ADVERTISEMENT

തിരുവനന്തപുരം∙ ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളിൽ ഇന്നു മുതൽ നാമനിർദേശപത്രികാ സമർപ്പണം തകൃതിയാകും. തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ ഇന്നും യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ നാളെയും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ 4നും പത്രിക നൽകും. പത്രികാ സമർപ്പണത്തിനു മുന്നോടിയായി പന്ന്യൻ രവീന്ദ്രൻ ഇന്നു പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ശ്രീനാരായണഗുരു, അയ്യങ്കാളി, ഇഎംഎസ്, എകെജി, എം.എൻ.ഗോവിന്ദൻനായർ, പി.കെ.വാസുദേവൻനായർ എന്നിവരുടെ പ്രതിമകളിലും പന്ന്യൻ പുഷ്പാർച്ചന നടത്തും. തുടർന്നു കുടപ്പനക്കുന്ന് ജംക്‌ഷനിൽനിന്നു പ്രകടനമായാണു കലക്ടറേറ്റിലെത്തുക. ഇന്നലെ പന്ന്യൻ വഞ്ചിയൂർ കോടതി സമുച്ചയം, പേരൂർക്കടയിലെ ഹിന്ദുസ്ഥാൻ ലാറ്റക്സ്, പാപ്പനംകോട് സിഎസ്ഐആർ റിക്രിയേഷൻ ക്ലബ് എന്നിവിടങ്ങളിലെത്തി വോട്ടഭ്യർഥിച്ചു. പാറ്റൂരിൽ കെ.ഇ.മാമന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. പന്ന്യന്റെ മണ്ഡലംതല പര്യടന പരിപാടിക്കു നാളെ തുടക്കമാകും. പാറശ്ശാല അരുവിപ്പുറത്ത് എസ്.രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും.

കടൽക്ഷോഭം നേരിട്ട പൂവാർ, കരംകുളം, പുല്ലുവിള, പുതിയതുറ, കൊച്ചുതുറ മേഖലകളിൽ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ സന്ദർശനം നടത്തി. കള്ളക്കടൽ പ്രതിഭാസത്തിൽ നഷ്ടമുണ്ടായ തീരദേശവാസികൾക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു സഹായം നൽകണമെന്ന് ആവശ്യപ്പെട്ടു. ‘തരൂർ വിഭാവനം ചെയ്യുന്ന അനന്തപുരി’ എന്ന പ്രമേയത്തിൽ കെപിസിസി ഇൻഡസ്ട്രീസ് സെൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത തരൂർ, ‘കോഫി വിത്ത് തരൂർ’ എന്ന പേരിൽ കവടിയാർ കോഫി ഡേയിൽ സംഘടിപ്പിച്ച യുവജനസംവാദത്തിലും പങ്കാളിയായി.

നേമം നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിലും പങ്കെടുത്തു. ഇന്നു ടെക്നോ പാർക്കിലും നന്ദൻകോടും തമ്പാനൂരും വിവിധ കൂട്ടായ്മകളിൽ പങ്കെടുക്കും.രാജീവ് ചന്ദ്രശേഖർ കഴക്കൂട്ടം മേഖലയിൽ സന്ദർശനത്തോടെയാണ് ഇന്നലെ പ്രചാരണ പരിപാടി തുടങ്ങിയത്. ആയുർവേദ ഡോക്ടർമാരുടെയും മുതിർന്ന പൗരൻമാരുടെയും കൂട്ടായ്മകളിൽ പങ്കെടുത്തു. വട്ടിയൂർക്കാവ് മേഖലയിലും പ്രചാരണം നടത്തി. പൗഡിക്കോണത്ത് മഹിളാ സമ്മേളനത്തിലെത്തിയ രാജീവ്, ചെങ്കോട്ടുകോണത്തു തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു. പ്രവാസി നിവാസി പാർട്ടിയുടെ സ്വീകരണ പരിപാടിയിലും പങ്കെടുത്തു.

ആറ്റിങ്ങൽ
ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർഥി വി.ജോയ് നാളെയും യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് 4നും പത്രിക നൽകും. എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ 30നു നൽകിയിരുന്നു.

യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് ഇന്നലെ  ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. രാവിലെ  ചിറയിൻകീഴ് ശാർക്കര ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച പര്യടനം മണനാക്കിലാണു സമാപിച്ചത്. ഇന്നു വാമനപുരം നിയോജക മണ്ഡലത്തിലെ വിവിധ ജംക്‌ഷനുകൾ സന്ദർശിക്കും. രാവിലെ 8നു തേമ്പാമൂട്ടിൽ നിന്ന് ആരംഭിക്കുന്ന പര്യടനം വൈകിട്ട് മാണിക്കൽ ജുമാ മസ്ജിദിൽ സംഘടിപ്പിക്കുന്ന നോമ്പു തുറക്കലിൽ പങ്കെടുത്തു കൊണ്ട് സമാപിക്കും. 
∙ എൽഡിഎഫ് സ്ഥാനാർഥി വി.ജോയി ഇന്നലെ ചിറയിൻകീഴ് , ആറ്റിങ്ങൽ നിയോജക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികളെ കണ്ട് വോട്ട് അഭ്യർഥിച്ചു. ഇന്നു വാമനപുരം നിയോജക മണ്ഡലത്തിൽ വാഹന പര്യടനം നടത്തും . രാവിലെ 8നു മിതൃമലയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം രാത്രി വലിയ കട്ടയ്ക്കാലിൽ അവസാനിക്കും.
∙ എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ ഇന്നലെ ശാർക്കര ക്ഷേത്രത്തിലും വെള്ളനാട് ഭഗവതി ക്ഷേത്രത്തിലും സന്ദർശനം നടത്തി. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാലിൽ ടാർ മിക്സിങ് യൂണിറ്റിനെതിരെ സമരം നടത്തുന്ന പ്രദേശവാസികളെ സന്ദർശിച്ചു. മലയിൽകീഴ് എൻഡിഎ തിരഞ്ഞെടുപ്പ് കൺവൻഷനിലും അദ്ദേഹം പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com