തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം നേതാവിന്റെ ദേഹത്ത് തിളച്ച കഞ്ഞി എറിഞ്ഞു; അറസ്റ്റ്
Mail This Article
ആറ്റിങ്ങൽ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം പഞ്ചായത്തംഗത്തിന് നേരെ തിളച്ച കഞ്ഞി എറിഞ്ഞു. സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ . ആക്രമണത്തിൽ പൊള്ളലേറ്റ മുദാക്കൽ പഞ്ചായത്ത് കട്ടയിൽകോണം വാർഡ് അംഗം ഊരൂപൊയ്ക, ശബരി നിവാസിൽ ടി. ബിജു (53) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് . സംഭവത്തിൽ ഊരൂപൊയ്ക , വലിയവിള വീട്ടിൽ സജി( 30) യെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ഇന്നലെ രാവിലെ 11.30നാണ് സംഭവം. എൽഡിഎഫിലെ പ്രാദേശിക നേതാക്കൾക്കൊപ്പം ബിജു ഊരൂപൊയ്കയിൽ പ്രചാരണം നടത്തുകയായിരുന്നു.
സജിയുടെ താമസ സ്ഥലത്തെത്തിയ ബിജുവിനേയും സംഘത്തേയും സജി അസഭ്യം വിളിച്ചെന്നാണ് ആരോപണം. ഇത് പറഞ്ഞു വിലക്കുന്നതിനിടെയാണ് അടുപ്പിൽ വേവുകയായിരുന്ന കഞ്ഞി കലത്തോടെ എടുത്തു കൊണ്ടുവന്ന് ബിജുവിന്റെ ദേഹത്തേക്ക് എറിയുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ ബിജുവിലെ ഉടൻ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും , തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറ്റിങ്ങൽ പൊലീസ് സജിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്തതായി ആറ്റിങ്ങൽ പൊലീസ് പറഞ്ഞു. എന്നാൽ ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് ബിജുവും, ആറ്റിങ്ങൽ പൊലീസും പറഞ്ഞു.