കഴക്കൂട്ടം ശുദ്ധജല പ്രശ്നത്തിന് പരിഹാരമില്ല; നീണ്ടു പോയത് അൽപദൂരം പൈപ്പിട്ടാൽ തീരുന്ന പ്രശ്നം
Mail This Article
കഴക്കൂട്ടം∙ രണ്ടു കിലോമീറ്റർ ദൂരത്തിൽ പൈപ്പിട്ടാൽ തീരുന്ന കഴക്കൂട്ടത്തെ ശുദ്ധജല പ്രശ്നം അനിശ്ചിതമായി നീളുന്നു. അരുവിക്കര നിന്നും കഴക്കൂട്ടം മണ്ഡലത്തിലേക്കു വെള്ളം എത്തിക്കുന്നത് 3 വാട്ടർ ടാങ്കുകൾ വഴിയാണ്. മൺവിള, പുതുകുന്ന്, പോങ്ങുംമൂട്. ഇതിൽ മൺവിള ടാങ്കിൽ നിന്നുമാണ് കഴക്കൂട്ടം മണ്ഡലത്തിലെ നല്ലൊരു ഭാഗം പ്രദേശങ്ങളിലും വെള്ളം എത്തിക്കുന്നത്.
പുതുകുന്നിലുള്ള സംഭരണിയിൽ നിന്നും മൺവിളയുള്ള സംഭരണിയിലേക്കു വെള്ളം നിറച്ച് അവിടെ നിന്നാണ് മൺവിള, കുളത്തൂർ, അരശുംമൂട്, തൃപ്പാദപുരം, കല്ലിങ്ങൽ, കഴക്കൂട്ടം, കുഴിവിള ഭാഗങ്ങളിലേക്കു വെള്ളം എത്തിക്കുന്നത്. മൺവിളയുള്ള സംഭരണിയിലേക്കു വെള്ളം കൊണ്ടു വരുന്നത് മൂന്നു പതിറ്റാണ്ടിനു മുൻപ് സ്ഥാപിച്ച 600 എംഎം പിസിസി പൈപ്പു വഴിയാണ്.
മൺവിളയുള്ള സംഭരണിക്കു കൂടുതൽ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടെങ്കിലും കൂടുതൽ മർദത്തിൽ പമ്പ് ചെയ്താൽ പൈപ്പു പൊട്ടുന്നത് പതിവാണ്. അതിനാൽ സംഭരണി ഉൾക്കൊള്ളുന്ന വെള്ളത്തിന്റെ 70 ശതമാനം മാത്രമേ നിറയ്ക്കാൻ സാധിക്കുകയുള്ളൂ എന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. അരുവിക്കര നിന്നും മൺവിള ടാങ്കിലേക്കു വെള്ളം എത്തിക്കാനുള്ള പുതിയ പ്രധാന പൈപ്പു ലൈൻ വർഷങ്ങൾക്കു മുൻപ് തന്നെ ശ്രീകാര്യം വരെ സ്ഥാപിച്ചിട്ടുണ്ട്.
അവിടെ നിന്നും 2 കിലോമീറ്റർ ദൂരത്തിൽ പൈപ്പു സ്ഥാപിച്ചാൽ തീരാവുന്നതേയുള്ള ഇൗ മേഖലയിലെ കുടിവെള്ള ക്ഷാമം. എന്നാൽ കരാറെടുത്ത ആൾ പൈപ്പിടൽ പാതി വഴിയിൽ ഉപേക്ഷിച്ച് പിൻമാറിയതോടെ വർഷങ്ങളായി പദ്ധതി തൃശങ്കുവിലാണ്. പുതിയ ടെൻഡർ 40 ശതമാനത്തിലധികം തുക ക്വോട്ടു ചെയ്തിരിക്കുന്നതിനാൽ പദ്ധതി വീണ്ടും അനിശ്ചിതമായി നീണ്ടുപോകാനാണു സാധ്യത.