ADVERTISEMENT

തിരുവനന്തപുരം ∙ ആമയിഴഞ്ചാൻ തോടും പഴവങ്ങാടി തോടും സംഗമിക്കുന്ന പാറ്റൂരിനു സമീപം തോട്ടിലേക്ക് ഇറക്കി കോൺക്രീറ്റ് ഭിത്തി നിർമിച്ച് കോർപറേഷൻ 'കയ്യേറ്റം'. ഇതു കാരണം തോടിന്റെ സ്വാഭാവിക വീതി മൂന്നു മീറ്ററോളം കുറഞ്ഞതായി മേജർ ഇറിഗേഷൻ വകുപ്പ് കണ്ടെത്തി. വകുപ്പിന്റെ നിരാക്ഷേപ പത്രം വാങ്ങിയ ശേഷം അനധികൃതമായി നടത്തിയ നിർമാണം പൊളിച്ചു നീക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ശുപാർശ ചെയ്തു. കഴിഞ്ഞ നവംബറിലെ മഴയിൽ ഒരാൾ പൊക്കത്തിൽ വെള്ളം പൊങ്ങിയ ഭാഗത്താണ് സർക്കാർ സംവിധാനത്തിന്റെ കയ്യേറ്റം.നഗരത്തിലെ തോടുകളുടെ വശങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന പരാതിയിൽ ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള തോടുകളുടെ വീതി അളന്ന് തിട്ടപ്പെടുത്തണമെന്ന് 2022ൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാറുടെ നേതൃത്വത്തിൽ അളന്ന് തിട്ടപ്പെടുത്തി അതിർത്തിക്കല്ലുകൾ സ്ഥാപിച്ച സ്ഥലത്താണ് അനധികൃത നിർമാണം. അതിർത്തി കല്ലുകൾ സ്ഥാപിച്ച സ്ഥലത്തു നിന്ന് 3 മീറ്ററോളം തോട്ടിലേക്ക് ഇറക്കിയാണ് കോർപറേഷൻ വശഭിത്തി നിർമിച്ചിരിക്കുന്നതെന്നു കണ്ടെത്തി. ഇതു കാരണം മഴയത്ത് ഒഴുകിയെത്തുന്ന വെള്ളം ഉൾക്കൊള്ളാൻ കഴിയാതെ ആമയിഴഞ്ചാൻ തോട് കരകവിഞ്ഞ് ഇരുവശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയേറെയാണ്. ഉള്ളൂർ, പട്ടം, കുന്നുകുഴി, പഴവങ്ങാടി തോടുകളേയും ഇതു ബാധിച്ചേക്കും. ആമയിഴഞ്ചാൻ തോടിന്റെ വീതിക്കുറവ് കണ്ണമ്മൂല തോട്ടിലെ ഒഴുക്കിനെയും ബാധിച്ചേക്കും. ഒഴുകിയെത്തുന്ന വെള്ളം ഉൾക്കൊള്ളാൻ കഴിയാതെ എല്ലാ തോടുകളും നിറഞ്ഞു കവിഞ്ഞാൽ നഗരം വെളളത്തിൽ മുങ്ങാനും സാധ്യത ഏറെയാണെന്നു വിദഗ്ധർ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഇറിഗേഷൻ ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി കയ്യേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. അനധികൃത നിർമാണം പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള കത്ത് ഉടൻ കോർപറേഷന് കൈമാറുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.കഴിഞ്ഞ സെപ്റ്റംബറിലും നവംബറിലും പെയ്ത കനത്ത മഴയിൽ കണ്ണമ്മൂല, പാറ്റൂർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങിയിരുന്നു. കടകംപള്ളിക്കു സമീപം നെല്ലുക്കുഴി പാലത്തിന്റെ നിർമാണത്തിനു പുറമേ മണ്ണും ചെളിയും അടിഞ്ഞ് തോടുകളുടെ സംഭരണ ശേഷി കുറഞ്ഞതും കയ്യേറ്റങ്ങളുമാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. തോടുകളിൽ നിന്ന് മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com