ADVERTISEMENT

ആറ്റിങ്ങലുമായിആത്മബന്ധം: അടൂർ പ്രകാശ് 
സഹായം ചോദിച്ചു ഫോണിലേക്കു കോൾ വരുമ്പോൾ അടൂർ പ്രകാശ് ഫോണിലേക്കൊന്നു കാര്യമായി നോക്കും. വിളിക്കുന്നതു കോന്നിയിലോ, ആറ്റിങ്ങലിൽ നിന്നോ എന്ന സംശയം. അഞ്ചുതവണ കോന്നിയുടെ എംഎൽഎ ആയിരുന്നു അഞ്ചുവർഷം ആറ്റിങ്ങലിന്റെ എംപിയും. കോന്നിയിൽ പലരും കാര്യങ്ങൾ സാധിക്കാൻ  അടൂർ പ്രകാശിനെ വിളിക്കാറുണ്ട്. ആവശ്യക്കാർക്കു പാർട്ടിയോ, മണ്ഡലമോ നോക്കാതെ കഴിയുന്നതു ചെയ്തു കൊടുക്കുന്നതാണു ശീലം.അതുകൊണ്ടു വിളി രണ്ടിടത്തു നിന്നായാലും ഒരുപോലെ.രണ്ടുവള്ളത്തിൽ ചവിട്ടി നിൽക്കാൻ പറ്റില്ലായിരിക്കാം, എന്നാൽ രണ്ടു മണ്ഡലത്തിൽ പറ്റുമെന്നാണ് അടൂർ പ്രകാശിന്റെ അനുഭവം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോന്നിയുടെ പല ഭാഗത്തുനിന്നുമുള്ള പ്രവർത്തകർ ആറ്റിങ്ങലിൽ തനിക്കു വേണ്ടി പ്രവർത്തിക്കാനെത്തിയിരുന്നെന്ന് അടൂർ പ്രകാശ് പറയുന്നു.  വോട്ടർമാരുമായുള്ള ആത്മബന്ധമാണു തന്റെ കരുത്തെന്നു സ്ഥാനാർഥി. ആറ്റിങ്ങൽ മണ്ഡലത്തിൽ ഇലയനങ്ങിയാൽ അറിയണമെന്നു നിർബന്ധമുണ്ട്.  

ആറ്റിങ്ങൽ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.ജോയി
ആറ്റിങ്ങൽ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.ജോയി

ജോയിയുടെ സന്തോഷങ്ങൾ
ആറ്റിങ്ങലിൽ ജോയി എൽഡിഎഫിന്റെ സ്ഥാനാർഥി മാത്രമല്ല, ഒരു ബ്രാൻഡ് കൂടിയാണ്. ജോയിയുടെ തിരഞ്ഞെടുപ്പു പ്രചാരണമെല്ലാം ‘ജോയി’ വച്ചാണു ബ്രാൻഡ് ചെയ്യുന്നത്. പാർലമെന്റ് മണ്ഡലം കമ്മിറ്റി ഓഫിസിന്റെ ഡിസൈൻ തന്നെ JOY എന്ന മൂന്നക്ഷരത്തിലാണ്. കോളജ് ക്യാംപസുകളിൽ സ്ഥാനാർഥി നടത്തുന്ന സംവാദത്തിന്റെ പേര് ‘ജോയ്ഫുൾ ക്യാംപസ്’. സ്ഥാനാർഥിയുടെ സമൂഹ മാധ്യമ പേജിലേക്കു കടക്കാനുള്ള ക്യൂ ആർ കോഡിനുമുണ്ടു ബ്രാൻഡിങ്– ഫോളോ യുവർ ജോയ്. ‘ദിൽ മേ ജോയി, ദില്ലി മേ ജോയി’ എന്നതാണു പ്രധാന പ്രചാരണ വാക്യം. ജോയ് ഫോർ ആറ്റിങ്ങൽ അഥവാ ആറ്റിങ്ങലിന്റെ സന്തോഷം ജോയിയിലൂടെ കിട്ടുമെന്ന് എൽഡിഎഫ് പ്രചരിപ്പിക്കുന്നു. എന്താണു വി.ജോയിയുടെ സന്തോഷമെന്നു ചോദിച്ചപ്പോൾ, ജനങ്ങളോടൊപ്പം നിൽക്കുക തന്നെയെന്നു മറുപടി. പ്രചാരണത്തിനിടയിൽ ജോയി ഏറ്റവും എൻജോയ് ചെയ്തതു വർക്കല സിഎച്ച്എംഎം കോളജിലെ വിദ്യാർഥികളുമായുള്ള കൂടിക്കാഴ്ചയാണ്. 

ആറ്റിങ്ങൽ മണ്ഡലം എൻ‌ഡിഎ സ്ഥാനാഥിയും  കേന്ദ്ര മന്ത്രിയുമായ വി.മുരളീധരൻ ഭാര്യയോടൊപ്പം ഭക്ഷണ മേശയിൽ
ആറ്റിങ്ങൽ മണ്ഡലം എൻ‌ഡിഎ സ്ഥാനാഥിയും കേന്ദ്ര മന്ത്രിയുമായ വി.മുരളീധരൻ ഭാര്യയോടൊപ്പം ഭക്ഷണ മേശയിൽ

ഇഷ്ടം, വീട്ടുകാരനാവാൻ: വി.മുരളീധരൻ
കഴക്കൂട്ടം നിയമസഭാമണ്ഡലം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിനു കീഴിലാണ്. നിയമസഭയിലേക്കു കഴക്കൂട്ടത്തെ സ്ഥാനാർഥിയായിരുന്നു വി.മുരളീധരൻ. അതുകൊണ്ടാണു കഴക്കൂട്ടത്തെ ഉള്ളൂരിൽ വീട് വാടകയ്ക്കെടുത്തു കുടുംബസമേതം താമസമാക്കിയത്. എന്നാൽ ഇക്കുറി ലോക്സഭയിലേക്ക് ആറ്റിങ്ങലിൽനിന്നു മത്സരിക്കാൻ ആലോചിച്ചപ്പോൾ ആദ്യം തീരുമാനിച്ചതു മണ്ഡലത്തിൽ ഒരു വീട് വാടകക്കെടുക്കാനാണ്. അങ്ങനെ ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ വീടെടുത്തു. ഭാര്യ ജയശ്രീക്കൊപ്പം അവിടെ താമസമാക്കി. സ്ഥാനാർഥി പ്രഖ്യാപനം വരുമ്പോഴേക്കും മണ്ഡലത്തിലെ താമസക്കാരനായി മാറിയിരുന്നു. കഴക്കൂട്ടത്തുകാരെ വിടാൻ കഴിയാത്തതിനാൽ ഉള്ളൂരിലെ വീട് വിട്ടിട്ടുമില്ല.  രാവിലെ യോഗയും പൂജയുമുണ്ട്. അതിനും സൗകര്യം. ഭാര്യയ്ക്കൊപ്പമിരുന്നു ഭക്ഷണവും കഴിക്കാം. ഭാര്യ വിളമ്പി ഭർത്താവ് കഴിക്കുന്ന രീതിയല്ല വീട്ടിൽ. ഒപ്പം, ഒപ്പത്തിനൊപ്പം. ജെൻഡർ സമത്വത്തിൽ വിശ്വസിക്കുന്ന ദമ്പതികളാണ്. ഗുരുവായൂർ അമ്പലത്തിലെ വിവാഹച്ചടങ്ങിൽ അങ്ങോട്ടുമിങ്ങോട്ടും പുടവ കൈമാറി അതു തെളിയിച്ചവരുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com