ADVERTISEMENT

പാലോട്∙ ഈ മാസം 31ന് പൂർത്തീകരിക്കേണ്ട പെരിങ്ങമ്മല ശുദ്ധജല പദ്ധതി 40 ശതമാനം പോലും പൂർത്തിയാകാതെ കരാറുകാർ ഇട്ടിട്ടു പോയിട്ട് മാസങ്ങൾ. ബന്ധപ്പെട്ടവർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിനാൽ പദ്ധതി വെറുതെയാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ആദിവാസി മേഖലകളും പട്ടികജാതി പട്ടികവർഗ കോളനികളും ഏറെയുള്ള കുടിവെള്ള ക്ഷാമം രൂക്ഷമായ ജില്ലയിലെ വലിയ പഞ്ചായത്തായ പെരിങ്ങമ്മലയിൽ മുഴുവൻ പ്രദേശത്തും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരിന്റെ ജലജീവൻ മിഷൻ മുഖേന ആരംഭിച്ച 128 കോടിയുടെ സമ്പൂർണ കുടിവെള്ള പദ്ധതിയാണ് പ്രതിസന്ധിയിൽ കിടക്കുന്നത്. 2 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ പ്രവർത്തനങ്ങളാണ് കരാറുകാർ ഇട്ടിട്ടു പോയി നാഥനില്ലാക്കളരിയായി കാടുകയറുന്നത്.

പെരിങ്ങമ്മല ശുദ്ധജല പദ്ധതിക്കായി നിർമാണം ആരംഭിച്ച കുളം കരാറുകാരൻ ഉപേക്ഷിച്ച നിലയിൽ.
പെരിങ്ങമ്മല ശുദ്ധജല പദ്ധതിക്കായി നിർമാണം ആരംഭിച്ച കുളം കരാറുകാരൻ ഉപേക്ഷിച്ച നിലയിൽ.

കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ നിരന്തര ഇടപെടലുകളുടെ ഫലമായിട്ടാണ് പദ്ധതിക്ക് ജീവൻ വച്ചത്. ദൈവപ്പുര വാർഡിലെ ആയിരവില്ലി കുന്നിൽ മെയിൻ ട്രീറ്റ്മെന്റ് പ്ലാന്റിനായി ഒരേക്കർ സ്ഥലവും കൊച്ചു പനങ്ങോട്ട് കിണറിനായി 10 സെന്റും  പനങ്ങോട് ക്ഷേത്രത്തിനു  സമീപം ടാങ്ക് നിർമിക്കാൻ 30 സെന്റ് സ്ഥലവും വാങ്ങി നൽകി. പ്രവർത്തനങ്ങൾ പുരോഗമിക്കവെ   ഭരണ സമിതിയുടെ കാലാവധി അവസാനിച്ചു. മെയിൻ ട്രീറ്റ്മെന്റ് പ്ലാന്റ് ഏതാണ്ട് പണി പൂർത്തിയായെങ്കിലും ടാങ്കിന്റെ നിർമാണവും കുളം നിർമാണവും ഏറ്റെടുത്തവർ ഉപേക്ഷിച്ചു പോയി. ഇതിനായി ഇറക്കിയ പൈപ്പുകൾ പലയിടത്തും കിടന്നു തുരുമ്പിക്കുന്നു.

വേനൽക്കാലമായ ഇപ്പോഴാണ് കുളം അടക്കമുള്ള പദ്ധതിയുടെ പണികൾ നടത്താൻ അനുയോജ്യമായ സമയം. ടാങ്കിലേക്കുള്ള റോഡിന് വെറും നാല് സെന്റ് വാങ്ങിനൽകണം. ഈ വേനൽക്കാലത്തു കുടിവെള്ളം കിട്ടേണ്ട പദ്ധതിയാണ് ഇങ്ങനെ നീണ്ടു പോകുന്നത്. ഉപേക്ഷിച്ച പോയ പണികൾ പുനരാരംഭിക്കാൻ പഞ്ചായത്ത്  നടപടികൾ സ്വീകരിച്ചു പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തിലെ പൊൻമുടി വാർഡ് ഒഴികെ മറ്റു 18 വാർഡുകളിലെയും ഇടറോഡുകളിൽ വരെ കുടിവെള്ളം എത്തുന്നതാണ് പദ്ധതി. 15ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ഈ പദ്ധതിയിലൂടെ പഞ്ചായത്തിന്റെ മുഴുവൻ പ്രദേശത്തും വെള്ളമെത്തുന്നതിനു പുറമേ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലും കോളനികളിലും ആദിവാസി മേഖലകളിലും ശുദ്ധജലമെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com