ADVERTISEMENT

തിരുവനന്തപുരം ∙ വലിയതുറ കടൽപാലം ശക്തമായ തിരയടിയിൽ രണ്ടായി വേർപെട്ട് ഒരു ഭാഗം പൂർണമായും ഇടിഞ്ഞു താഴ്ന്നു. ഇന്നലെ രാവിലെ എട്ടോടെയാണ് പാലം തകർന്നത്. ആകെ 127 പില്ലറുകളാണ് പാലത്തിൽ ഉളളത്. ഇതിൽ ഭൂരിഭാഗവും തകർന്നു. പാലം രണ്ടായി മാറിയതോടെ ഏതു നിമിഷവും പൂർണമായി നിലംപൊത്താവുന്ന സ്ഥിതിയിലാണ്. 

ഏറെക്കാലമായി പാലം അപകടാവസ്ഥയിലായിരുന്നു. പാലം പുനർനിർമിച്ച് സ്മാരകമായി നിലനിർത്താൻ അധികൃതർ തയാറാകണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.  രണ്ടു വർഷം മുൻപ് പാലത്തിന്റെ കവാടം തിരയടിയിൽ വളഞ്ഞിരുന്നു. അത് പുനർനിർമിക്കുമെന്ന് അന്നത്തെ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. വിഎസ് സർക്കാരിന്റെ കാലത്ത് പാലത്തെ പൈതൃക സ്വത്തായി സംരക്ഷിക്കാൻ തീരുമാനിച്ചുവെങ്കിലും അതും നടന്നില്ല. 

2021ൽ പാലത്തിന്റെ മധ്യഭാഗത്ത് വിള്ളൽ വീണ് ഇടത് ഭാഗം കടലിലേക്ക് ചരിഞ്ഞു. പലപ്പോഴായി പാലം സംരക്ഷിക്കാന്‍ പണം അനുവദിച്ചുവെങ്കിലും പദ്ധതികൾ ഒന്നും നടപ്പിലായില്ല. 2017ൽ 1.4 കോടി മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ പാലത്തിന്റെ സംരക്ഷണ ഭിത്തി തകർന്നിരുന്നു. അറുപത് വർഷം മുൻപ് കരിങ്കല്ല് പാകി കോൺക്രീറ്റ് ചെയ്ത ഭിത്തിയാണ് തകർന്നത്. ഇതോടെ പാലം അപകടാവസ്ഥയിലായി. 

ചരിത്ര സ്മരണകളുടെ അടയാളം
1825ലായിരുന്നു ആദ്യത്തെ ഉരുക്കുപാലം നിർമിച്ചത്. ഇത് 1947ൽ എം.വി.പണ്ഡിറ്റ് എന്ന കപ്പലിടിച്ച് തകർന്നു. അപകടത്തിൽ നിരവധി പേർ മരിച്ചു. ഇതിനു പിന്നാലെ 1956ൽ പുനർനിർമിച്ചതാണ് 'രാജ തുറെ കടൽപാലം' എന്ന വലിയതുറ കടൽപാലം. കപ്പലുകൾക്കു നങ്കൂരമിട്ടു നിർത്താവുന്ന ആങ്കറേജ് പോർട്ട് വിഭാഗത്തിൽ പെട്ടതായിരുന്നു വലിയതുറ തുറമുഖം. 10,10,000 രൂപയായിരുന്നു 703 മീറ്റർ നീളവും 24 മീറ്റർ വീതിയുമുള്ള പാലത്തിന്റെ നിർമാണച്ചെലവ്.

മുംബൈയിൽ നിന്നു കെഎസ്‌ആർടിസിക്കു വേണ്ടിയുള്ള ചെയ്‌സുകൾ ആദ്യമായി എത്തിയതു വലിയതുറയിലായിരുന്നു. 1979ൽ ദക്ഷിണാഫ്രിക്കയിൽ നിന്നു കശുവണ്ടി കയറ്റിവന്ന കപ്പലായിരുന്നു തുറമുഖത്തെത്തിയ അവസാന കപ്പൽ. ഇവിടെ നിന്നു ചരക്കു കയറ്റുന്നതിനു വേളിയിൽ നിന്നു റെയിൽപാത പാലത്തിലേക്കു സ്‌ഥാപിച്ചിരുന്നു.  കടൽപാലം 1979നു ശേഷം തീർത്തും ഉപയോഗശൂന്യമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com