കാറിൽ കടത്താൻ ശ്രമിച്ച 50 കിലോയോളം കഞ്ചാവുമായി രണ്ട് പേര് അറസ്റ്റിൽ

Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തേക്ക് ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 50 കിലോയോളം കഞ്ചാവുമായി രണ്ട് പേരെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് കുലശേഖരം ശിവശക്തിയിൽ ശിവകുമാർ(36), വട്ടിയൂര്‍ക്കാവ് കരിമാന്‍കുളം ആശാ നിവാസിൽ ഹരിശങ്കർ(34) എന്നിവരെയാണ് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിലുള്ള റൂറല്‍ ഡാൻസാഫ് സംഘം പിടികൂടിയത്.

ആന്ധ്രപ്രദേശില്‍ നിന്നും ആണ് ഇവര്‍ കഞ്ചാവ് കടത്തി കൊണ്ട് വന്നത്. ആഡംബര കാറിന്റെ രഹസ്യ അറയിൽ 23 പൊതികളിലായി വളരെ വിദഗ്ധമായി കൊണ്ട് വന്ന കഞ്ചാവാണ് പിടികൂടിയത്. പാർലമെന്റ് ഇലക്ഷന്‍ പ്രമാണിച്ച് ആന്ധ്രയിലും, തമിഴ്നാട്ടിലും പല സ്ഥലങ്ങളിലും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പരിശോധനക്ക് വിധേയമായെങ്കിലും കഞ്ചാവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേരള തമിഴ്നാട് അതിര്‍ത്തിയായ വെള്ളറടയില്‍ തിരുവനന്തപുരം റൂറല്‍ പൊലീസിന്റെ ആറാട്ടുകുഴി ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
വിപണിയില്‍ 25 ലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവാണ് ഇവരില്‍ നിന്നും പിടികൂടിയത്. വെള്ളറട പൊലീസ് ഇന്‍സ്പെക്ടര്‍ ബാബു കുറുപ്പ് സബ് ഇന്‍സ്പെക്ടര്‍ സുജിത് ഡാൻസാഫ് സബ് ഇന്‍സ്പെക്ടര്‍മാരായ ഷിബു, ദിലീപ്, ഷിബുകുമാര്‍ സുനിലാല്‍ ,സാജു സിപിഒമാരായ സതികുമാര്‍ ,ഉമേഷ്, അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.