ADVERTISEMENT

തിരുവനന്തപുരം ∙ ഇന്നലെ പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളിറ്റൻ‍ കത്തീഡ്രലിൽ ദേവാലയത്തിൽ സ്ഥാനാർഥികളുടെ കൂട്ടിയിടി ഒഴിവായത് സെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിലാണ്.

∙ പായസത്തിന്റെ മധുരം
ഔസേപ്പ് പിതാവിന്റെ തിരുനാൾ  ഊട്ടു നേർച്ചയ്ക്കെത്തിയ ആയിരത്തോളം വിശ്വാസികൾക്കിടയിലേക്കാണ് ആദ്യം യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ എത്തിയത്. ദേശീയ മാധ്യമങ്ങളുൾപ്പെടെ പള്ളി മുറ്റത്തെ പൊള്ളുന്ന വെയിലിൽ കാത്തു നിന്നപ്പോൾ തന്നെ ഏതോ വിഐപിയുടെ വരവ് മിക്കവരും ഉറപ്പിച്ചിരുന്നു. തരൂരിനു ചുറ്റും ക്യാമറകൾ. മൊബൈൽ ഫോണുകളിൽ ലൈവ് വിഡിയോകൾ.

thiruvananthapuram-election-2

വരിവരിയായി നിൽക്കുന്നവർക്കിടയിലൂടെ കൈകൾ കൂപ്പി, ചിലരെ കൈ വീശി അഭിവാദ്യം ചെയ്ത്, കുരുന്നുകളുടെ കവിളിൽ തലോടി നീങ്ങുമ്പോൾ സ്ഥാനാർഥിയോടൊപ്പം ചിത്രം പകർത്താൻ ചിലർ. ‘ജനങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് ഇതൊക്കെ’– ശശി തരൂർ പറഞ്ഞു.

പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊലിറ്റൻ കത്തീഡ്രലിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ.
പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊലിറ്റൻ കത്തീഡ്രലിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ.

ഹാളിലേക്കെത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ ക്ഷണം. ‘ പായസം മതി’ എന്നു തരൂർ . പേപ്പർ കപ്പിൽ സേമിയ പായസം രുചിച്ചു. ഇഷ്ടപ്പെട്ടതോടെ കപ്പിന്റെ എണ്ണം ഒന്നിൽ നിന്നു മൂന്നായി. കുന്നുകുഴി വാർഡ് കൗൺസിലർ എ.മേരി പുഷ്പം ആളുകളെ പരിചയപ്പെടുത്തി ഒപ്പം നടന്നു. പിന്നാലെ കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാറും എത്തി. ഇറങ്ങാൻ നേരം ഭക്ഷണത്തിനു ക്ഷണം വീണ്ടും. ‘ അനുഗ്രഹമുള്ള പായസം കഴിച്ചു, അതു മതി’– എന്ന് നിറഞ്ഞ ചിരിയോടെ പറഞ്ഞ് തരൂർ അടുത്ത കേന്ദ്രത്തിലേക്ക്.

∙വോട്ടില്ലെങ്കിൽ സെൽഫി തിരിച്ചു താ
അൽപനേരം കഴിഞ്ഞതേയുള്ളൂ, നീല ജുബ്ബ ധരിച്ച് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ രംഗപ്രവേശം. വിശ്വാസികൾക്കിടയിലൂടെ നടന്ന് ഊട്ടു നേർച്ചയുടെ ഹാളിലേക്കെത്തിയ രാജീവ്, ആതിഥേയരുടെ ക്ഷണം സ്വീകരിച്ചു. ‘പ്രചാരണം തുടങ്ങിയതോടെ വെയിറ്റ് കുറഞ്ഞു’ എന്ന കമന്റടിച്ച അദ്ദേഹത്തിനു മുന്നിൽ പേപ്പർ പ്ലേറ്റിൽ ഭക്ഷണമെത്തി. അവിയൽ, തോരൻ, പച്ചടി, മാങ്ങാക്കറി എന്നീ അനുസാരികൾക്കൊപ്പം തൂവെള്ളച്ചോറും  സാമ്പാറും.  

