ADVERTISEMENT

പാറശാല ∙ ജോലി വാഗ്ദാനം ചെയ്തു റഷ്യയിൽ എത്തിച്ച് യുദ്ധത്തിനു വേണ്ടി പട്ടാളത്തിനു കൈമാറിയ പെ‍ാഴിയൂർ കല്ലി സ്വദേശി ഡേവിഡ് (24)നെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.  പാസ്പോർട്ട് അടക്കം രേഖകൾ ഇല്ലാത്തതാണ് തിരിച്ചുവരവിനു തടസ്സം. മോസ്കോയിലെ ഇന്ത്യൻ‌ എംബസിയിൽ ഹാജരാക്കിയ പാസ്പോർട്ടിന്റെ കോപ്പി ഉപയോഗിച്ച് താൽക്കാലിക രേഖകൾ തരപ്പെടുത്തി നാട്ടിൽ എത്തിക്കാൻ ആണ് എംബസിയുടെ ശ്രമം. 

മോസ്കോയിലെ ഒരു പള്ളി വികാരിയുടെ സംരക്ഷണയിൽ ആണ് ഡേവിഡ് ഇപ്പോൾ കഴിയുന്നത്. രേഖ ശരിയായാൽ ഉടൻ നാട്ടിൽ എത്താൻ കഴിയും എന്നാണ് പ്രതീക്ഷ. സൂപ്പർ മാർക്കറ്റിൽ 1.60 ലക്ഷം രൂപ മാസ വേതനത്തിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് കഴിഞ്ഞ ഒക്ടോബർ അവസാന വാരം ഒ‍ാൺലൈ‍ൻ വഴി പരിചയപ്പെട്ട ഡൽഹിയിലെ ഏജന്റ് മൂന്നരലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഡേവിഡിനെ റഷ്യയിൽ എത്തിച്ചത്. റഷ്യൻ‌ പൗരത്വമുള്ള മലയാളിയായ അലക്സ് ആണ് വിമാനത്താവളത്തിൽ നിന്നു ഡേവിഡിനെ പട്ടാള ക്യാംപിൽ എത്തിച്ചത്.  ക്യാംപിൽ എത്തിയപ്പോൾ തന്നെ ഉദ്യേ‍ാഗസ്ഥർ പാസ്പോർട്ടും യാത്രാ രേഖകളും വാങ്ങി. പത്ത് ദിവസത്തെ പരിശീലനത്തിനു ശേഷം യുക്രെയ്ൻ അതിർത്തിയിൽ യുദ്ധ മേഖലയിൽ എത്തിച്ച യുദ്ധത്തിൽ പങ്കെടുത്തതോടെയാണു ഏജന്റിന്റെ ചതി ഡേവിഡിനു ബോധ്യമായത്. 

ഡിസംബർ 25ന് രാത്രി റോണക്സ് മേഖലയിൽ രാത്രി നടത്തത്തിനു പോകുമ്പോൾ ‍ഡ്രോണിൽ എത്തിയ ബോംബ് പെ‍ാട്ടി കാലിനു ഗുരുതര പരുക്കേറ്റു. വേണ്ട ചികിത്സ പോലും നൽകാതെ ദുരിതാവസ്ഥയിൽ കഴിഞ്ഞ ഡേവിഡ് അവിടെ നിന്ന് രക്ഷപ്പെട്ടു വീട്ടുകാരെ ബന്ധപ്പെട്ടതോടെ ആണ് ദുരിതം പുറത്തറിയുന്നത്.  മാധ്യമ വാർത്ത കണ്ട കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ഡോ ശശി തരൂർ എംപി തുടങ്ങിയവർ വിഷയത്തിൽ ഇടപെട്ടിരുന്നു. ഡേവിഡിനെ പോലെ ഏജന്റുമാരുടെ ചതിയിൽ പെട്ട മറ്റു ചിലരും നാട്ടിൽ എത്തുന്നതിനു എംബസിയെ സമീപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com