ADVERTISEMENT

തിരുവനന്തപുരം ∙ കടുത്ത വെയിലിനെ വകവയ്ക്കാതെ  തീപാറുന്ന പ്രചാരണവുമായി സ്ഥാനാർഥികളും മുന്നണികളും മണ്ഡലത്തിൽ സജീവമായി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷമുള്ള  ആദ്യ ഞായറാഴ്ച ദേവാലയങ്ങൾ സന്ദർശിക്കുന്നതിലായിരുന്നു ഇന്നലെ സ്ഥാനാർഥികൾ കൂടുതലും ശ്രദ്ധിച്ചത്. കഴിയുന്നിടത്തെല്ലാം ഓടിയെത്താനും മൂന്ന് പേരും ശ്രമിച്ചു. 

യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂർ രാവിലെ 8ന് പര്യടനം തുടങ്ങി.  ഹോളിക്രോസ് ദേവാലയം പരുത്തിപ്പാറ, റാണി ഗിരി ദേവാലയം മണ്ണന്തല, നസ്രത്ത് ദേവാലയം കേശവദാസപുരം, ഇമ്മാനുവൽ മാർത്തോമ്മാ ദേവാലയം പരുത്തിപ്പാറ,  യാക്കോബായ സഭ ആസ്ഥാനം, എൽഎംഎസ് ദേവാലയം മുട്ടട, തുടങ്ങിയ ഇടങ്ങൾ സന്ദർശിച്ചു. പിഎംജിയിലെ ദേവാലയത്തിൽ നിന്നും വിശ്വാസികൾക്കൊപ്പം തരൂർ ഭക്ഷണം കഴിച്ചു. 

 തിരുവനന്തപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ പാറശാലയിലെ ഇടിച്ചക്കപ്ലാമൂടിൽ ഓട്ടോതൊഴിലാളികൾക്കൊപ്പം.
തിരുവനന്തപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ പാറശാലയിലെ ഇടിച്ചക്കപ്ലാമൂടിൽ ഓട്ടോതൊഴിലാളികൾക്കൊപ്പം.

എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ രാവിലെ  നെയ്യാറ്റിൻകര മണ്ഡലത്തിലെ ഗ്രാമപ്രദേശങ്ങളിലായിരുന്നു പര്യടനം തുടങ്ങിയത്.  തിരുപുറം സെന്റ് സേവ്യേഴ്‌സ് പള്ളിയും തിരുപുറം സിഎസ്‌ഐ ചർച്ചും സന്ദർശിച്ചു. അരങ്ങൽ ക്ഷേത്ര മണ്ഡപത്തിൽ വിവാഹ നിശ്ചയ ചടങ്ങിലും അതിനുശേഷം എസ്എൻഡിപി യോഗം നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ഓഫിസിലും സന്ദർശനം നടത്തി. മരങ്ങാലി ശ്രീകാശിലിംഗം ഗുരുസ്വാമി സമാധിധർമ മഠത്തിലെത്തിയ രാജീവ് ചന്ദ്രശേഖറിന് മേൽശാന്തി ആനന്ദ് ശർമ പൂർണകുംഭം നൽകി സ്വീകരിച്ചു. തുടർന്ന് വിവാഹച്ചടങ്ങിൽ പങ്കെടുത്തു പൊഴിയൂർ പ്രദേശത്തും സന്ദർശനം നടത്തി. 

വാമനപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്.
വാമനപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്.

എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ പാറശാല മണ്ഡലത്തിലെ വിവിധ മേഖലാ കൺവൻഷനുകളിൽ പങ്കെടുത്തു. പാറശാലയിലെ പവതിയാൻ വിള മേഖലയിൽ നിന്ന് ആരംഭിച്ച് കള്ളിക്കാട് സമാപിച്ചു. കടകളിലും ഓട്ടോറിക്ഷാ തൊഴിലാളികൾക്കൊപ്പം സമയം ചെലവിട്ടായിരുന്നു പ്രചാരണം. തുടർന്ന് വെള്ളറടയിൽ കുരിശുമല തീർഥാടന കേന്ദ്രവും സന്ദർശിച്ചു.

ആറ്റിങ്ങൽ മണ്ഡലം 
ആറ്റിങ്ങൽ∙ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാർഥികളും അണികളും പ്രവർത്തകരും കൂടുതൽ ‘ഉഷാറായ’ കാഴ്ചയാണ് ഇന്നലെ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ കണ്ടത്. മൂന്നു പ്രമുഖ സ്ഥാനാർഥികൾക്കും ഇന്നലെ തിരക്കിന്റെ ദിവസം. അവധി ദിവസമായതിനാൽ കൂടുതൽ വോട്ടർമാരെ കാണുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു മൂവരും. 

ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ കാട്ടാക്കടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.
ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ കാട്ടാക്കടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.

യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് എംപി കൺവൻഷനുകളുടെ തിരക്കിലായിരുന്നു. ഇന്നലെ നടന്ന വാമനപുരം, നഗരൂർ, തോട്ടയ്ക്കാട്  മണ്ഡലം കൺവൻഷനുകളിൽ അദ്ദേഹം പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കന്യാകുളങ്ങര മുതൽ വെമ്പായം വരെ സംഘടിപ്പിച്ച നൈറ്റ് മാർച്ചിലും അടൂർ പ്രകാശ് പങ്കാളിയായി. പാർലമെന്റ് നിയോജക മണ്ഡലം കൺവൻഷൻ ഇന്നു നടക്കും. രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആറ്റിങ്ങൽ സൺ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. 

എൽഡിഎഫ് സ്ഥാനാർഥി വി.ജോയി ഇന്നലെ രാവിലെ മുതൽ വാമനപുരം മണ്ഡലത്തിലെ ആദിവാസി ഊരുകൾ സന്ദർശിച്ച്  വോട്ടർമാരെ നേരിൽക്കണ്ടു. മടത്തറ, കൂത്തുപറമ്പ് കോട്ടമാവ്, ശാസ്താംനട, കലയപുരം, പാങ്ങോട്, കൊച്ചടപ്പൂപ്പാറ, അഞ്ചാനക്കുഴിക്കര, ചെടിയാംകുന്ന് കയം, നീർപ്പാറ, പച്ചമല, ചെറ്റച്ചൽ സനരഭൂമി, വട്ടപ്പൻകാട് തുടങ്ങിയ സ്ഥലങ്ങളിൽ ഇടതു സ്ഥാനാർഥി സന്ദർശനം നടത്തി.

എൻഡിഎ സ്ഥാനാർഥി വി. മുരളീധരൻ ഇന്നലെ കാട്ടാക്കട മേഖലയിൽ വോട്ടർമാരെ നേരിട്ടു കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു. രാവിലെ കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com