ADVERTISEMENT

തിരുവനന്തപുരം∙ ഏജന്റിന്റെ ചതിയിൽപ്പെട്ട് റഷ്യ–യുക്രെയ്ൻ യുദ്ധമുഖത്ത് അകപ്പെട്ടവരിൽ അഞ്ചുതെങ്ങിലെ അടുത്ത ബന്ധുക്കളും മത്സ്യത്തൊഴിലാളികളുമായ മൂന്നു യുവാക്കൾ. റഷ്യയ്ക്കു വേണ്ടി യുദ്ധം ചെയ്യാൻ നിയോഗിക്കപ്പെട്ട ഇവരിൽ ഒരാൾക്ക് യുക്രെയ്ൻ സൈന്യത്തിന്റെ വെടിവയ്പിലും ബോംബാക്രമണത്തിലും പരുക്കേറ്റു.. മൂവരും സുരക്ഷിതരായി തിരിച്ചെത്തുന്നതു കാത്തിരിക്കുകയാണു കുടുംബങ്ങൾ. അഞ്ചുതെങ്ങ് കുരിശടി മുക്കിനു സമീപം കൊപ്രാക്കൂട് സെബാസ്റ്റ്യന്റെയും നിർമലയുടെയും മകൻ പ്രിൻസി(24)നാണു ചെവിക്കും കാലിനും പരുക്കേറ്റത്.

പ്രിൻസിന്റെ അമ്മയുടെ സഹോദരി കുന്നുംപുറത്ത് പനിയമ്മയുടെയും സിൽവയുടെ മകൻ വിനീത് (22), പ്രിൻസിന്റെ പിതൃസഹോദരി ബിന്ദുവിന്റെയും പരേതനായ പനിയടിമയുടെയും മകൻ ടിനു (25) എന്നിവരാണ് ഒപ്പമുള്ളത്. മനുഷ്യക്കടത്തിൽ സിബിഐ കേസെടുത്ത് അന്വേഷിക്കുകയാണ്. കഴക്കൂട്ടം സ്വദേശി സന്തോഷ് (അലക്സ്) എന്ന ഏജന്റാണു റഷ്യ കേന്ദ്രീകരിച്ചു  റിക്രൂട്മെന്റിനു ചുക്കാൻ പിടിച്ചത് . തുമ്പയിലെ ഏജന്റ് പ്രിയൻ വഴിയാണു മൂവരും ജനുവരി മൂന്നിനു റഷ്യയ്ക്കു പുറപ്പെട്ടത്. സെക്യൂരിറ്റി  ജോലിക്കു രണ്ടു ലക്ഷം രൂപ മാസശമ്പളം ലഭിക്കുമെന്നു വാഗ്ദാനം ചെയ്ത് മൂന്നു പേരിൽനിന്നും ഏഴു ലക്ഷം രൂപ വീതം പ്രിയൻ കൈപ്പറ്റി.

പലിശയ്ക്കെടുത്തും സ്വർണം വിറ്റും കടം വാങ്ങിയുമാണു പണം നൽകിയത്. റഷ്യൻ ഭാഷയിലെഴുതിയ കരാറിൽ ഒപ്പിടുവിച്ച് യുദ്ധമുഖത്ത് നിയോഗിക്കുകയായിരുന്നു. 23 ദിവസത്തെ ആയുധ പരിശീലനം നൽകി. പാസ്പോർട്ടും ഫോണും റഷ്യയിലെ ഏജന്റ് സന്തോഷ് പിടിച്ചു വച്ചതായി മോസ്കോയിൽനിന്നു മറ്റൊരു ഫോണിൽ സംസാരിച്ച പ്രിൻസ് ‘മനോരമ’യോടു പറഞ്ഞു. യുദ്ധമുഖത്തെത്തിയ ആദ്യദിവസം തന്നെ പ്രിൻസിനു പരുക്കേറ്റു. ഒരുമാസത്തിലേറെ ആശുപത്രി വാസത്തിനുശേഷം ഒരു ഹോസ്റ്റലിൽ വിശ്രമത്തിലാണ്. പരുക്കു ഭേദമായാലുടൻ വീണ്ടും യുദ്ധമുഖത്ത് എത്തിക്കുമെന്ന ഭയമുണ്ടെന്നും പ്രിൻസ് പറഞ്ഞു. വിനീതും ടിനുവും എവിടെയാണെന്നറിയില്ല.

ഇരുവരും വീട്ടുകാരുമായി ഫോൺ സന്ദേശത്തിലൂടെ ഇടയ്ക്കിടെ ബന്ധം പുലർത്തുന്നുണ്ടെങ്കിലും എന്താണ് യഥാർഥ സ്ഥിതിയെന്നു വ്യക്തമല്ല.ഇവരെ തിരികെയെത്തിക്കാൻ  റഷ്യൻ സ്ഥാനപതിയെ ബന്ധപ്പെട്ടെന്നു അഞ്ചുതെങ്ങിൽ ബന്ധുക്കളെ കണ്ട കേന്ദ്ര കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. സിബിഐ ഉദ്യോഗസ്ഥരെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. പ്രിൻസും ബന്ധുക്കളും റഷ്യയിലേക്കു പോയതിനു പിന്നാലെ മറ്റൊരു ഏജന്റ് വഴി അവിടെയെത്തിയ കഠിനംകുളം തൈവിളാകം തെരുവിൽ റോബർട്ട് അരുളപ്പൻ, ബന്ധു സജിൻ ഡിക്സൺ എന്നിവർ ഈ മാസമാദ്യം നാട്ടിൽ തിരിച്ചെത്തി. ചതി തിരിച്ചറിഞ്ഞയുടൻ ഇവർ മടങ്ങുകയായിരുന്നു.

