ADVERTISEMENT

ആറ്റിങ്ങൽ ∙ പൊതുപ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിലും കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് ആറ്റിങ്ങൽ നഗരസഭയിലെ ആറാട്ടുകടവ് വാർഡ് കൗൺസിലർ പുരവൂർക്കോണം, സ്നേഹപൂർവം വീട്ടിൽ അവനവഞ്ചേരി രാജു എന്ന അൻപതുകാരൻ. വീടിനോട് ചേർന്നുള്ള 35 സെന്റ് പുരയിടത്തിലാണ് മെക്സിക്കൻ പഴവർഗമായ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നത്. നഗരസഭ പ്രദേശത്ത് വിദേശ പഴവർഗം കൃഷി ചെയ്ത മികച്ച കർഷകനുള്ള പുരസ്കാരവും ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു.

ഡ്രാഗൺ ഫ്രൂട്ടിന് കിലോയ്ക്ക് 300 രൂപ വരെയാണ് വില. ഒരിക്കൽ കൃഷി ചെയ്താൽ വർഷങ്ങളോളം വിളവെടുപ്പ് നടത്താനാകും. ഇവയെല്ലാം മനസ്സിലാക്കിയാണ് കൃഷിയിലേക്കിറങ്ങിയതെന്ന് രാജു പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് വാഗമണിലേക്ക് വിനോദയാത്ര പോയപ്പോഴാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി കാണുന്നത്. അവിടത്തെ കർഷകരോട് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം യൂട്യൂബ് ചാനലുകളിൽ നിന്ന് കൃഷിയെ കുറിച്ച് കൂടുതൽ പഠിച്ചു. അമേരിക്കൻ റെഡ് എന്ന ഇനമാണ് കൃഷി ചെയ്യുന്നത്.

ആദ്യം 500 ചെടിയാണ് നട്ടത്. ഇപ്പോൾ ആയിരം തൈ ചെടികൾ കൂടി നടുന്നതിനായി പാകപ്പെടുത്തിയിട്ടുണ്ട്. ഓരോ തടത്തിലും മൂന്നും നാലും ചെടികൾ നട്ടിട്ടുണ്ട്. ഇവ ചാഞ്ഞു പോകാതിരിക്കുന്നതിനായി സിമന്റ് പൈപ്പുകൾ സ്ഥാപിച്ച് അതിൽ കെട്ടി നിർത്തി ബലപ്പെടത്തിയിട്ടുണ്ട്. നട്ട് ആറ് മാസം കഴിയുമ്പോഴേക്കും ചെടികൾ പൂവിടും. 25 ദിവസം മുതൽ 30 ദിവസത്തിനകം പാകമായ പഴങ്ങൾ ലഭിക്കും. രണ്ട് വർഷം മുൻപ് തുടങ്ങിയ കൃഷിയിൽ ആദ്യ വിളവെടുപ്പിൽ തന്നെ നൂറ് കിലോയിലധികം പഴങ്ങൾ ലഭിച്ചു. രണ്ടര ലക്ഷത്തോളം രൂപ ആദ്യ കൃഷിക്ക് ചെലവായി. ഭാര്യയും കുഴിമുക്ക് സഹകരണ സംഘത്തിന്റെ മൂന്ന് മുക്ക് ശാഖ മാനേജർ സിമിയും ബിരുദ വിദ്യാർഥിയായ നന്ദനയും ഒൻപതാം ക്ലാസ് വിദ്യാർഥിയായ ശ്രേയയുമാണ് കൃഷിയിലെ സഹായികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com