ADVERTISEMENT

തിരുവനന്തപുരം ∙ വേനൽ കടുത്തതോടെ പതിവ് പോലെ  പക്ഷിമൃഗാദികൾക്ക് കുളിരേകുന്ന സംവിധാനങ്ങൾ ഒരുക്കി നൽകി മൃഗശാല അധിക‍ൃതർ. ചൂ‍ടു കൂടി ജീവികൾക്ക് അരോഗ്യപ്രശ്നങ്ങളും അസ്വസ്ഥതയും ഒഴിവാക്കുകയാണു ലക്ഷ്യം. ഷവറിലെ കുളിക്കും ഫാനുകൾക്കുമൊപ്പം  ഭക്ഷണ മെനുവിലും മാറ്റങ്ങൾ ഏറെ. മാംസഭുക്കുകളുടെ മെനുവിൽ നിന്ന് ചിക്കൻ പോയി, ബീഫ് വന്നു. പക്ഷികൾക്ക് ഫ്രൂട്ട് സലാഡ് , വൈറ്റമിൻസും മിനറൽസ് എന്നിവയാണു നൽകുന്നത്. എല്ലാ കൂടുകളിലും ഫാനുകൾ സജജീകരിച്ചിട്ടുണ്ട്. കടുവയുടെയും പുള്ളിപുലിയുടെയും കുളി ഷവറിലായി. വലിയ കൂട്ടിലുള്ള രണ്ടു പുള്ളിപ്പുലികൾക്കും വെള്ളം ചീറ്റുന്ന സംവിധാനമുണ്ട്. 

രാവിലെ 11നും വൈകിട്ട് മൂന്നിനും ഇടയിലാണ് ഷവർ കുളി. കണ്ടാമൃഗം, നീലകാള എന്നിവയ്ക്കും വെള്ളം ചീറ്റുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. മ്ലാവിന് ചെളിയും വെള്ളവും നിറച്ച കുളം റെഡിയാക്കിയിട്ടുണ്ട്. പാമ്പുകളിൽ എസി കൂടുകളിൽ കിടക്കുന്ന അനാക്കോണ്ടയ്ക്കും രാജവെമ്പാലയ്ക്കും ചൂട് വലിയ പ്രശ്നമില്ല. മറ്റു പാമ്പുകൾക്ക് മുഴുവൻ ഫാൻ ഒരുക്കിയിട്ടുണ്ട്. ചൂടിനെ പ്രതിരോധിക്കാൻ കരടികൾക്കു  തണ്ണിമത്തനും മുന്തിരിയും ബക്കറ്റിലിട്ട ശേഷം വെള്ളം നിറച്ച് ഫ്രീസറിൽ വച്ച് കട്ടിയാക്കിയാണ് നൽകുന്നത്.'ദിമാപൂർ' എന്ന പെൺഹിമാലയൻ കരടിക്കും ‘കെഹിമ’ എന്ന ആൺ ഹിമാലയൻ കരടിക്കുമാണ്‌ കൂടുതൽ നൽകുന്നത്. 

ദിമാപൂർ ഗർഭിണിയായതിനാൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. രാവിലെ 9.30നും ഉച്ചയ്ക്ക് ചൂടു കൂടുമ്പോഴും ദേഹത്തേക്കു വെള്ളമടിച്ചു കൊടുക്കും. 10.30ന് ആപ്പിൾ,വെള്ളരി,വാഴപ്പഴം,മുന്തിരി എന്നിവയും നൽകും. ഫ്രീസറിൽ വച്ചു തണുപ്പിച്ച തണ്ണിമത്തനാണ് ഹിമക്കരടിയുടെ രാവിലത്തെ ഭക്ഷണം. ഒരു ദിവസം 6.5 കിലോയോളം തണ്ണിമത്തനാണു കരടികൾക്ക് ആവശ്യമായി വരുന്നത്. മാംസം കഴിക്കുന്ന മൃഗങ്ങൾക്ക് പോത്ത്, ബീഫ് എന്നിവയാണ് നൽകുന്നത്.സിംഹം,കടുവ,പുലി എന്നിവയ്ക്ക് ഒരു ദിവസം ശരാശരി നാലു മുതൽ അഞ്ച് കിലോ മാംസം വേണ്ടിവരും. മീനിന്റെ അളവും വർധിപ്പിച്ചിട്ടുണ്ട്. പക്ഷികൾക്ക് പഴങ്ങൾക്കൊപ്പം പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തി. കാബേജ്,കാരറ്റ്,പയറു വർഗങ്ങൾ,പപ്പായ,മുന്തിരി,ആപ്പിൾ,ഓറഞ്ച് എന്നിവയെല്ലാം ചേർന്ന 'ഫ്രൂട്ട് സലാഡും'  നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com