ADVERTISEMENT

കല്ലമ്പലം∙കരവാരം പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കോരി മാറ്റി എങ്കിലും അത് പഞ്ചായത്തിലെ മറ്റൊരു വാർഡിൽ തള്ളിയത് അധികൃതർക്ക് തലവേദനയായി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് ഇടപെട്ടു. തുടർന്ന് എത്രയും വേഗം മാറ്റാം എന്ന് മാലിന്യം തള്ളിയ ആൾ അറിയിച്ചതായി വാർഡ് അംഗം പറഞ്ഞു.

2 ആഴ്ച മുൻപാണ് കരവാരം പഞ്ചായത്തിലെ ഒന്നാം വാർഡിൽ  നാറാണത്ത് ചിറയുടെ കരയിൽ സ്വന്തം വസ്തുവിൽ ഉടമ തന്നെ ലോറിയിൽ കൊണ്ടുവന്ന് പ്ലാസ്റ്റിക് മാലിന്യം തള്ളിയത്. തുടർന്നും മാലിന്യങ്ങൾ തള്ളാൻ എത്തിയ വാഹനം നാട്ടുകാർ തടഞ്ഞ്  പൊലീസിലും  പഞ്ചായത്തിലും അറിയിച്ചു.പൊലീസ് സ്ഥലത്തെത്തി മാലിന്യങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ടു. വാർഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തെത്തി ഉടൻതന്നെ മാലിന്യം മാറ്റാൻ നടപടി എടുക്കും എന്ന് അറിയിച്ചു.

എന്നാൽ രണ്ടാഴ്ച ആയിട്ടും ഫലം ഇല്ലാതായതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. സ്ഥലത്ത് ദുർഗന്ധം പടരുന്നതായും പ്ലാസ്റ്റിക്കിന് ഒപ്പം അറവു മാലിന്യം ഉള്ളതായും നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് യാതൊരു മാനദണ്ഡവും പാലിക്കാതെ  തുറസ്സായ സ്ഥലത്താണ് തള്ളിയത്.   കൃഷി മേഖല കൂടിയായ പ്രദേശത്ത് തള്ളിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ കുഴിച്ച് മൂടാൻ നീക്കം നടന്നതായും നാട്ടുകാർ പറഞ്ഞു.   

കഴിഞ്ഞ ദിവസം വൈകിട്ട് മണ്ണുമാന്തിയും ടിപ്പർ ലോറിയും ഉപയോഗിച്ച് മാലിന്യം മുഴുവൻ സ്ഥലത്ത് നിന്ന് നീക്കം ചെയ്തു. എന്നാൽ ഇതേ മാലിന്യം പഞ്ചായത്തിലെ 17–ാം വാർഡിലെ ജനവാസ മേഖലയിൽ വീണ്ടും തള്ളിയത്  ജന രോഷത്തിന് ഇടയാക്കി. നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെ പഞ്ചായത്തിനും തലവേദനയായി. ഒടുവിൽ മാലിന്യം തള്ളിയ ആളെ പഞ്ചായത്ത്  അധികൃതർ ഇടപെട്ട് സ്ഥലത്ത് വിളിച്ചു വരുത്തി. തുടർന്ന് മാലിന്യം മുഴുവൻ ഇന്ന് നീക്കം ചെയ്യുമെന്ന് ഉറപ്പ് നൽകിയതായി വാർഡ് അംഗം ദീപ പങ്കജാക്ഷൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com