യുദ്ധമുഖത്തു നിയോഗിക്കപ്പെട്ട ആദ്യദിനം തന്നെ തനിക്കു വെടിയേറ്റെന്ന് പ്രിൻസ് സെബാസ്റ്റ്യൻ
യുദ്ധമുഖത്തു നിയോഗിക്കപ്പെട്ട ആദ്യദിനം തന്നെ തനിക്കു വെടിയേറ്റെന്നും 200 മീറ്റർ മാത്രം അകലെ മുഖാമുഖം നിന്നാണു യുക്രെയ്ൻ സേനയുമായി യുദ്ധം ചെയ്തതെന്നും ഏജന്റിന്റെ ചതിയിൽപെട്ടു റഷ്യയിലെത്തിയ പ്രിൻസ് സെബാസ്റ്റ്യൻ. തോക്കും ബോംബും ഉപയോഗിക്കാൻ റഷ്യൻ സേന പരിശീലനം നൽകിയെന്നും പരുക്കേറ്റു മോസ്കോയിൽ ചികിത്സയിൽ കഴിയുന്ന പ്രിൻസ് ‘മലയാള മനോരമ’യോടു ഫോണിൽ പറഞ്ഞു. പ്രിൻസിന്റെ വാക്കുകൾ... റഷ്യയിലെത്തിയ ആദ്യ രണ്ടുദിവസം ഒരു മുറിയിൽ തന്നെ കഴിഞ്ഞു. സന്തോഷ് എന്ന ഏജന്റ് എത്തി ഒരു കരാറിൽ ഒപ്പുവയ്പിച്ചു. ഭാഷ അറിയാത്തതിനാൽ വായിക്കാനായില്ല.

പിന്നീട് ഒരു ക്യാംപിലെത്തിച്ച് ആയുധപരിശീലനം നൽകി. 23 ദിവസത്തെ കഠിന പരിശീലനം. യുദ്ധത്തിന് അയയ്ക്കാനാണെന്നു മനസ്സിലായതോടെ എതിർത്തു. അപ്പോൾ ഫോണും പാസ്പോർട്ടും പിടിച്ചുവാങ്ങി. 30 പേർ വീതമുള്ള മൂന്നു സംഘമായാണു ഞങ്ങളെ യുക്രെയ്ൻ അതിർത്തിയിലേക്ക് അയച്ചത്. ഞാനും വിനീതും ഒരു സംഘത്തിലും ടിനു മറ്റൊരു സംഘത്തിലുമായിരുന്നു. കൂട്ടത്തിൽ മറ്റു ചില ഇന്ത്യക്കാരുമുണ്ടായിരുന്നു. ചെന്നിറങ്ങിയ ആദ്യദിനം തന്നെ യുക്രെയ്ൻ അതിർത്തിയിൽ കരയുദ്ധത്തിനിറക്കി.

ഹെൽമറ്റ് ഉണ്ടായിരുന്നെങ്കിലും എന്റെ ഇടതു ചെവിക്കു വെടിയേറ്റു. താഴെ വീണതിനു പിന്നാലെ ബോംബേറും. ഇടതു കാലിനാണു പരുക്കേറ്റത്. അവർ ആശുപത്രിയിലാക്കി. ശരീരത്തിലാകെ 18 മുറിവുണ്ടായിരുന്നു. ഫെബ്രുവരി 6ന് ആശുപത്രിയിലായി. ഒരു മാസത്തോളം അവിടെ കിടന്നു. ഇതിനിടെ ആശുപത്രി മാറ്റി. പരുക്കേറ്റവർക്കു 15 ദിവസത്തെ അവധി കിട്ടുമെന്നു മനസ്സിലാക്കി കമാൻഡർക്ക് ഞാൻ അപേക്ഷ നൽകി. കമാൻഡറുടെ അനുമതി വാങ്ങാൻ വീണ്ടും അതിർത്തിയിലേക്കു പോയി. അവിടെ വിനീതിനെ കണ്ടു. അവന്റെ അവസ്ഥയും വളരെ മോശമായിരുന്നു. ദിവസം ഒരു നേരം മാത്രമാണു ഭക്ഷണം നൽകിയിരുന്നത്. അതും ബ്രഡ് മാത്രം.

അഞ്ചുദിവസം അവിടെ കഴിഞ്ഞശേഷമാണു ഞാൻ തിരിച്ചു മോസ്കോയിലെത്തിയത്. ഇവിടെ ഒരു ഹോസ്റ്റലിൽ താമസിക്കുകയാണിപ്പോൾ. ഒരു നേരത്തെ ആഹാരം ഇവിടെ സൗജന്യമായി കിട്ടും. അതാണു കഴിക്കുന്നത്. ഇവിടെനിന്നു സംഘടിപ്പിച്ച ഫോണാണ് ഉപയോഗിക്കുന്നത്. ഇതിനിടെ എംബസിയിൽ നിന്ന് എന്നു പറഞ്ഞ് ഒരു കോൾ വന്നിരുന്നു. എങ്ങനെയെങ്കിലും ഇവിടെനിന്നു രക്ഷപ്പെടണം എന്നേയുള്ളൂ. ഞങ്ങൾ മൂന്നു പേരും ഒരുമിച്ചു കളിച്ചുവളർന്നവരാണ്. അവരെ ഇവിടെ ഉപേക്ഷിച്ചുപോരാനും വയ്യ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com