാട്ടിലേക്ക് ഇറങ്ങിയത്. എന്നാൽ 2 വർഷത്തിലേറെയായി ഇവിടെ പാറ ഖനനം ഇല്ല. പക്ഷേ, മരങ്ങളുടെയും ജലസ്രോതസ്സുകളുടെയും കുറവ് മൃഗങ്ങൾക്കും പക്ഷികൾക്കും തിരിച്ചടിയായി. അതിനാൽ മൂക്കുന്നിമലയിൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും ചെയ്താൽ ഒരുപരിധി വരെ കുരങ്ങുകൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ സാധിക്കുമെന്ന് പ്രകൃതി സ്നേഹികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com