ADVERTISEMENT

തിരുവനന്തപുരം ∙ ചൂട് കടുത്തതോടെ നഗരത്തിൽ ജലക്ഷാമം രൂക്ഷമായി. പലയിടത്തും രാത്രിയിലും പുലർച്ചെയും മാത്രമാണ് വെള്ളം എത്തുന്നത്. കിണറുകളിലെ ജലനിരപ്പും താഴ്ന്നു. ഉയർന്ന ചൂടിൽ കരമന, കിള്ളിയാർ തുടങ്ങിയ നദികൾ ഉൾപ്പെടെ ജലാശയങ്ങളിലെ ജലനിരപ്പു താഴ്ന്നു. ചൂട് ഇനിയും ഉയർന്നാൽ കുടിവെള്ളം  ലഭിക്കാത്ത സ്ഥിതി വരും. നിലവിൽ ആശങ്കയ്ക്ക് വകയില്ലെന്നാണ് ജലഅതോറിറ്റി പറയുന്നത്. നഗരത്തിൽ ജലക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുന്നതിനു പുറമേ ടാങ്കുകൾ സ്ഥാപിക്കാൻ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. 

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള നിർമാണങ്ങൾക്കിടയിൽ ജലവിതരണ പൈപ്പുകൾ പൊട്ടി വിതരണം തടസ്സപ്പെടുന്നതു പതിവാണ്. പെപ്പ് പൊട്ടൽ ശരിയാക്കിയ സ്ഥലങ്ങളിൽ പലയിടത്തും അർധരാത്രിയും പുലർച്ചെയും മാത്രമാണ് വെള്ളമെത്തുന്നത്. വിവിധ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുഴികൾ എടുക്കുമ്പോൾ പലയിടത്തും  പൈപ്പ് പൊട്ടുന്നുണ്ട്. ഇത് ശരിയാക്കി ജലവിതരണം പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ എടുക്കുന്നതും ജനങ്ങളെ വലയ്ക്കുന്നു. ഉയർന്ന പ്രദേശങ്ങളിലാണ് കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്.

പേരൂർക്കട,വഴയില,കുടപ്പനക്കുന്ന്,മണ്ണന്തല,പാപ്പനംകോട്,കരമന,പൂജപ്പുര,മണക്കാട്,കമലേശ്വരം,കുര്യാത്തി,പൂന്തുറ,ബീമാപള്ളി,ഫോർട്ട്,തിരുമല,വട്ടിയൂർക്കാവ്,ശ്രീകാര്യം,പോങ്ങൂംമൂട്,അമ്പലമുക്ക്,പിടിപി നഗർ,ശാസ്തമംഗലം,മരുതംകുഴി,കേശവദാസപുരം,ഉള്ളൂർ,നാലാഞ്ചിറ,വഴുതക്കാട്,ജനറൽ ആശുപത്രി ജംക്‌ഷൻ,വഞ്ചിയൂർ,പാറ്റൂർ,പേട്ട,ചാല, കരമന തുടങ്ങിയ സ്ഥലങ്ങളിലെ ഉയർന്ന ഇടങ്ങളിൽ രാത്രി മാത്രമാണ് വെള്ളമെത്തുന്നതെന്ന് പരാതികൾ ഉണ്ട്.

കഴക്കൂട്ടം,ചന്തവിള മേഖലകളിലും  ജനക്ഷാമം രൂക്ഷമാണ്.  പുല്ലുകാട്, മൺവിള, അരശുംമൂട്, തൃപ്പാദപുരം, കുളത്തൂർ, ആറ്റിപ്ര, തമ്പുരാൻമുക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് കടുത്ത ബുദ്ധിമുട്ടുള്ളത്. മുൻപ് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം രാത്രി വെള്ളം കിട്ടിയിരുന്നുവെങ്കിൽ ഇപ്പോൾ പല സ്ഥലങ്ങളിലും പൂർണമായി ജല വിതരണം നിലച്ചു. 

ടാങ്ക് സ്ഥാപിക്കും
മണ്ണന്തല,ശ്രീകാര്യം മേഖലകളിലും ജന ക്ഷാമമുണ്ട്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന കഴക്കൂട്ടം,ചന്തവിള ഭാഗങ്ങളിൽ  കോർപറേഷൻ താൽക്കാലിക കുടിവെള്ള ടാങ്ക് സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ ഏറ്റവും രൂക്ഷമായ ഈ പ്രദേശത്തെ 11 ഇടങ്ങളിൽ ടാങ്ക് സ്ഥാപിക്കും. 5000,3000 ലീറ്ററിന്റെ ടാങ്കുകളാണ് സ്ഥാപിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com