ADVERTISEMENT

ആറ്റിങ്ങൽ ∙ ബൈപാസിൽ മേൽപാലം നിർമിക്കുന്നതിനായി നിലവിലെ റോഡ് കുഴിച്ചതോടെ രാമച്ചം വിളയിൽ യാത്രാ ദുരിതം. നൂറു കണക്കിന് വാഹനങ്ങൾ ദിവസവും കടന്നു പോകുന്ന ആറ്റിങ്ങൽ–ചിറയിൻകീഴ് പ്രധാന റോഡാണ് മേൽപാലം നിർമിക്കുന്നതിനായി ആഴത്തിൽ കുഴിച്ചത്. നിലവിലെ റോഡ് അടച്ച ശേഷം വാഹനങ്ങൾ താൽക്കാലികമായി വഴി തിരിച്ച് വിട്ടിട്ടുണ്ട്. ആറ് മാസത്തിലേറെയായി വാഹനങ്ങൾ താൽക്കാലിക റോഡ് വഴിയാണ് കടന്നു പോകുന്നത്.

പാലം നിർമിക്കുന്നതിനായി ഇരുപതടിയിലേറെ താഴ്ചയിൽ ഇരുവശവും കുഴിച്ചെടുത്തെങ്കിലും മേൽപാലം നിർമിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിച്ചിട്ടില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. വളരെ ഇടുങ്ങിയ റോഡാണ് വാഹനങ്ങൾക്ക് കടന്നു പോകുന്നതിനായി ഒരുക്കിയിട്ടുള്ളത്. റോഡിന്റെ വീതികുറവ് വൻ അപകട ഭീതി ഉയർത്തുന്നതായാണ് നാട്ടുകാരുടെ ആശങ്ക.

പ്രദേശത്ത് തെരുവ് വിളക്കുകൾ പോലും സ്ഥാപിച്ചിട്ടില്ലാത്തതിനാൽ രാത്രി യാത്ര കൂടുതൽ ദുരിതം നിറഞ്ഞതാണെന്ന് യാത്രക്കാർ പറഞ്ഞു. മണ്ണ് കുഴിച്ചെടുന്ന ഭാഗത്ത് റോഡിന്റെ ഓരം ചേർന്നു താൽക്കാലിക സുരക്ഷാ വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വലിയ വാഹനങ്ങൾ കടന്നു പോകുമ്പോഴുണ്ടാകുന്ന കുലുക്കത്തിൽ പല ഭാഗത്തും മണ്ണിടിച്ചിൽ തുടങ്ങിയിട്ടുണ്ട്. നിർമാണം ആരംഭിച്ചതോടെ പ്രദേശത്ത് പൊടി ശല്യം രൂക്ഷമാണെന്നും നാട്ടുകാർ ആരോപിച്ചു.

നിർമാണം ഉടൻ  പൂർത്തിയാകും– ബൈപാസ് നിർമാണ കമ്പനി
∙രാമച്ചം വിളയിൽ വെഹിക്കിൾ ഓവർ പാസ് ആണ് നിർമിക്കുന്നത്. ഇവിടെ സർവീസ് റോഡ് പാലത്തിന് മുകളിലൂടെയാകും കടന്നു പോകുന്നത്. വെഹിക്കിൾ ഓവർ പാസിന്റെ ഇരു വശത്തുമുള്ള ഭിത്തികൾ കെട്ടുന്നതിനായിട്ടാണ് ഇവിടം ആഴത്തിൽ കുഴിക്കേണ്ടി വന്നത്. നിർമാണം പുരോഗമിക്കുകയാണെന്നും ഉടൻ പൂർത്തിയാകുമെന്നും ബൈപാസ് നിർമാണ കരാർ കമ്പനിയായ ആർഡിഎസ് ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റ് കേണൽ എം.ആർ.രവീന്ദ്രൻ നായർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com