നടുറോഡിലെ കൊലപാതകം: മകൻ കുടുങ്ങുമെന്നു ഭയന്ന പിതാവ് ജീവനൊടുക്കി; മകൻ പ്രതിപ്പട്ടികയിലില്ല
Mail This Article
നെയ്യാറ്റിൻകര ∙ കൊടങ്ങാവിളയ്ക്കു സമീപം നടുറോഡിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. പ്രതികൾ വാടകയ്ക്ക് എടുത്ത കാറിന്റെ ഉടമയുടെ പിതാവ് ഓലത്താന്നി പാതിരിശേരി വീട്ടിൽ സുരേശനെ (64) ഇതിനിടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മകൻ കേസിൽ പ്രതിയാക്കപ്പെടുമെന്ന ആശങ്കയാണ് ജീവനൊടുക്കാൻ കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പ്രതിപ്പട്ടികയിൽ സുരേശന്റെ മകന്റെ പേരില്ലെന്നും പൊലീസ് അറിയിച്ചു.
ഊരൂട്ടുകാല ചരൽകല്ലുവിള വീട്ടിൽ നിന്ന് പത്താംകല്ലിൽ വാടകയ്ക്ക് താമസിക്കുന്ന ഷൺമുഖൻ ആശാരിയുടെ മകൻ ആദിത്യൻ (23) ആണ് ബുധൻ രാത്രി ഏഴരയോടെ കൊടങ്ങാവിള ജംക്ഷനു സമീപം കൊല്ലപ്പെട്ടത്. 20,000 രൂപയ്ക്ക് വിറ്റ ബൈക്ക് വിലയ്ക്ക് തിരികെ വാങ്ങുന്നത് സംബന്ധിച്ച തർക്കമാണ് പ്രകോപനം.
വെൺപകൽ പട്ട്യക്കാല ജെ.എസ്.ഭവനിൽ ജെ.എസ്.ജിബിൻ (25), നെല്ലിമൂട് കണ്ണറവിള പെരിങ്ങോട്ട്കോണത്ത് മനോജ് (19), കാഞ്ഞിരംകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ചൊവ്വര ചപ്പാത്ത് ബഥേൽ ഭവനിൽ അഭിജിത്ത് (18), കാഞ്ഞിരംകുളം കഴിവൂർ പെരുന്താന്നി തട്ട്നാല് പ്ലാവിള പുത്തൻ വീട്ടിൽ രജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടർ എ.സി.വിപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അജിതയാണ് സുരേശന്റെ ഭാര്യ. മക്കൾ: അപർണ, അച്ചു. ആദിത്യന്റെയും സുരേശന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു.