സ്മാർട് റോഡ്: മന്ത്രി പറഞ്ഞിട്ടും ഫലിച്ചില്ല; റോഡ് നിർമാണം മാർച്ച് 31ന് മുൻപ് തീർക്കാൻ കഴിഞ്ഞില്ല
Mail This Article
തിരുവനന്തപുരം∙ നഗരത്തിലെ സ്മാർട്ട് റോഡുകളുടെ നിർമാണം മാർച്ച് 31ന് അകം പൂർത്തിയാക്കുമെന്നു മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത് വെറുതെയായി. ഓവർബ്രിജ്–ഉപ്പിടാംമൂട്, ചെന്തിട്ട–അട്ടക്കുളങ്ങര, തൈക്കാട് ശാസ്താ ക്ഷേത്രം– മോഡൽ സ്കൂൾ ജംക്‌ഷൻ, ഫോറസ്റ്റ് ഓഫിസ് ജംക്‌ഷൻ– ബേക്കറി ജംക്‌ഷൻ , ജനറൽ ആശുപത്രി– വഞ്ചിയൂർ റോഡുകൾ പൂർത്തിയാകാൻ ഇനിയും കാത്തിരിക്കണം. വെട്ടിപ്പൊളിച്ചിട്ട റോഡുകളിൽ ജനം മാസങ്ങളായി നരകയാതന അനുഭവിക്കുമ്പോഴും റോഡ് പണി ഇഴഞ്ഞു നീങ്ങുകയാണ്. തൈക്കാട് ശാസ്താ ക്ഷേത്രം– മോഡൽ സ്കൂൾ ജംക്‌ഷൻ റോഡ് ഫെബ്രുവരി 22ന് ഗതാഗത യോഗ്യമാക്കുമെന്നായിരുന്നു കഴിഞ്ഞ നവംബർ ആറിന് റോഡ് സന്ദർശിച്ച മന്ത്രി റിയാസ് പ്രഖ്യാപിച്ചത്. മന്ത്രി പറഞ്ഞ സമയം കഴിഞ്ഞ് ആറാഴ്ച കഴിഞ്ഞിട്ടും പണി പൂർത്തിയായില്ല. അതേ സമയം ഏറെ നാളത്തെ ദുരത്തിനൊടുവിൽ സ്റ്റാച്യു–ജനറൽ ആശുപത്രി റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു.
വൈദ്യുതി, ടെലഫോൺ കേബിളുകൾ ഭൂമിക്കടിയിലാക്കിയും നടപ്പാതകളും സൈക്കിൾ വേയും സ്ഥാപിച്ചും 12 റോഡുകളാണ് സ്മാർട് നിലവാരത്തി ലേക്ക് ഉയർത്തുന്നത്. ഫോറസ്റ്റ് ഓഫിസ് ജംക്‌ഷൻ– ബേക്കറി ജംക്‌ഷൻ റോഡ്, അയ്യൻകാളി ഹാൾ റോഡ്, റോഡ് ഹൗസ്– പനവിള റോഡ് (കലാഭവൻ മണി റോഡ്), സ്റ്റാച്യു– ജനറൽ ആശുപത്രി റോഡ്, സ്പെൻസർ – ഗ്യാസ് ഹൗസ് ജംൿഷൻ റോഡ്, തൈക്കാട് ഹൗസ്– കീഴെ തമ്പാനൂർ റോഡ്, നോർക്ക – ഗാന്ധി ഭവൻ റോഡ്, ഓവർ ബ്രിഡ്ജ്– പഴയ കലക്ടറേറ്റ്– ഉപ്പിടാംമൂട് പാലം റോഡ്, ആൽത്തറ – ചെന്തിട്ട റോഡ്, ചെന്തിട്ട– അട്ടക്കുളങ്ങര റോഡ്, മാനവീയം വീഥി, ജനറൽ ആശുപത്രി– വഞ്ചിയൂർ റോഡ് എന്നിവയാണ് ആ റോഡുകൾ. ഇതിൽ മാനവീയം വീഥിയുടേയും കലാഭവൻ മണി റോഡിന്റെയും നിർമാണം മാസങ്ങൾക്കു മുൻപും ജനറൽ ആശുപത്രിയുടെ നിർമാണം കഴിഞ്ഞ ദിവസവും പൂർത്തിയാക്കി. നോർക്ക –ഗാന്ധിഭവൻ റോഡ് പണി വ്യാഴാഴ്ചയോടെ പൂർത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മറ്റു 8 റോഡുകളുടെ നിർമാണമാണ് അനന്തമായി നീളുന്നത്. ചെന്തിട്ട – അട്ടക്കുളങ്ങര റോഡിൽ ഒരു വശത്ത് രണ്ടു മീറ്ററോളും വീതിയിൽ ഓടയും നിർമിക്കേണ്ടതുണ്ട്. ജനറൽ ആശുപത്രി ജംക്‌ഷൻ– വഞ്ചിയൂർ റോഡിൽ ഡക്ടുകളുടെ നിർമാണം എങ്ങുമെത്തിയില്ല. അയ്യൻകാളി ഹാൾ റോഡ് ഒന്നാം ഘട്ട ടാറിങ് നടത്തിയെങ്കിലും നടപ്പാത ഉൾപ്പെടെയുള്ള നിർമാണ പ്രവൃത്തികൾ ഇനിയും ബാക്കിയാണ്. സ്പെൻസർ – ഗ്യാസ് ഹൗസ് ജംക്‌ഷൻ റോഡിന്റെ അവസ്ഥയും സമാനം.
നോർക്ക ജംക്‌ഷൻ മുതൽ ഗാന്ധി ഭവൻ വരെയുള്ള റോഡ് ഗതാഗത്തിനായി ഇന്നലെ തുറന്നു നൽകുമെന്നായിരുന്നു അധികൃതർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ടാറിങ് വൈകിയതോടെ റോഡ് തുറന്നില്ല. മൂന്നു ദിവസത്തിനുള്ളിൽ തുറന്നു നൽകുമെന്നാണ് പുതിയ പ്രഖ്യാപനം. ഈ റോഡിനെ സ്മാർട്ട് ആക്കാനുള്ള നടപടി 2019ൽ ആരംഭിച്ചതാണ്. നോർക്ക ജംക്‌ഷൻ മുതൽ ആർട്സ് കോളജിനു മുന്നിൽ വരെ ഡക്ടുകൾ നിർമിച്ച ശേഷം ആദ്യ കരാറുകാരനെ മാറ്റി. പിന്നീട് മാസങ്ങളോളം നിർമാണ പ്രവർത്തനങ്ങളൊന്നും നടന്നില്ല. രണ്ടു മാസത്തോളം മുൻപ് പുതിയ കരാറുകാരൻ നിർമാണം ഏറ്റെടുത്തു. ആർട്സ് കോളജ് മുതൽ ഗാന്ധി ഭവൻ വരെയുള്ള റോഡ് പൊളിച്ചാണു പണി നടത്തിയത്.