വികസനമെത്താതെ ഹരിഹരപുരം കായലോരം; ടൂറിസം വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ അവതാളത്തിൽ
Mail This Article
ഇലകമൺ ∙ സാധ്യതകൾ ഏറെയുണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ പഞ്ചായത്തിലെ ഹരിഹരപുരം കായൽ മേഖല കേന്ദ്രീകരിച്ചുള്ള ടൂറിസം ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾ അവതാളത്തിൽ തുടരുന്നു. കണ്ടൽക്കാട്, ചെറുവഞ്ചി മത്സ്യത്തൊഴിലാളികൾ, കരിമീൻ വളർത്തൽ കെട്ടുകൾ എല്ലാം ചേർന്നുള്ള വിശാലമായ കായൽപരപ്പ് കാഴ്ചകളാണ് ഈ നാടിന്റെ പ്രത്യേകത. എങ്കിലും ടൂറിസം ഭൂപടത്തിൽ സ്ഥായിയായി മാറാൻ പ്രദേശത്തിനു കഴിഞ്ഞിട്ടില്ല. കായലോരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡ് വികസനമില്ലായ്മ വലിയൊരു പോരായ്മയായി പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു. സഞ്ചാരികൾക്ക് കായലോരം വഴി നടപ്പാതയും റോഡുകളും അനിവാര്യമാണ്.
തിരുവനന്തപുരം– കൊല്ലം അതിർത്തിയായി വരുന്ന പ്രദേശമാണ് ഹരിഹരപുരം. ഇടവ നടയറ കായലിന്റെ ഭാഗമാണ് ഹരിഹരപുരം കായൽ. ഒട്ടേറെ കശുവണ്ടി ഫാക്ടറികൾ ഉണ്ടായിരുന്ന സ്ഥാനത്ത് വിരലിൽ എണ്ണാൻ പാകത്തിൽ മാത്രമായി ഒതുങ്ങി. ഉൾനാടൻ മത്സ്യ സമ്പത്ത് വർധിപ്പിക്കുന്നതടക്കമുള്ള പദ്ധതികൾക്കും ഇപ്പോഴും പ്രാധാന്യമുണ്ട്. വർഷങ്ങൾക്ക് മുൻപ് നിത്യവും രാവിലെ തന്നെ വലിയതോതിൽ കരിമീൻ ഉൾപ്പെടെ കായൽ മത്സ്യ ലേലം വിളിയും വിൽപനയും നടന്ന സ്ഥലമായിരുന്നു. നിലവിൽ കായൽ മത്സ്യസമ്പത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെങ്കിലും പരമ്പരാഗതമായ കക്കവാരൽ ഇന്നുമുണ്ട്. കായലോരം കേന്ദ്രീകൃതമായി ഉത്ഭവിക്കുന്ന ഉറവകൾ വേനൽക്കാലത്ത് പോലും ഉറവ നിലയ്ക്കാറില്ല. അടുത്തകാലത്ത് പള്ളിത്തൊടി കേന്ദ്രീകരിച്ചു ഉറവജലം ശേഖരിച്ചു വിതരണം ചെയ്യുന്ന പദ്ധതിക്കു തുടക്കമിട്ടിരുന്നു.
ഹരിഹരപുരം കായൽ പ്രദേശം കേന്ദ്രീകരിച്ചു ബോട്ട് സർവീസ് വ്യാപകമാക്കാനും അഡ്വഞ്ചർ സ്പോർട്സ് സൗകര്യങ്ങൾ ഒരുക്കാനും പണ്ടേ പല സംരംഭകരും എത്തിയതാണ്. കായലോരത്ത് ഇതിനായി ഭൂമി ഏറ്റെടുക്കൽ അന്വേഷണവുമുണ്ടായി. സർക്കാർ സംരംഭമായ ഗ്ലോബൽ ആയുർവേദ വില്ലേജിനു കായൽപ്പുറം ഭാഗത്ത് സ്ഥലം ഏറ്റെടുത്തെങ്കിലും പദ്ധതി ഇനിയും യാഥാർഥ്യമായില്ല. ഹരിഹരപുരത്തെ നിരന്തരം തഴയുന്നതിലൂടെ വലിയൊരു തൊഴിൽ സാധ്യതകളും കൂടി ഇല്ലാതാവുകയാണെന്നും സർക്കാർ ഇടപെടൽ അനിവാര്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.