വികാരി മോൺ.ഇ.വിൽഫ്രഡിനും ഫാ.മനീഷ് പീറ്ററിനും ഒപ്പം വിവിധ വിഷയങ്ങൾ സംസാരിക്കുന്നതിനിടെ ഭക്ഷണം വൈകി.   വിഴിഞ്ഞം വിഷയത്തിലെ നിലപാടും വ്യക്തമാക്കി.കൈകഴുകാനിറങ്ങിയപ്പോൾ കുറച്ചു ചെറുപ്പക്കാരെത്തി.  സെൽഫി വേണമെന്നാണ് ആവശ്യം. എടുത്തു കഴിഞ്ഞപ്പോൾ രാജീവ്  ആവശ്യം മുന്നോട്ടു വച്ചു, ‘ഞാൻ സ്ഥാനാർഥിയാണെന്നറിയാമല്ലോ, വോട്ട്..’ പറഞ്ഞു തീരും മുൻപ്  മറുപടിയെത്തി– ‘ഞങ്ങൾക്ക്  വോട്ട് കണ്ണൂരിലാണ്.’ ‘വോട്ടില്ലെങ്കിൽ ആ സെൽഫി ഇങ്ങു തിരിച്ചു തന്നേക്ക്’ എന്ന മറു കൗണ്ടർ അടിച്ച് സ്ഥാനാർഥി വീണ്ടും വോട്ടർമാർക്കരികിലേക്ക്.

∙വിഷയം കയ്യിലുണ്ട്; ആരോടും സംസാരിക്കാം
വോട്ടില്ലാത്തൊരു പൗരനെയാണ് ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമ ഹോസ്പിറ്റലിൽ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ ആദ്യം കണ്ടത്– പേര് അദ്വിക്. മൂന്നു മാസം പ്രായം. അമ്മ ആദിത്യയുടെ തോളിൽ കിടന്ന കുഞ്ഞു പൗരനെ തലോടി, അമ്മയോടു സ്ഥാനാർഥി കാര്യം അറിയിച്ചു– ‘സ്ഥാനാർഥി ആണെന്നറിയാമല്ലോ, ഒന്നും പറയേണ്ടല്ലോ..’ ഒപ്പം വി.കെ.പ്രശാന്ത് എംഎൽഎയും.  ആശ്രമം പ്രസിഡന്റ് സ്വാമി മോക്ഷവ്രതാനന്ദയെ സന്ദർശിച്ച ശേഷമായിരുന്നു ആശുപത്രി സന്ദർശനം.

‘പൊഴിയൂരിൽ പോയിരുന്നു. അവിടെയുള്ള ചെറുപ്പക്കാർക്കെല്ലാം എന്നെ അറിയാം.  ഫുട്ബോൾ കളിക്കാരാണ്.  മെസിയെക്കുറിച്ചും റൊണാൾഡോയെക്കുറിച്ചുമെല്ലാം സംസാരിച്ചു. ഏതു തലമുറക്കാരോടും പറയാൻ നമുക്ക് വിഷയങ്ങളുണ്ട്. പന്ന്യൻ പറഞ്ഞു. 

ഒടിഞ്ഞ കാലുമായി വീൽചെയറിൽ ഡോക്ടറെ കാത്തിരിക്കുന്ന ചാക്കോയോടു കൂടുതൽ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ചും ഫാർമസിയിലുള്ളവരോടു ‘നിങ്ങൾക്കു തിരക്കാണെന്നറിയാം, എങ്കിലും പറയുകയാണ്’ എന്ന ക്ഷമാപണത്തോടെ ചിരിച്ചും പന്ന്യൻ രവീന്ദ്രൻ ഓരോ വോട്ടറിലേക്കുമെത്തുന്നു. ‘ രാവിലെ ഒരു കഷ്ണം പുട്ടും പഴവും മതി എനിക്ക്. അത് ഇപ്പോഴും കിട്ടുന്നുണ്ട്; സമയം അൽപം വ്യത്യാസപ്പെടുമെന്നേയുള്ളൂ–’ ധൃതിയുണ്ടെങ്കിലും അതു കാട്ടാതെ പന്ന്യൻ നടന്നു നീങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com