സ്വന്തം ചിഹ്നത്തിൽ സിപിഎം മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പ്: രമേശ് ചെന്നിത്തല
Mail This Article
പോത്തൻകോട് ∙ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ സിപിഎം മൽസരിക്കുന്ന അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കുമിതെന്ന് രമേശ് ചെന്നിത്തല. അടുത്ത തിരഞ്ഞെടുപ്പിൽ മരപ്പട്ടിയോ ഈനാംപേച്ചിയോ ഒക്കെ തന്നെയാകും ചിഹ്നമെന്നും ജനങ്ങൾക്ക് തെറ്റുമനസിലായിട്ടുണ്ടെന്നും അദേഹം പറഞ്ഞു. യുഡിഎഫ് ആറ്റിങ്ങൽ പാർലമെന്റിൽ ചിറയിൻകീഴ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മുരുക്കുംപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെ നിശ്ശബ്ദമാക്കി തിരഞ്ഞെടുപ്പു നേരിടാമെന്നുള്ള നരേന്ദ്രമോദിയുടെ തന്ത്രം വിജയിക്കില്ല.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനെപ്പോലെ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമത്തിലാണ് മോദി. ഇനി അധികാരത്തിൽ വന്നാൽ ഭരണഘടന തന്നെ മോദി മാറ്റിയെഴുതും. ഇത് ജനം തിരിച്ചറിയുന്നുണ്ടെന്നും അതിന്റെ ഫലം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മോദിയെയോ അമിത്ഷായെയോ വിമർശിക്കാതെ രാഹുൽഗാന്ധിയെ മാത്രം കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോലും ആത്മാർഥതയില്ലാതെയാണ് സംസാരിക്കുന്നത്. ജനത്തെ മുഖ്യമന്ത്രി പലതും പറഞ്ഞ് കബളിപ്പിക്കുകയാണ്. സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും ബില്ലുകളൊന്നും പാസാക്കാനായിട്ടില്ല. ട്രഷറി പൂട്ടിയനിലയിലാണ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ആറ്റിങ്ങൽ പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്, യുഡിഎഫ് നേതാക്കളായ കരകുളം കൃഷ്ണപിള്ള, വർക്കല കഹാർ, ചന്ദ്രബാബു, ചാന്നാങ്കര എം.പി കുഞ്ഞ്, ബി.ആർ.എം ഷെരീഫ്, കെ.എസ് അജിത്ത്കുമാർ, എം.ജെ ആനന്ദ്, എംഎസ് നൗഷാദ്, കെ.ആർ അഭയൻ, എസ്. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. ആറ്റിങ്ങൽ പാർലമെന്റ് യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു . തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ്, മുൻ എംഎൽഎ വർക്കല കഹാർ, മുൻ എം പി പീതാംബര കുറുപ്പ്, ജി സുബോധൻ, പ്രൊഫ. തോന്നയ്ക്കൽ ജമാൽ എന്നിവർ പങ്കെടുത്തു.