ADVERTISEMENT

തിരുവനന്തപുരം ∙ നഗര ജീവിതം ദുസ്സഹമാക്കി തുടരുന്ന സ്മാർട് റോഡ് നിർമാണം സമയ ബന്ധിതമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടൽ. സ്മാർട് ആക്കാനായി പൊളിച്ചതിൽ 3 റോഡുകളുടെ ആദ്യ ഘട്ട നവീകരണം ഈ മാസം 31 നു മുൻപു പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദേശം നൽകി. മേൽനോട്ടത്തിന് സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിനെയും കേരള റോഡ് ഫണ്ട് ബോർഡിനെയും ചുമതലപ്പെടുത്തി. സ്റ്റാച്യു– ജനറൽ ആശുപത്രി ജംക്‌ഷൻ റോഡ്, ഫോറസ്റ്റ് ഓഫിസ് ജംക്‌ഷൻ– ബേക്കറി ജംക്‌‌ഷൻ റോഡ് (പൗണ്ട് റോഡ്), നോർക്ക ജംക്‌ഷൻ– ഗാന്ധി ഭവൻ റോഡുകളിൽ 31 ന് മുൻപ് ആദ്യ ഘട്ട ടാറിങ് നടത്തണമെന്നാണ് നിർദേശം. 3 റോഡുകളിലും ഇലക്ട്രിക് ജോലികൾ വ്യാഴാഴ്ചയോടെ പൂർത്തിയാകുമെന്നാണ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന റിപ്പോർട്ട്.

ആൽത്തറ– തൈക്കാട് റോഡിൽ ഏപ്രിൽ പകുതിയോടെ ഒരു വരി ഗതാഗതം സാധ്യമാക്കത്തക്ക രീതിയിൽ നിർമാണം നടത്താനും കരാറുകാരോ‍ട് നിർദേശിച്ചു. റോഡിന്റെ ഓരത്തുള്ള തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്കുള്ള പ്രധാന റോഡിൽ ഗതാഗതത്തിന് തടസ്സമായി സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് പോസ്റ്റ് തിങ്കളാഴ്ചയ്ക്കു മുൻപു മാറ്റും. ജനറൽ ആശുപത്രി– വഞ്ചിയൂർ റോഡും അടുത്ത മാസം പകുതിയോടെ ഗതാഗത യോഗ്യമാക്കും. അതേസമയം, ചെന്തിട്ട– അട്ടക്കുളങ്ങര, ഓവർ ബ്രിജ്– ചെട്ടിക്കുളങ്ങര– ഉപ്പിടാംമൂട് റോഡുകളുടെ കാര്യത്തിൽ നിർമാണം എന്ന് തീരുമെന്ന് ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. 

മോഡൽ സ്കൂൾ റോഡ് നിർമാണം നീളും
കഴിഞ്ഞ മാസം 20നു നിർമാണം പൂർത്തിയാക്കുമെന്ന് വാഗ്ദാനം നൽകിയ മോഡൽ സ്കൂൾ ജംക്‌ഷൻ – തൈക്കാട് ശാസ്താ ക്ഷേത്രം റോഡിന്റെ നിർമാണം ഉടനെ തീർക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. നിർമാണത്തിനിടെ മോഡൽ സ്കൂളിന്റെ കൂറ്റൻ മതിലിന് ബലക്ഷയം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽമതിലിന്റെ പകുതിയോളം ഭാഗം പൊളിച്ചു പണിയണം എന്നാണ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന റിപ്പോർട്ട്. മതിൽ പണിയേണ്ടി വന്നാൽ നിലവിൽ പകുതിയോളം മാത്രംപൂർത്തിയായ റോഡിന്റെ നിർമാണം ഇനിയും വൈകാനാണ് സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com