ADVERTISEMENT

തിരുവനന്തപുരം ∙ ദുരന്ത നിവാരണം, വായു മലിനീകരണം, നഗര പരിധിയിലെ സർക്കാർ ആശുപത്രികളിലെ തിരക്ക്, പാർക്കിങ്ങിന് ഒഴിവുള്ള സ്ഥലങ്ങൾ തുടങ്ങി നഗരത്തിലെ ഓരോ നീക്കങ്ങളും ഒപ്പിയെടുക്കാൻ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻ‍ഡ് കൺട്രോൾ സെന്റർ(ഐ 3 സി) പ്രവർത്തന സജ്ജമായി. സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെമ്പാടും സ്ഥാപിച്ചിട്ടുള്ള 1400 ക്യാമറകളിൽ പതിയുന്ന ദൃശ്യങ്ങൾ വിശകലനം ചെയ്താണ് ഐ 3 സിയുടെ പ്രവർത്തനം. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

പാളയത്തെ മൾട്ടി ലവൽ കാർ പാർക്കിങ് കേന്ദ്രം, മുട്ടത്തറ സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റിലെ റെസ്റ്റ് റൂം, പാളയം മാർക്കറ്റ് നവീകരണത്തിനായി കുടിയൊഴിപ്പിക്കുന്ന കച്ചവടക്കാരെ പുനരവധിവസിപ്പിക്കുന്നതിനുള്ള ബ്ലോക്ക്, കഴക്കൂട്ടം–വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വിവിധ സ്കൂളുകളിലെ സ്മാർട് ക്ലാസ് റൂമുകൾ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.വാഹനം ഓടിക്കുന്നയാളുടെ മുഖം, വാഹന നമ്പർ എന്നിവ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന ക്യാമറകളാണ് ഐ 3 സിയുടെ പ്രത്യേകത. ഗതാഗത നിയന്ത്രണത്തിന് 1100 ക്യാമറകളാണ് പുതുതായി സ്ഥാപിച്ചത്. ഇതിൽ 300 എണ്ണം വാഹന നമ്പറും 24 എണ്ണം ഡ്രൈവറുടെ മുഖവും തിരിച്ചറിയുന്നവയാണ്.

അനധികൃത പാർക്കിങ് അടക്കമുള്ള ക്യാമറ ദൃശ്യങ്ങൾ ഓരോ 15 മിനിട്ടിലും കമാൻഡ് സെന്ററുകളിൽ എത്തും.5 സ്ഥലങ്ങളിലാണ് വായു മലിനീകരണ തോത് പരിശോധിക്കുന്ന സംവിധാനം സ്ഥാപിച്ചിട്ടുള്ളത്. തീ പിടിത്തം വിഷവാതക സാന്നിധ്യം എന്നിവയുണ്ടായാലും മുന്നറിയിപ്പ് ലഭിക്കും. നഗരത്തിലൂടെ ഒഴുകുന്ന നദികളിലെയും തോടുകളിലെയും ജല നിരപ്പ് തത്സമയം അറിയാനുള്ള സംവിധാനം ഉടൻ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു.മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ആന്റണി രാജു, വി.കെ.പ്രശാന്ത്, മേയർ ആര്യാ രാജേന്ദ്രൻ, ട്രിഡ ചെയർമാൻ കെ.സി.വിക്രമൻ, സ്മാർട് സിറ്റി സിഇഒ രാഹുൽ കൃഷ്ണ ശർമ, കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുത്തു.

മന്ത്രിക്കെതിരെ മുൻ മന്ത്രി 
സർക്കാരിന്റെയും മേയറുടെയും സമയോചിത ഇടപെടലാണ് ഇലക്ട്രിക് ബസുകൾ ഇന്നും നിരത്തുകളിൽ കാണാൻ കാരണമെന്ന് ആന്റണി രാജു എംഎൽഎ പറഞ്ഞു. ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്നു പറഞ്ഞ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെയായിരുന്നു പരാമർശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com